ഇ.വി കമ്പനികൾ വിലയിൽ തട്ടിപ്പ് നടത്തുന്നതായി ആരോപണം; അന്വേഷണവുമായി അധികൃതർ

രാജ്യത്തെ ഇ.വി നിർമാതാക്കൾ സബ്സിഡിക്കായി തട്ടിപ്പ് നടത്തിയതായി സൂചന. സർക്കാർ സബ്സിഡി പ്രയോജനപ്പെടുത്താനായി തങ്ങളുടെ ഉല്‍പന്നങ്ങളുടെ വിലയില്‍ കൃത്രിമം കാണിച്ചു എന്നാണ് നാല് കമ്പനികൾക്കെതിരേ ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാറുകളും നല്‍കി വരുന്നതാണ് സബ്‌സിഡികള്‍. പല ഇ.വി നിര്‍മാതാക്കളും ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നതായി അടുത്ത കാലത്തായി വാര്‍ത്തകള്‍ വന്നിരുന്നു. ഹീറോ ഇലക്ട്രിക് സബ്‌സിഡി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിട്ടിരുന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടി.വി.എസ് മോട്ടോര്‍, ഹീറോ വിദ എന്നീ കമ്പനികളാണ് സര്‍ക്കാര്‍ അന്വേഷണത്തിന്റെ റഡാറിന് കീഴില്‍ വന്നിരിക്കുന്നത്.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പ്രോഗ്രാമിന് കീഴിലുള്ള സബ്സിഡികള്‍ക്ക് യോഗ്യത നേടുന്നതിനായി പ്രമുഖ ഇവി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് വിലകുറച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുകയാണെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇവി നിര്‍മ്മാതാക്കള്‍ കുറഞ്ഞത് 300 കോടി രൂപയുടെ സബ്‌സിഡി തെറ്റായി രീതിയില്‍ കൈപ്പറ്റിയിട്ടിട്ടുണ്ടാകാമെന്നാണ് അവര്‍ പറയുന്നത്.


വാഹനങ്ങളുടെ വില നിർണയിക്കുമ്പോൾ ചാര്‍ജര്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ തുടങ്ങിയ അവശ്യ ഘടകങ്ങള്‍ക്ക് പ്രത്യേക ബില്ലിട്ടാണ് വാഹനങ്ങളുടെ വില കുറച്ച് കാണിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇങ്ങി​നെ ഈ നാല് കമ്പനികളും കുറഞ്ഞത് 300 കോടിയുടെ സബ്സിഡി തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം ഇ.വി നിര്‍മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയെയാണ് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫെയിം പദ്ധതിക്ക് കീഴിലുള്ള പ്രാദേശികവല്‍ക്കരണ പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡസനോളം ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളും സര്‍ക്കാറിന്റെ പ്രത്യേക നിരീക്ഷണത്തിലാണെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡായ ഒല ഇലക്ട്രിക് മാത്രമാണ് പരാതിയില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച ഇവി സ്റ്റാര്‍ട്ടപ്പ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ നിന്ന് നിലവില്‍ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ആരോപണവിധേയരായ മറ്റ് മൂന്ന് ഇവി നിര്‍മ്മാതാക്കള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Ola, Ather, TVS & Vida under scanner for subsidy misuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.