സത്യവാങ്മൂലം നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ്; നടപടിയിൽ വലഞ്ഞ് വാഹന ഉടമകൾ

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ മുദ്രപത്ര സത്യവാങ്മൂലം ഉപഭോക്താക്കളെ വലക്കുന്നു. മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നിലനില്‍ക്കെയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. പുതുക്കിയ നിര്‍ദേശപ്രകാരം പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി പുതുക്കണമെങ്കിലോ ഉടമസ്ഥാവകാശം മാറ്റണമെങ്കിലോ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാണ്. ഇതാണെങ്കില്‍ എങ്ങും കിട്ടാനില്ലാത്ത സാഹചര്യമാണ്.

മുദ്രപത്രക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് വാഹന ഉടമകള്‍ക്കുള്ളത്. വെള്ള കടലാസില്‍ സ്റ്റാമ്പ് പതിച്ച് സത്യവാങ്മൂലം സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തിയത് ഹൈകോടതി കേസിന്റെ അന്തിമതീര്‍പ്പുവരെ തടഞ്ഞിരുന്നു. കോടതി ഫീസ് വര്‍ധന ശരിവച്ചാല്‍ ഉയര്‍ന്ന തുക നല്‍കാമെന്ന് ഉറപ്പ് നല്‍കുന്ന സത്യവാങ്മൂലമാണ് വാഹന ഉടമ നല്‍കേണ്ടത്.

രജിസ്‌ട്രേഷന്‍ പുതുക്കിയ വാഹനം കൈമാറ്റം ചെയ്യുകയാണെങ്കില്‍ വാങ്ങുന്നയാളും ഈ വ്യവസ്ഥ ശരിവച്ചുകൊണ്ട് മോട്ടോര്‍വാഹനവകുപ്പിന് സത്യവാങ്മൂലം നല്‍കണം. മുദ്രപത്രത്തില്‍ തയാറാക്കിയ രേഖ നല്‍കിയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് വര്‍ധനയും ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. ഫിറ്റ്‌നസ് മുടങ്ങി പിഴ അടച്ച വാഹനങ്ങള്‍ കൈമാറ്റം ചെയ്യണമെങ്കിലും സത്യാവാങ്മൂലം വേണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റുന്നതിനും, വായ്പാകുടിശ്ശികയുള്ള വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാണ്. ഇതിന് പുറമേയാണ് കൂടുതല്‍ സേവനങ്ങള്‍ക്ക് കൂടി ഉള്‍ക്കൊള്ളിച്ചത്.

15 വര്‍ഷം പൂര്‍ത്തിയായി വാഹനങ്ങളുടെ ആര്‍.സി. പുതുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ഫീസ് വര്‍ധിപ്പിക്കുകയും പിന്നീട് ഹൈകോടതി ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് താൽക്കാലികമായി തടയുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ അന്തിമവിധിയില്‍ ഫീസ് വര്‍ധിപ്പിക്കയാണെങ്കില്‍ അത് അടയ്ക്കാമെന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ആര്‍.സി. പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കുമ്പോഴാണ് സത്യവാങ്മൂലവും നല്‍കേണ്ടത്.

ഇങ്ങനെ പുതുക്കിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ പുതിയ ഉടമക്ക് ഈ മാനദണ്ഡം അറിയാനിടയില്ല. പിന്നീട് കോടതിയുടെ ഉത്തരവ് വരുമ്പോള്‍ വര്‍ധിപ്പിച്ച തുക ഈടാക്കണമെന്നാണെങ്കില്‍ അത് അടക്കേണ്ടിവരിക പുതിയ ഉടമയാകും. അത് പിന്നീട് നിയമപ്രശ്നങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് സത്യവാങ്മൂലം വാങ്ങാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്. ഒരുവര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങളുടെ ആര്‍.സി. പുതുക്കുന്നതിനുള്ള തുക വര്‍ധിപ്പിച്ചത്. മുദ്രപത്രക്ഷാമം രൂക്ഷമായതോടെ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലേക്ക് എത്തുന്ന അപേക്ഷകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

News Summary - Stamp paper scarcity affected vehicle industry in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.