ലോകത്തിലെ ഏറ്റവും വേഗമേറിയ ലീഗൽ പ്രൊഡക്ഷൻ കാർ എന്ന അഭിമാനകരമായ റെക്കോർഡ് സ്വന്തമാക്കി പോർഷെ 911 ജിടി 2 ആർ.എസ്. ജർമനിയിലെ ന്യൂറംബർഗിലാണ് പുതിയ ലാപ് റെക്കോർഡ് സൃഷ്ടിക്കപ്പെട്ടത്. റേസിങ് ഡ്രൈവറായ ലാർസ് കെൻ ആണ് പോർഷെ ഒാടിച്ചത്. പെർഫോമൻസ് കിറ്റ് പിടിപ്പിച്ച 911 ആണ് റെക്കോർഡ് സ്വന്തമാക്കിയത്. പോർഷെയുടെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്ത മാന്തേ പെർഫോമൻസ് കിറ്റാണ് കാറിൽ ഉപയോഗിച്ചത്.
20.8 കിലോമീറ്റർ നീളമുള്ള ന്യൂബർബർഗ് സർക്യൂട്ടിൽ 6 മിനിട്ട് 43 സെക്കൻഡിലാണ് പോർഷെ ഫിനിഷ് ചെയ്തത്. നിലവിലുള്ള 6 മിനിട്ട് 48 സെക്കൻഡാണ് പഴങ്കഥയായത്. 'ഞങ്ങളുടെ ജി.ടി ഉപഭോക്താക്കൾ പലപ്പോഴും ട്രാക്കുകളിൽ വാഹനം ഉപയോഗിക്കാറുണ്ട്. പെർഫോമൻസ് കമ്പനിയായ മാന്തെയും പോർഷെയും ചേർന്ന് ഒരുമിച്ച് ട്യൂൺ ചെയ്ത ഒരു പാക്കേജ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതാണ് 911 നെ ഉയർന്ന പ്രകടനം നൽകാൻ സഹായിച്ചത്'-പോർഷെ മോഡൽ ലൈൻസ് വൈസ് പ്രസിഡൻറ് ഫ്രാങ്ക് സ്റ്റെഫെൻ വാലിസർ പറയുന്നു.
പുതുക്കിയ ഷാസി, എയറോഡൈനാമിക് ബ്രേക്ക് ഘടകങ്ങൾ, ലൈറ്റ് മഗ്നീഷ്യം അലോയ് വീലുകൾ തുടങ്ങിയവ പെർഫോമൻസ് കിറ്റിൽ ഉൾപ്പെടുന്നു. വേനൽക്കാലമായതിനാൽ ട്രാക്ക് താപനില 41 ഡിഗ്രി വരെ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ലാർസ് കെന്നിനെ റെക്കോർഡ് തകർക്കുന്നതിൽ നിന്ന് തടയാൻ പര്യാപ്തമായില്ല.
'911 ജിടി 2 ആർഎസ് പെർഫോമൻസ് കിറ്റിനൊപ്പം വല്ലാതെ ഇഴുകിച്ചേരുന്നുണ്ട്. ട്രാക്കിൽ പറ്റിനിൽക്കുന്ന അനുഭവമായിരുന്നു വാഹനം ഒാടിക്കുേമ്പാൾ ഉണ്ടായത്. ഒരു റേസിങ് കാറിലേക്കാൾ സുരക്ഷ നിങ്ങൾക്ക് 911ൽ അനുഭവിക്കാനാകും. പ്രത്യേകിച്ച് വളവുകളിൽ വേഗത നിലനിർത്തുന്നതിൽ വാഹനത്തിെൻറ കഴിവ് അത്ഭുതപ്പെടുത്തും. അവിശ്വസനീയമാംവിധം ബ്രേക്ക് ചെയ്യുന്ന വാഹനവുമാണിത്'-ലാർസ് കെൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.