1.25 ലക്ഷത്തിന് റിവർ ഇൻഡി; ഇത് ഇ.വി സ്കൂട്ടറുകളിലെ എസ്.യു.വി

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്.യു.വി എന്ന വിശേഷണവുമായി റിവര്‍ ഇന്‍ഡി ഇ.വി സ്‌കൂട്ടര്‍ അവതരിപ്പിച്ചു. 1.25 ലക്ഷം രൂപയ്ക്കാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. ഫ്രണ്ട് ഫൂട്‌പെഗുകളുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. വിപുലമായ സ്റ്റോറേജ് സ്‌പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങി അധികം ഫീച്ചറുകളും പുതിയ വാഹനത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഫുള്‍ ചാര്‍ജില്‍ റിവര്‍ ഇന്‍ഡി 120 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. IP67-റേറ്റുചെയ്ത 4kWh ബാറ്ററിയാണ് വാഹനത്തിന്. മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് റിവര്‍ ഇന്‍ഡിക്ക് കരുത്തേകുന്നത്. 6.7kW പവറും 26 Nm ടോര്‍ക്കും ​മോട്ടോർ പുറത്തെടുക്കും. വെറും 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിനാകും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത.


സി.ബി.എസ് സംവിധാനത്തോട് കൂടിയ 240 എം.എം (ഫ്രണ്ട്), 200 എം.എം (റിയര്‍) ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിങ് ഡ്യൂട്ടി നിർവ്വഹിക്കുന്നത്. 165 എം.എം ആണ് റിവര്‍ ഇന്‍ഡിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്‍ഡി ഇ-സ്‌കൂട്ടറിന് 18 ഡിഗ്രി ഗ്രേഡബിലിറ്റിയുണ്ട്. ഏഥര്‍ 450X (20 ഡിഗ്രി) ഇലക്ട്രിക് സ്‌കൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. എന്നാല്‍ ഒലല S1 Pro (15 ഡിഗ്രി) ഇ-സ്‌കൂട്ടറിനേക്കാള്‍ അളവ് കൂടുതലാണ്.

770 എം.എം ആണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റ് ഹൈറ്റ്. യമഹ എയ്‌റോക്‌സ്, അപ്രിലിയ SR എന്നിവയില്‍ കാണപ്പെടുന്ന വലിയ 14 ഇഞ്ച് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.


വാഹനത്തിന് കളര്‍ എല്‍സിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. ഒപ്പം ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് വരവ്. സെഗ്മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റ് ഇന്‍ഡിക്കാണെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു.

മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കണ്ടുവരാത്ത ചില ഫീച്ചറുകളും ഇന്‍ഡിയില്‍ റിവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്പെഗുകളും പോലുള്ളവയാണത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഒന്ന് ഹാന്‍ഡില്‍ബാറിലും ഒന്ന് ഗ്ലോവ്‌ബോക്‌സിലുമാണ് കാണാനാകുക. ഓള്‍-എല്‍ഇഡി ലൈറ്റിംഗാണ് റിവര്‍ ഇന്‍ഡിയിൽ.


25 ലിറ്റര്‍ ടോപ്പ് ബോക്‌സും 40 ലിറ്റര്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാനിയര്‍ സെറ്റും പോലുള്ള ആഡ്-ഓണ്‍ ലഗേജ് ഓപ്ഷനുകളും ഇതിന് ലഭിക്കുന്നു.റിവര്‍ ഇന്‍ഡിക്ക് ബജാജ് ചേതക്, ഒലല S1 പ്രോ, ഏഥര്‍ 450X എന്നിവയേക്കാള്‍ വില കുറവാണ്. എന്നാല്‍ ടിവിഎസിന്റെ ഐക്യൂബ് എസിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഏഥറിനെ പോലെ സ്‌പോര്‍ട്ടിയായിട്ടല്ല, മറിച്ച് ചേതക്കിനെയും ഐക്യൂബിനെയും പോലെ ദൈനംദിന ഉപയോഗത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്.

ബാറ്ററിക്കും സ്‌കൂട്ടറിനും 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റിയും റിവര്‍ വാഗ്ദാനം ചെയ്യുന്നു. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നീ നിറങ്ങളില്‍ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം. ചാര്‍ജര്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില. കമ്പനി വെബ്‌സൈറ്റിലൂടെ ഇന്നുമുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. 2023 ഓഗസ്റ്റില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലായിരിക്കും റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കപ്പെടുക. അടുത്ത വര്‍ഷം രാജ്യത്തെ മറ്റ് 50 നഗരങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.

Tags:    
News Summary - River Indie electric scooter launched at Rs 1.25 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.