നിരത്തുകളില്‍ മിന്നലാകാന്‍ പോര്‍ഷെ മകാന്‍ ഇ.വി; പുതിയ രണ്ട് വേരിയന്‍റുകൾ കൂടി

നിരത്തുകളില്‍ തരംഗമാകാന്‍ പോര്‍ഷെ മകാന്‍ ഇ.വിയുടെ രണ്ട് പുതിയ വേരിയന്റുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ ആര്‍.ഡബ്ല്യു-ഡി വേരിയന്റ്, ഓപ്ഷണല്‍ ഓഫ്‌റോഡ് ഡിസൈന്‍ എന്നീ പാക്കേജുകളില്‍ ആണ് വാഹനം ലഭ്യമാക്കിയിരിക്കുന്നത്. ആഡംബര ഇ-എസ്‌.യു.വി ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചത് ഒരൊറ്റ ടര്‍ബോ ട്രിമ്മിലാണ്, വിലയും ഇപ്പോള്‍ കൂടിയിട്ടുണ്ട്. മകാന്‍ ഇ.വിയുടെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.23 കോടി രൂപയാണ് വില, അതേസമയം 1.39 കോടി രൂപ വിലയുള്ള പുതിയ 4 എസ് വേരിയന്റും ലഭ്യമാണ്. മകാന്‍ ടര്‍ബോ ഇ.വിയുടെ വില 1.65 കോടി രൂപയില്‍നിന്ന് 1.69 കോടി രൂപയായി ഉയർന്നു.

എന്‍ട്രി ലെവല്‍ വേരിയന്റില്‍ നല്‍കിയിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍, റിയര്‍-വീല്‍ ഡ്രൈവ് സുഖമമാക്കുന്നു. മോട്ടോര്‍ 360 എച്ച്.പിയും 563 എന്‍.എം ടോര്‍ക്കും പുറപ്പെടുവിക്കുന്നതോടൊപ്പം വാഹനത്തെ 5.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. 220 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ മകാന്‍ ഇ.വിക്ക് സാധിക്കും. മിഡ്-ലെവല്‍ മകാന്‍ 4 എസ് ഇ.വിയില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് 516 എച്ച്.പി (പവര്‍ ഓവര്‍ബൂസ്റ്റിനൊപ്പം), 820 എന്‍.എം പീക്ക് ടോര്‍ക്കും ഉൽപാദിപ്പിക്കുന്നു. മകാന്‍ 4 എസ് ഇ.വി 4.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 240 കിലോമീറ്റര്‍ ആണ്.

പുതിയ 20 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ക്കൊപ്പം സ്ലേറ്റ് ഗ്രേ നിയോ എന്ന കളര്‍ ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ടയറുകള്‍ അപ്രോച്ച് ആംഗിള്‍ കൂട്ടുകയും ഗ്രൗണ്ട് ക്ലിയറന്‍സ് 10 എം.എം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

100 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് മകാനില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജ്ജില്‍ മകാന്‍ ടര്‍ബോ ഇ.വി 591 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ മകാന്‍ 4 എസ് ഇ.വി 606 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 641 കിലോമീറ്റര്‍ വരെയുള്ള ഏറ്റവും ഉയര്‍ന്ന ശ്രേണിയാണ് എന്‍ട്രി ലെവല്‍ മകാന്‍ ഇ.വി അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാര്‍ജർ ഉപയോഗിച്ച് മകാന്‍ ഇ.വിയുടെ ബാറ്ററി 21 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. മറ്റ് മുന്‍നിര ആഡംബര ഇ.വി വാഹനങ്ങള്‍ക്ക് ശക്തനായ എതിരാളിയാകാനുള്ള ഒരുക്കത്തിലാണ് പോര്‍ഷേ ഇന്ത്യ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന വാഹനത്തിന്റെ ഡെലിവറി ഈ വര്‍ഷം അവസാനം ആരംഭിക്കും.

Tags:    
News Summary - Porsche Macan EV gets two new variants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.