കൊച്ചി: പുകവലിച്ചും മദ്യപിച്ചുമെത്തുന്ന റൈഡർമാർക്ക് ഈ ബൈക്ക് ഉപയോഗിക്കാനാകില്ല. അവർ എത്ര ശ്രമിച്ചാലും ഈ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കഴിയില്ല. ഹെൽമെറ്റ് ഉപയോഗിക്കാതെ ഈ വാഹനം ചലിപ്പിക്കാമെന്നുപോലും കരുതേണ്ട. ന്യൂജൻ റൈഡർമാരെ ആകർഷിക്കുംവിധം സൈലൻസറിലൂടെ തീതുപ്പുന്ന സംവിധാനമൊക്കെ ഇതിൽ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായി സുരക്ഷിതത്വം ഉറപ്പാക്കി മികച്ച മൈലേജോടെ ഉപയോഗിക്കാൻ കഴിയുന്ന അമിഗോ ബൈക്ക് തയാറാക്കി റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചത് ചെങ്ങമനാട് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥികളായ മുഹമ്മദ് ഹിലാൽ റോഷനും മുഹമ്മദ് സിനാനും ചേർന്നാണ്.
ഹെൽമെറ്റും ബൈക്കുമായി പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് ഇവിടെ. സെൻസർ വഴി വാഹനമോടിക്കാനെത്തുന്നയാൾ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ബൈക്ക് മനസ്സിലാക്കും. ഇവയുടെ സാന്നിധ്യമുണ്ടെങ്കിൽ ബൈക്ക് സ്റ്റാർട്ടാകില്ല. 18,500 രൂപയാണ് ചെലവ് വന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
100 രൂപക്ക് പെട്രോളടിച്ചാൽ 95 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തെ കഠിനാധ്വാനമാണ് അമിഗോ ബൈക്കിന് പിന്നിലെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.