ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഇലക്ട്രിക് സെഗ്മെന്‍റിൽ ചുവടുറപ്പിക്കാന്‍ തയാറെടുത്ത് ഒല. സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഒല ഇലക്ട്രിക് ബൈക്കിന്റെ ടീസര്‍ കമ്പനി പുറത്തു വിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനിയാണ് പുതിയ ചുവടുവെപ്പു നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇ.വി സ്‌കൂട്ടര്‍ വിപണിയില്‍ വലിയ പങ്ക് ഒലക്ക് സ്വന്തമാണ്. ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലേക്ക് ഒലകൂടി എത്തുന്നതോടെ കടുത്ത മത്സരത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
ബൈക്കിന്റെ 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണു കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഇതിലൂടെ ഇലക്ട്രിക് ബൈക്കിന്റെ പല സവിശേഷതകളും മനസിലാക്കാനാകും. ഹെഡ് ലൈറ്റിന്റെ സവിശേഷതകളാണ് പ്രധാനമായും ടീസറിലൂടെ വ്യക്തമാകുന്നത്. വൃത്താകൃതിയിലുള്ള രണ്ട് എൽ.ഇ.ഡി ബള്‍ബുകളുള്ള ഹെഡ് ലൈറ്റിന്റെ മുകളിലായി ഒരു എല്‍.ഇ.ഡി സ്ട്രിപ് നല്‍കിയിരിക്കുന്നത് ടീസറില്‍ വ്യക്തമാണ്. ഹെഡ് ലൈറ്റിനോടു ചേര്‍ന്ന് വശങ്ങളിലേക്കുള്ള ഭാഗം ഇന്‍ഡിക്കേറ്ററുകളാകാനാണു സാധ്യത. ഒറ്റ നോട്ടത്തില്‍ എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിനോട് സാമ്യമുള്ള രൂപമാണ് ബൈക്കിന്റേത്.
പരമ്പരാഗത ടെലസ്‌കോപിക് ഫോര്‍ക്കാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഹെഡ് ലൈറ്റിന്‍റെ സമാന്തര ഉയരത്തിലാണ് ടാങ്ക് പാനലുകള്‍ നല്‍കിയിരിക്കുന്നത്. ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഇലക്ട്രോണിക് എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് ഒല ഇ മോട്ടോര്‍സൈക്കിള്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 15ന് നാല് ഇ മോട്ടോര്‍ സൈക്കിള്‍ കണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ മോഡലാണ് ഒല പുറത്തിറക്കുന്നതെന്ന സൂചനയും ടീസറില്‍നിന്നും ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വില്‍പന കണക്കുകളിലും എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഒല ഇലക്ട്രിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.