കിലോമീറ്ററിന് 75 പൈസ മാത്രം ചിലവ്; രാജ്യത്തെ ആദ്യ പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ അവതരിപ്പിച്ചു

രാജ്യത്ത് പുതിയൊരു വാഹന വിഭാഗം അവതരിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്. മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പി.എം.വി ഇലക്ട്രിക് അവരുടെ ആദ്യ ഇ.വി അവതരിപ്പിച്ചത്. പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ എന്നാണ് തങ്ങളുടെ വാഹനങ്ങളെ കമ്പനി വിളിക്കുന്നത്. ഇ.എ.എസ് ഇ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് 4. 79 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന്റെ വില. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വി.വി കാർ എന്ന ഖ്യാതി ഇനിമുതൽ ഇ.എ.എസ് ഇക്ക് സ്വന്തമായിരിക്കും.

120,160,200 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് റേഞ്ച് ഓപ്ഷനുകളിൽ ഇ.വി ലഭ്യമാണ്. ക്വാഡ്രിസൈക്കിളിൽ എന്ന വിഭാഗത്തിൽപ്പെടുന്ന വാഹനത്തിൽ രണ്ട് മുതിർന്നവർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. ഇ.എ.എസ് ഇയിലെ മോട്ടോർ 13hpകരുത്തും 50Nm ടോർക്കും ഉത്പാദിപ്പിക്കും.

വാഹനത്തിന്റെ പ്രീ-ഓർഡറുകൾ 2,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും അന്താരാഷ്‌ട്ര വിപണികളിൽ നിന്നും ഇതിനകം 6,000-ത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചതായി പി.എം.വി ഇലക്ട്രിക് പറയുന്നു. കമ്പനിയുടെ പൂണെ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. 2023 പകുതിയോടെ ഡെലിവറി ആരംഭിക്കും. മൂന്ന് വർഷം/ 50,000 കിലോമീറ്റർ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്.


നാല് ഡോർ വാഹനമാണിത്. രണ്ട് യാത്രക്കാർക്കും വാഹനത്തിന്റെ ഇരുവശത്തേക്കും അനായാസം ഇറങ്ങാൻ ഇത് സഹായിക്കും. 48V ലിഥിയം-അയൺ-ഫോസ്ഫേറ്റ് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഓൺബോർഡ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിൽ 15A സോക്കറ്റ് ഉപയോഗിച്ച് ഇ.വി ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനം പ്രവർത്തിപ്പിക്കുന്നതിന് കിലോമീറ്ററിന് 75 പൈസയിൽ താഴെയായിരിക്കും ചിലവെന്നാണ് പി.എം.വി അവകാശപ്പെടുന്നത്.

IP67-റേറ്റുചെയ്ത പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ 13എച്ച്പിയും 50എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മോട്ടോൾ മുൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കും. വാഹനത്തിന് 5 സെക്കൻഡിൽ 0-40kph വേഗത കൈവരിക്കാനാവും. പരമാവധി വേഗം 70kph ആണ്.

ഈ ഇലക്ട്രിക് മൈക്രോകാറിന് 2,915 എംഎം നീളവും 1,157 എംഎം വീതിയും 1,600 എംഎം ഉയരവുമുണ്ട്. വീൽബേസ് 2,080 എംഎംആണ്. ഗ്രൗണ്ട് ക്ലിയറൻസ് 170 എംഎം. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചെറിയ വാഹനങ്ങളിൽ ഒന്നാണ് ഇ.എ.എസ്-ഇ. ഇന്ത്യയിലെ ഏറ്റവും ചെറിയ കാറുകളിൽ ഒന്നായിരുന്ന ടാറ്റ നാനോക്ക് 3,099 എംഎം നീളവും 1,495 എംഎം വീതിയും 1,652 എംഎം ഉയരവും, 2,230 എംഎം വീൽബേസും 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും ആയിരുന്നു. അതിനേക്കാൾ ചെറിയ വാഹനമാണിത്.


നഗരവാസികൾക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കാനാകുന്ന വാഹനമാണിതെന്ന് പി.എം.വി ഇലക്ട്രിക് പറയുന്നു. കോം‌പാക്റ്റ് "സ്‌മാർട്ട് കാർ" ഡിസൈനാണ് വാഹനത്തിന്. ക്ലാംഷെൽ ബോണറ്റ്, എൽ.ഇ.ഡി, ഡി.ആർ.എൽ ഉള്ള ചതുരാകൃതിയിലുള്ള ഗ്രിൽ, വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പ് യൂനിറ്റുകൾ, വിൻഡ്‌സ്‌ക്രീൻ എന്നിവ നൽകിയിട്ടുണ്ട്.

വലിയ വിൻഡോ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ഫുൾ-വിഡ്ത്ത് ടെയിൽലൈറ്റ് എന്നിവയും വാഹനത്തിലുണ്ട്. മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ഫാബ്രിക് അപ്‌ഹോൾസ്റ്ററിയും ഉള്ള രണ്ട് സീറ്റുള്ള മൈക്രോ ഇ.വി ആണ് ഇ.എ.എസ്-ഇ. ക്രൂസ് കൺട്രോൾ, പവർ വിൻഡോകൾ, മാനുവൽ എ.സി എന്നിവയ്‌ക്കൊപ്പം റിമോട്ട് കീലെസ് എൻട്രിയും ഉണ്ടാകും. മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ,

എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓൺബോർഡ് നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമുള്ള ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.


ഒന്നിലധികം ഡ്രൈവിങ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിങ്, സിംഗിൾ-പെഡൽ ഡ്രൈവിങ്, റിമോട്ട് പാർക്കിങ് അസിസ്റ്റ്, ക്രൂസ് കൺട്രോൾ, ഫോളോ-മീ-ഹോം ലൈറ്റുകൾ, റിമോട്ട് കണക്റ്റിവിറ്റി വിത് 4G എന്നിവയോടൊപ്പം ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വാഹനത്തിന് ലഭിക്കുമെന്നും പി.എം.വി പറയുന്നു.

Tags:    
News Summary - PMV Eas-E electric microcar launched at Rs 4.79 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.