ഇന്ത്യൻ ക്ലാസിക് ബൈക്കുകളിലെ മുടിചൂടാമന്നനാണ് റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350. ക്ലാസികിനോളം ആരാധകർ രാജ്യത്ത് മറ്റൊരു ബൈക്കിനും ഉണ്ടാകാനുമിടയില്ല. ഹോണ്ടയും ബജാജും യെസ്‌ഡിയും ജാവയും വരെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും റോയലിന്റെ കുത്തകക്ക് ഒരുപോറൽ പോലും ഏൽപ്പിക്കാൻ ആയിട്ടില്ല. ബജാജ്-ട്രയംഫ് കൂട്ടുകെട്ട്, ഹാർലി-ഹീറോ പങ്കാളിത്തം, ടിവിഎസ്-ബിഎംഡബ്ല്യു ബന്ധം എന്നിങ്ങനെ പല പരീക്ഷണങ്ങളും ഇപ്പോഴും വിപണിയിൽ സജീവമാണ്. എങ്കിലും ക്ലാസിക് 350 യുടെ തട്ട് താണുതന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്.
എതിരാളികൾ വർധിച്ചതോടെ നേരത്തെ ഉണ്ടായിരുന്ന പോരായ്‌മകൾ നികത്തിയാണ് റോയൽ എൻഫീൽഡ് ഇപ്പോൾ വിവിധ മോഡലുകൾ ഇറക്കുന്നത്. 450 സി.സി എന്നൊരു പുതിയ വിഭാഗത്തെ കൂടി അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഇപ്പോഴുള്ളത്. ഹിമാലയനായിരിക്കും ഇതിന്റെ തുടക്കം. അതോടൊപ്പം തന്നെ 650 ശ്രേണിയെ ഒന്നുകൂടി വിപുലീകരിക്കാനുള്ള നീക്കങ്ങളും എൻഫീൽഡ് തുടങ്ങി കഴിഞ്ഞു.
ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ എന്നീ മോഡലുകളാണ് 650 സി.സി വിഭാഗത്തിൽ റോയലിനുള്ളത്. ഇതിലേക്ക് ക്ലാസിക് 650 കൂടി വരുന്നു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങൾ പുരോഗമിക്കുകയാണ്. ക്ലാസിക് ബുള്ളറ്റ് 650 സി.സി പാരലൽ ട്വിൻ ലോകത്തേക്ക് വരുമ്പോൾ ആരാധകൾ ഏറെ ആഹ്ലാദത്തിലാണ്. ക്ലാസിക് 350 പതിപ്പുമായി സാമ്യമുള്ള വാഹനമാണ് 650 സി.സിയും. ക്രോമിന്റെ അതിപ്രസരം വാഹനത്തിൽ കാണാം.ഒപ്പം വയർ-സ്‌പോക്ക് വീലുകളും ക്ലാസിക് ശൈലി ഉയർത്തിപ്പിടിക്കുന്നു.
ഉള്ളിലേക്ക് കയറിയിരിക്കുന്ന വിധത്തിലുള്ള ക്ലിയര്‍ലെന്‍സ് ഹെഡ് ലാംപ്, സ്റ്റീല്‍ റിം വീലുകള്‍ എന്നിവയെല്ലാം വാഹനത്തിനു തനതായ ക്ലാസിക് ശൈലി നല്‍കും. 350 സിസി മോഡലില്‍നിന്നു വ്യത്യസ്തമായത് മറ്റ് 650 സിസി മോഡലുകളിലേതിനു സമാനമായ എല്‍ഇഡി ഹെഡ്‌ലാംപാണ്. പ്രചരിക്കുന്ന ചിത്രങ്ങളിൽ ടെലിസ്‌കോപിക് ഫോര്‍ക്കാണ് മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നില്‍ ഇരട്ട ഷോക് അബ്‌സോര്‍ബറുകളും കാണാം.
ഡീട്യൂണ്‍ ചെയ്ത 650 സിസി എന്‍ജിനായിരിക്കണം ഈ മോഡലിനു കരുത്ത് പകരുന്നത്. വാഹനം വിപണിയിലെത്തിയാല്‍ 650 ട്വിന്‍ മോഡലുകള്‍ക്കും ക്രൂസര്‍ മോഡലായ സൂപ്പര്‍ മിറ്റിയറിനും ഇടയിലാകും സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.