ട്യൂബ്ലെസ് ടയറുകളുള്ള എം-വൺ കാറ്റഗറി വാഹനമാണ് നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്നതെങ്കിൽ ടയർ പഞ്ചർ ഒട്ടിക്കാൻ പഠിച്ചുവെക്കുന്നത് നന്നായിരിക്കും. കാരണം ഇത്തരം വാഹനങ്ങൾക്ക് സ്പെയർ ടയറുകൾ നിർബന്ധമാണെന്ന നിബന്ധന ഒഴിവാക്കുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിെൻറ നിയമഭേദഗതി ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലാവും.
ഡ്രൈവറുൾപ്പടെ ഒമ്പത് പേർക്ക് വരെ സഞ്ചരിക്കാവുന്നതും മൂന്നര ടണ്ണിലധികം ഭാരമില്ലാത്തതുമായ എം-വൺ കാറ്റഗറി വാഹനങ്ങൾക്കാണ് ഇളവ് ബാധകമാവുക. സ്പെയർ ടയറുകൾക്ക് പകരമായി പഞ്ചർ ഒട്ടിക്കാൻ ആവശ്യമായ ടയർ റിപ്പയർ കിറ്റും ടയർ പ്രഷർ മോണിറ്ററിങ് സംവിധാനവുമായിരിക്കും വാഹനങ്ങളിൽ ഉൾപ്പെടുത്തുക. ഇലക്ട്രിക് വാഹനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്.
അവയിൽ വലിയ ബാറ്ററികളും സ്പെയർ ബാറ്ററികളും ഘടിപ്പിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കുന്നതിനാണ് സ്പെയർ ടയറിനെ പുറന്തള്ളുന്നത്. എന്നാൽ, ഈ ഇളവ് ഉപയോഗിച്ച് വാഹന നിർമാതാക്കൾ എല്ലാ എം-വൺ കാറ്റഗറി വാഹനങ്ങളിൽനിന്നും സ്പെയർ ടയർ ഒഴിവാക്കാനാണ് സാധ്യത. കാരണം സ്പെയർ ടയറിനേക്കാൾ ചെലവ് കുറവാണ് ടയർ റിപ്പയർ കിറ്റിന്.
സ്പെയർ ടയർ ഒഴിവാക്കുന്നതു കൊണ്ട് വാഹന ഉടമകൾക്കുമുണ്ട് ചെറിയ നേട്ടങ്ങൾ. വാഹനത്തിലെ ഒരു ഡെഡ് വെയ്റ്റാണ് സ്പെയർ ടയർ. ഇത് ഒഴിവാകുേമ്പാഴുണ്ടാകുന്ന ഭാരക്കുറവ് വാഹനത്തിെൻറ പെർഫോമൻസ് കൂട്ടും. കൂടാതെ ഡിക്കിയിൽ അൽപം സ്ഥലവും അധികം കിട്ടും. മിക്ക സാഹചര്യങ്ങളിലും ടയർ ഊരിയെടുക്കാതെ തന്നെ പഞ്ചർ ഒട്ടിക്കാൻ സാധിക്കുന്നതിനാൽ അധ്വാനം കുറഞ്ഞ് കിട്ടുകയും ചെയ്യും.
എല്ലാ തരം പഞ്ചറുകളും റിപ്പയർ കിറ്റ് ഉപയോഗിച്ച് അടക്കാനാവില്ല. പഞ്ചറിന് ആറ് മില്ലിമീറ്ററിലധികം വ്യാസമുണ്ടാവുക, വീൽ റിം കേടാവുക, പഞ്ചർ പ്രധാന ട്രെഡ് ഏരിയക്ക് പുറത്താവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് പഞ്ചർ റിപ്പയർ സാധ്യമാകാതെ വരിക.
പഞ്ചർ ഒട്ടിക്കാൻ പരിശീലിക്കുന്നതിന് ആദ്യം ടയർ പഞ്ചർ കിറ്റ് പരിചയപ്പെടാം. കിറ്റുകൾ രണ്ട് തരമുണ്ട്. ടയർ സീലാൻറ് കിറ്റും ടയർ പാച്ച് കിറ്റും. ടയർ സീലാൻറ് താരതമ്യേന എളുപ്പമായതിനാൽ വാഹനങ്ങളിൽ ഇവ ഉൾപ്പെടുത്താനാണ് സാധ്യത.
ഒരു ബോട്ടിൽ സീലാൻറും എയർ കംപ്രസറും മതി ഇതിന്. വാഹനം ഓഫാക്കിയ ശേഷം ടയറിൽ പഞ്ചറുള്ള ഭാഗം മുകളിൽ വരുത്തണം. കഴിയുമെങ്കിൽ എയർ വാൽവ് ടയറിെൻറ മുകൾ ഭാഗത്തെ പകുതിയിൽ ആക്കണം. അതിന് ശേഷം ടയറിലെ എയർ വാൽവ് അഴിച്ചെടുക്കുക. ടയറിൽ വാൽവിെൻറ ഭാഗത്ത് സീലാൻറ് ബോട്ടിൽ കണക്ട് ചെയ്യുക.
