ഇ.വി സ്കൂട്ടറുകളുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രികിന്റെ ഹൊസൂർ പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. ഉല്‍പ്പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഫാക്ടറിയുടെ ആദ്യത്തെ അടച്ചിടല്‍. 2021 ഒക്ടോബറിൽ ആണ് ഒല ഇലക്ട്രിക് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. ഡിസംബറിൽ മുഴുവൻ സമയ ഉൽപ്പാദനം ആരംഭിച്ചു. ജൂണിൽ, ഏപ്രിലിനെ അപേക്ഷിച്ച് 53.75 ശതമാനവും മെയ് മാസത്തെ അപേക്ഷിച്ച് 36.38 ശതമാനവും വളർച്ചാനിരക്ക് കമ്പനി നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒല ഫ്യൂച്ചര്‍ ഫാക്ടറി
തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി സ്ഥിതിചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ടൂവീലർ ഫാക്ടറി തങ്ങളുടേതാണെന്നാണ് ഒലയുടെ അവകാശവാദം. 500 ഏക്കറിൽ പ്രതിവർഷം ഒരു കോടി യൂനിറ്റുകൾ പുറത്തിറക്കാൻ കഴിയുന്ന ജംബോ ഫാക്ടറിയിൽ 3000-ലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് സെക്കന്റിൽ ഒരു സ്‌കൂട്ടർ എന്ന നിലയിലാണ് ഇവിടെ ഉൽപാദനം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം 2021 ജൂണിലാണ് പൂർത്തിയായത്. ഇവിടെ നിന്ന് ആദ്യ സ്‌കൂട്ടർ 2021 ആഗസ്റ്റ് 15-ന് പുറത്തിറങ്ങി.
ദുരൂഹമായ തീപിടിത്തങ്ങൾ
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ബുക്കിങുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി ഒല ഇ.വി തരംഗമായിരുന്നു. എന്നാല്‍, നിരത്തില്‍ എത്തിയതോടെ അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിഞ്ഞു. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിങ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ഫോർവേഡ് മോഡിൽ ആയിരുന്നിട്ടും സ്‌കൂട്ടർ തനിയെ റിവേഴ്‍സ് ഓടിയതും വാര്‍ത്തയായിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു.
അടച്ചിടാൻ ഒല പറയുന്ന കാരണം
വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് താല്‍ക്കാലികമായി പ്ലാന്‍റ് അടച്ചുപൂട്ടുന്നത് എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എന്നാൽ സ്‍കൂട്ടറുകള്‍ പ്ലാന്‍റില്‍ കുമിഞ്ഞുകൂടിയതാണ് കാരണം എന്ന് വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാന്‍റില്‍ ഇപ്പോൾ 4000 യൂനിറ്റ് സ്‍കൂട്ടറുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് യൂനിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കാത്തിരിക്കുമ്പോഴാണിത്. ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നതിന് മുമ്പ്, കമ്പനി പ്രതിദിനം 100 സ്‍കൂട്ടറുകൾ നിർമ്മിച്ചിരുന്നു. ഇത് പ്ലാന്റിന്റെ നിലവിലെ പരമാവധി ഉല്‍പ്പാദന ശേഷിയായ 600 യൂനിറ്റിനേക്കാൾ കുറവാണ്. അതേസമയം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായുള്ള വാർത്തകൾ ഒല നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.