കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചത്തലത്തിൽ ചെന്നൈയിലെ നിർമാണ പ്ലാൻറ് അടച്ചിടുമെന്ന് റോയൽ എൻഫീൽഡ്. മെയ് 13 മുതൽ 16വരെയാകുംനിർമാണം നിർത്തിവയ്ക്കുക. ജീവനക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രഖ്യാപിച്ചാണ് കമ്പനിയുടെ നടപടി. നിലവിൽ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ ആയതിനാൽ ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽതന്നെ പുതിയ നീക്കം തങ്ങളുടെ വിൽപ്പനയെ ബാധിക്കില്ലെന്നാണ് റോയലിെൻറ വിലയിരുത്തൽ.
അടച്ചിടുന്ന സമയം നിർമാണശാലകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നും എൻഫീൽഡ് അധികൃതർ വ്യക്തമാക്കി. 'റോയൽ എൻഫീൽഡ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. സ്ഥിതിഗതികൾ പുരോഗമിക്കുമ്പോൾ ഉചിതമായ നടപടി കൈക്കൊള്ളും. സർക്കാരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കും'-പത്രക്കുറിപ്പിൽ റോയൽ അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം അഭൂതപൂർവമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും, തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് റോയൽ എൻഫീൽഡ് ചെന്നൈയിലെ ഉത്പാദന കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു എന്നും ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നുണ്ട്.
സിയാം ഡാറ്റ പ്രകാരം ഒരു മാസം മുമ്പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിലിൽ പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കുമുള്ള ആവശ്യം കുറഞ്ഞുവരികയാണ്. നിരവധി വാഹന നിർമാതാക്കൾ തങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് നിർത്തിവച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി തങ്ങളുടെ ഉത്പാദനം മെയ് 9 മുതൽ ഒരാഴ്ചത്തേക്ക്കൂടി നിർത്തിവച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിെൻറ ഭാഗമായി ഇൗ മാസം ആദ്യം പ്രഖ്യാപിച്ച അടച്ചുപൂട്ടലാണ് നീട്ടിവച്ചത്. ഇന്ത്യയിൽ വൈറസ് ഏറ്റവും മോശമായ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. മാരുതിയുടെ ഏറ്റവും പ്രധാന നിർമാണ പ്ലാൻറുകളിലൊന്ന് ഹരിയാനയിലെ മനേസറിലാണ് സ്ഥിതി ചെയ്യുന്നത്. കോവിഡ് രണ്ടാം തരംഗം തെക്കൻ സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, തമിഴ്‌നാട് എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.