ഇനി സീലാൻറ് ബോട്ടിലിലേക്ക് കമ്പ്രസർ കണക്ട് ചെയ്യാം. ശേഷം കമ്പ്രസർ കാറിെൻറ 12 വോൾട്ട് സോക്കറ്റിലേക്ക് പ്ലഗ് ചെയ്യുക. കമ്പ്രസർ പ്രവർത്തിക്കുേമ്പാൾ സീലാൻഡ് ടയറിലേക്ക് പമ്പ് ചെയ്യുകയും അതോടൊപ്പം ടയറിൽ കാറ്റ് നിറയുകയും ചെയ്യും. ടയർ പ്രഷർ മോണിറ്ററിങ് സംവിധാനത്തിൽ നോക്കി ആവശ്യമായ സമയത്ത് എയർ കമ്പ്രസർ ഓഫ് ചെയ്യുക. സീലാൻറ് ബോട്ടിലും എയർ കമ്പ്രസറും ടയറിൽനിന്ന് വേർപെടുത്തിയ ശേഷം ടയർ ഒരു തവണ പൂർണമായി കറങ്ങുന്നത് വരെ ഓടിക്കുക. സീലാൻറ് എല്ലായിടത്തും പരക്കാനാണിത്.
എളുപ്പമാണെങ്കിലും സീലാൻറ് പഞ്ചർ റിപ്പയറിങ് ശരിയായി ചെയ്തില്ലെങ്കിൽ ടയർ പാടേ കേടായി പോവും. കൂടാതെ സീലാൻറ് ചെയ്ത ടയറുകൾ നന്നാക്കിയെടുക്കൽ പ്രയാസകരവുമാണ്.
ടയർ പാച്ച് കിറ്റിൽ റീമർ, പ്രോബ്, ടയർ വാൽവ്, റിപ്പയർ സ്ട്രിപ്പുകൾ, നോസ് പ്ലയർ, കട്ടർ, ഗ്ലൗസ്, ചോക്ക് തുടങ്ങിയവയാണുണ്ടാവുക. കിറ്റിെൻറ വിലക്ക് അനുസരിച്ച് ഇവയിൽ കുറവോ കൂടുതലോ കണ്ടേക്കാം. ഉദാഹരണത്തിന് വില കുറഞ്ഞ കിറ്റുകളിൽ ഗ്ലൗസ്, ചോക്ക് തുടങ്ങി അത്യാവശ്യമില്ലാത്ത സാമഗ്രികൾ ഉണ്ടാകില്ല.
ഇനി ടയർ പാച്ച് കിറ്റ് ഉപയോഗിച്ച് എങ്ങനെ പഞ്ചറൊട്ടിക്കാം എന്ന് നോക്കാം. ആദ്യമായി ടയറിൽ തറഞ്ഞുകയറിയ ആണിയോ മുള്ളോ മറ്റോ ഉണ്ടെങ്കിൽ പ്ലയർ ഉപയോഗിച്ച് പറിച്ചുകളയണം. അതിന് മുമ്പായി ആ ഭാഗത്ത് ചോക്കോ പേനയോ ഉപയോഗിച്ച് മാർക്ക് ചെയ്താൽ പിന്നീട് പഞ്ചറുള്ള ഭാഗം തിരഞ്ഞ് കുഴങ്ങേണ്ട. ഇത്തരത്തിൽ തറച്ചുകയറിയ വസ്തു കാണാതിരിക്കുകയോ അവ തെറിച്ചുപോയിരിക്കുകയോ ആെണങ്കിൽ ആദ്യം പഞ്ചർ ഭാഗം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സ്പ്രേയർ ഉപയോഗിച്ചോ മറ്റോ ടയറിൽ വെള്ളം സ്പ്രേ ചെയ്ത് നോക്കാം. അപ്പോൾ കുമിളകൾ കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ അവിടെയായിരിക്കും പഞ്ചർ.
ആ ഭാഗം നേരത്തെ ചെയ്തത് പോലെ മാർക്ക് ചെയ്യുക. ഇനി ചെയ്യേണ്ടത് പഞ്ചറുള്ള ഭാഗം പ്രോബ് ഉപയോഗിച്ച് അൽപം കൂടെ വിസ്തൃതി കൂട്ടുകയും വൃത്തിയാക്കുകയും ചെയ്യുക എന്നതാണ്. ഇതിന് ശേഷം റീമറിൽ റിപ്പയർ സ്ട്രിപ്പ് പകുതി വരെ കയറ്റുക. തുടർന്ന് റീമർ ഉപയോഗിച്ച് സ്ട്രിപ്പ് ടയറിനുള്ളിലേക്ക് തള്ളിക്കയറ്റുക.
ടയറിന് പുറത്ത് ബാക്കി കാണുന്ന സ്ട്രിപ്പ് കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുക. ഇനി നിർദേശിക്കപ്പെട്ട പ്രഷറിൽ ടയറിൽ കാറ്റ് നിറക്കുക. വായുവിെൻറ പ്രഷറിൽ സ്ട്രിപ്പ് ഉരുകിയുറക്കും. ഓർക്കുക, ഇതെല്ലാം താൽക്കാലിക പരിഹാരങ്ങളാണ്. വാഹനം ടയർ കേടായി കുടുങ്ങിയ സ്ഥലങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഉപായം. അതിനുശേഷം വിദഗ്ധരായ തൊഴിലാളികളെ കാണിച്ച് ടയറിെൻറ സുരക്ഷ ഉറപ്പ് വരുത്താൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.