ന്യൂഡൽഹി: റെയിൽവേ പ്ലാറ്റ്ഫോമിൽ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റെയിൽവെ ജീവനക്കാരനായ മയൂർ ശഖറാം ഷെൽക്കെക്ക് ജാവയുടെ ആദരം. നേരത്തേ പ്രഖ്യാപിച്ചിരുന്നപോലെ ജാവ ബൈക്ക് മയൂർ ഷെൽക്കെക്ക് സമ്മാനമായി നൽകി. ജാവ ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്. ബൈക്ക് ഏറ്റുവാങ്ങിയ ഷെൽെക്കയുടെ ചിത്രവും ജാവമോട്ടോർസൈക്കിൾസ് എന്ന ട്വിറ്റർ ഹാൻഡിലിൽ നൽകിയിട്ടുണ്ട്. ജാവ ഹീറോസ് സംരംഭത്തിൽ ഉൾപ്പെടുത്തിയാണ് മയൂർ ഷെൽക്കക്ക് പുതിയ ജാവ 42 നൽകിയത്.
മുംബൈയ്ക്കടുത്തുള്ള വംഗാനി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ്മാൻ ആയി ജോലിചെയ്യുന്നയാളാണ് മയൂർ ഷെൽക്കെ. ഇവിടെവച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് മയൂറിന് ജാവ സമ്മാനം പ്രഖ്യാപിച്ചത്. റെയിൽവെ പ്ലാറ്റ്ഫോമിലൂടെ അന്ധയായ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാൽ തെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിനിനും അലമുറയിട്ട് കരയുന്ന അമ്മക്കും മുന്നിലേക്ക് ദൈവദൂതനെപ്പോലെ ഷെൽക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കിൽ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ഇടുകയും ചെയ്തു. ഷെൽക്കെയും പിന്നീട് തിരിച്ചുകയറി രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ രാജ്യത്തിന്‍റെ റിയൽ ലൈഫ് ഹീറോ ആയി മയൂർ ഷെൽക്കെ മാറുകയായിരുന്നു.
നെബുല ബ്ലൂ നിറത്തിൽ സ്വർണ്ണ വരകളോടെ പൂർത്തിയാക്കിയ ജാവ 42വിന്‍റെ ഉയർന്ന വകഭേദമാണ് ഷെൽക്കെക്ക് സമ്മാനിച്ചത്. 293 സിസി സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്‌സി ബിഎസ് 6 കംപ്ലയിന്‍റ് എഞ്ചിനാണ് ബൈക്കിനുള്ളത്. 26 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ആണ് ഗിയർബോക്സ്. പിന്നിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്. ഫ്ലോട്ടിങ് കോലിപ്പർ, എബിഎസ് അപ്‌ഫ്രണ്ട്, പിന്നിൽ 153 എംഎം ഡ്രം യൂണിറ്റ് എന്നിവയുള്ള 280 എംഎം ഡിസ്കാണ് ബൈക്കിലെ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്.
ഷെൽക്കയുടെ ധീരപ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. പുണെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിൽ റെയിൽെവയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ എട്ട് മാസത്തോളമായി വംഗാനി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.