റോയൽ എൻഫീൽഡ് ബുള്ളറ്റും ഇലക്ട്രിക് ആകും; ഇ.വി സ്വപ്നം പങ്കുവച്ച് ആരാധകരുടെ പ്രിയ കമ്പനി

ഇന്ത്യക്കാരുടെ പ്രിയ വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇ.വി സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കുന്നു. എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് വാഹനം 2024ൽ പുറത്തിറക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. കൃത്യമായി പറഞ്ഞാൽ വരുന്ന 18-24 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനാണ് എൻഫീൽഡ് ലക്ഷ്യമിടുന്നത്.

റോയൽ എൻഫീൽഡിൽ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഉമേഷ് കൃഷ്ണപ്പ എന്ന ടെക്നീഷ്യനാണ്. ഒല ഇലക്ട്രിക്കിൽ സി.ടി.ഒ (ചീഫ് ടെക്നോളജി ഓഫീസർ) സ്ഥാനത്ത് ജോലി ചെയ്തിരുന്ന ഉമേഷ് കൃഷ്ണപ്പ അടുത്തിടെയാണ് എൻഫീൽഡിലേക്ക് വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സീറോ എമിഷൻ മൊബിലിറ്റി എന്ന ലക്ഷ്യത്തിൽ റോയൽ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും യുകെയിലും ഇലക്ട്രിക് വാഹന ബിസിനസിനായി ഒരു ടീമും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്.

ഇ.വി വികസനത്തിനായി റോയൽ എൻഫീൽഡ് 150 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ആന്തരികമായി 'എൽ' എന്ന കോഡ്നെയിമിലുള്ള ഒരു ഇ.വി പ്ലാറ്റ്‌ഫോമിന്റെ നിർമാണത്തിനായുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. 2024-ന്റെ രണ്ടാം പകുതിയിൽ വിപണിയിൽ പ്രവേശിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ, ഇ.വികളിൽ നിന്ന് പ്രതിവർഷം 1.2 മുതൽ 1.8 ലക്ഷം യൂനിറ്റ് വരെ ബിസിനസ് സാധ്യതകൾ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോള തലത്തിലേക്കാണ് പുതിയ ഇ.വി പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആദ്യ ഇ.വിയുടെ പ്രോട്ടോടൈപ്പ് അടുത്ത 12 മാസത്തിൽ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ‘ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സമീപനം വളരെ വ്യത്യസ്തമാണ്. വിപണിയെയും ഉപഭോക്താക്കളെയും പഠിക്കാനും മനസ്സിലാക്കാനും ഞങ്ങൾ ഗണ്യമായ സമയം ചെലവഴിക്കുന്നുണ്ട്. ഞങ്ങളുടെ ഇ.വി പോർട്ട്‌ഫോളിയോയിലും ബിസിനസ് മോഡലിലും ഞങ്ങൾ തന്ത്രപരമായി പ്രവർത്തിക്കുന്നു, കൂടാതെ ഈ വിഭാഗത്തിൽ ആഴത്തിലുള്ള നിക്ഷേപം ആരംഭിച്ചിട്ടുണ്ട്’-എൻഫീൽഡ് അധികൃതർ പറയുന്നു.

Tags:    
News Summary - Royal Enfield gears up for first EV launch in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.