പുതിയ രണ്ട് മോഡലുകൾകൂടി പുറത്തിറക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. നവംബർ എട്ടിന് ഇറ്റലിയിലെ മിലാനിൽ ആരംഭിക്കുന്ന ഇന്റർനാഷനൽ മോട്ടോർസൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ (ഇ.ഐ.സി.എം.എ)യിലാവും വാഹനങ്ങൾ അവതരിപ്പിക്കുക. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, സൂപ്പർ മെറ്റിയർ 650 എന്നിവയാണ് പുതിയ ബൈക്കുകൾ. അടുത്ത മാസം ഇന്ത്യയിൽ വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.
സൂപ്പർ മീറ്റിയോർ
റോയൽ എൻഫീൽഡ് നേരത്തേ പുറത്തിറക്കിയ മീറ്റിയോർ 350യുടെ കരുത്തുകൂടിയ വകഭേദമാണ് സൂപ്പർ മീറ്റിയോർ. പൊതുനിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്ന സൂപ്പർ മീറ്റിയോർ 650ന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. നിർമാണം പൂർത്തിയായ ബൈക്കിനെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്.പുതിയ ബൈക്കിന് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുണ്ട്. 648 സിസി പാരലൽ ട്വിൻ-സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ തന്നെയായിരിക്കും സൂപ്പർ മീറ്റിയോറും ഉപയോഗിക്കുക. ഈ എഞ്ചിൻ പരമാവധി 47 bhp കരുത്തിൽ 52 Nm ടോർക്കും പുറത്തെടുക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായിവാവും നൽകുക.
അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ലഭിക്കുന്ന റോയലിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാവും സൂപ്പർ മീറ്റിയർ 650. പിന്നിൽ ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്സോർബറുകളും കമ്പനി അവതരിപ്പിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും ഉണ്ടാവും. പരമ്പരാഗതമായി പിന്തുടർന്നു വരുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും എൽഇഡി ലൈറ്റിംഗുള്ള ടെയിൽ ലാമ്പുമായിരിക്കും പുതിയ ക്രൂസറിന് ലഭിക്കുക. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, നേരായ ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്‌പെഗുകൾ തുടങ്ങിയവ സവിശേഷതകളാണ്.
ട്യൂബ്‌ലെസ് ടയറുകൾ, സെമി-ഡിജിറ്റൽ എന്നിവയുള്ള മൾട്ടി-സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും സൂപ്പർ മീറ്റിയോറിനുണ്ടാകും. ട്രിപ്പർ നാവിഗേഷൻ സംവിധാനമുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, 650 ട്വിൻസ് പാർട്‌സ് ബിന്നിൽ നിന്നുള്ള പരിചിതമായ സ്വിച്ച് ഗിയർ മുതലായവയും സൂപ്പർ മീറ്റിയോറിന്റെ പ്രധാന സവിശേഷതകളായിരിക്കും.
ഷോട്ട്ഗൺ 650
റോയൽ എൻഫീൽഡിന്‍റെ ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോട്ടോർസൈക്കിളുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ബൈക്കാണ് ഷോട്ട്ഗൺ. ഈ ബൈക്കിന്റെ ചില ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഷോട്ട്ഗണിന്റെ ഡിസൈനും സ്റ്റൈലിങും SG650 കൺസെപ്റ്റിനോട് സാമ്യം പുലർത്തുന്നതാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും റിയർ വ്യൂ മിററുകളും കൂടാതെ ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും വീതിയേറിയ പിൻ മഡ്‌ഗാർഡും ബൈക്കിലുണ്ട്. ഈ ഡിസൈൻ ബിറ്റുകൾ ഇതിന് റെട്രോ-ക്ലാസിക് ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളിൽ എൽ.ഇ.ഡി ഘടകങ്ങളും ബ്ലിങ്കറുകൾക്ക് ഹാലൊജൻ ബൾബുകളുമുമാണ് നൽകിയിരിക്കുന്നത്.
ഷോട്ട്ഗൺ പരീക്ഷണ പതിപ്പിന് മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഫുട്‌പെഗുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവയാണുള്ളത്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാർജർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയും ബൈക്കിൽ ഉൾെപ്പടുത്തും. സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കുന്നതിനായി ബൈക്കിന് മുന്നിൽ യുഎസ്‍ഡി ഫോർക്കുകളും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളുമുണ്ടാകും. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമായിരിക്കും.
ബൈക്കിന്‍റെ ഔദ്യോഗിക എഞ്ചിൻ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. റോയൽ എൻഫീൽഡിന്റെ 648cc പാരലൽ-ട്വിൻ, എയർ-കൂൾഡ് എഞ്ചിനായിരിക്കും വാഹനത്തിന്. ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലെ എഞ്ചിനാണിത്. 6-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സാണ് ഇതിനൊപ്പം വരിക. എഞ്ചിൻ 47bhp കരുത്തും 52Nm ടോർക്കും ഉത്പ്പാദിപ്പിക്കും. എന്നാൽ ഷോട്ട്ഗൺ 650 സിസിയുടെ ശക്തിയും ടോർക്കും അല്പം വ്യത്യസ്‍തമായിരിക്കാം എന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.