റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന ക്രൂസർ വാഹന മോഡലുകളിൽ ഒന്നാണ് സൂപ്പർ മീറ്റിയോർ 650. നേരത്തേ കമ്പനി പുറത്തിറക്കിയ മീറ്റിയോർ 350യുടെ കരുത്തുകൂടിയ വകഭേദമാണ് ഈ ബൈക്ക്. പൊതുനിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്ന സൂപ്പർ മീറ്റിയോർ 650ന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമാണം പൂർത്തിയായ ബൈക്കിനെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. വാഹനം ഉടൻ നിരത്തിലെത്തുമെന്ന സൂചനയാണ് ഇതിൽനിന്ന് ലഭിക്കുന്നത്.
അടുത്തിടെയാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്ന ഏറ്റവും വിലകുറഞ്ഞ ബൈക്ക് അവതരിപ്പിച്ചത്. ആ വാഹനം ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഈ വർഷം അവസാനിക്കുന്നതിനു മുമ്പേ പുത്തൻ മോട്ടോർസൈക്കിളിനെ കൂടി വിപണിയിലെത്തിച്ച് കളംനിറയാൻ ഒരുങ്ങുകയാണ് റോയൽ എന്നാണ് സൂചന. കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സൂപ്പർ മീറ്റിയോർ അധികം താമസിക്കില്ല എന്നുതന്നെയാണ് വിവരം.
ഇറ്റലിയിലെ മിലാനിൽ നവംബർ എട്ടുമുതൽ നടക്കാനിരിക്കുന്ന ഇൻറർനാഷനൽ മോേട്ടാർസൈക്കിൾ എക്സിബിഷനിലായിരിക്കും പുതിയ 650 സിസി ക്രൂസറിന്റെ ആഗോള അവതരണം നടക്കുകയെന്നും സൂചനയുണ്ട്. പുതിയ ബൈക്കിന് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുണ്ട്. 648 സിസി പാരലൽ ട്വിൻ-സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ തന്നെയായിരിക്കും സൂപ്പർ മീറ്റിയോറും ഉപയോഗിക്കുക. ഈ എഞ്ചിൻ പരമാവധി 47 bhp കരുത്തിൽ 52 Nm ടോർക്കും പുറത്തെടുക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായിവാവും നൽകുക.
അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ലഭിക്കുന്ന റോയലിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാവും സൂപ്പർ മീറ്റിയർ 650. പിന്നിൽ ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്സോർബറുകളും കമ്പനി അവതരിപ്പിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും ഉണ്ടാവും. പരമ്പരാഗതമായി പിന്തുടർന്നു വരുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും എൽഇഡി ലൈറ്റിംഗുള്ള ടെയിൽ ലാമ്പുമായിരിക്കും പുതിയ ക്രൂസറിന് ലഭിക്കുക. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, നേരായ ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്‌പെഗുകൾ തുടങ്ങിയവ സവിശേഷതകളാണ്.
ട്യൂബ്‌ലെസ് ടയറുകൾ, സെമി-ഡിജിറ്റൽ എന്നിവയുള്ള മൾട്ടി-സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും സൂപ്പർ മീറ്റിയോറിനുണ്ടാകും. ട്രിപ്പർ നാവിഗേഷൻ സംവിധാനമുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, 650 ട്വിൻസ് പാർട്‌സ് ബിന്നിൽ നിന്നുള്ള പരിചിതമായ സ്വിച്ച് ഗിയർ മുതലായവയും സൂപ്പർ മീറ്റിയോറിന്റെ പ്രധാന സവിശേഷതകളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.