രാജ്യത്തെ ഏറ്റവും മാനുഷിക മൂല്യമുള്ള കോർപ്പറേറ്റ് എന്നാണ് ടാറ്റ അറിയപ്പെടുന്നത്. രാജ്യമൊട്ടുക്കുമുള്ള സ്കൂളുകളും ആശുപത്രികളുമൊക്കെ അതിന് തെളിവാണ്. ഒളിമ്പിക്സ് താരങ്ങൾക്ക് സമ്മാനം പ്രഖ്യാപിച്ചപ്പോഴും മാനവികത മുറുകെപ്പിടിക്കുകയാണ് ടാറ്റ. മറ്റുള്ളവർ വിജയികളെ ചേർത്തുപിടിച്ചപ്പോൾ ടാറ്റ പരാജിതരോടൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. ഒളിമ്പിക്സിൽ വെങ്കല മെഡലിന് അടുത്ത് കാലിടറി വീണവർക്ക് സമ്മാനമായി ആൾട്രോസ് ഹാച്ച് ബാക്ക് നൽകിയിരിക്കുകയാണ് ടാറ്റ.
ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലത്തിന് സമീപം കാലിടറി വീണ 24 ഇന്ത്യൻ അത്ലറ്റുകൾക്കാണ് ടാറ്റ ആൾട്രോസ് ഹാച്ച്ബാക്ക് സമ്മാനിച്ചത്. ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിൽ പൂർത്തിയാക്കിയ സ്പെഷൽ ആൾട്രോസുകളാണ് ടാറ്റ അത്‌ലറ്റുകൾക്ക് നൽകുന്നത്. ഇന്ത്യൻ വനിതാ ഹോക്കി ടീം നായിക റാണി രാംപാലും മറ്റ് ടീം അംഗങ്ങളും ബോക്സിങ് താരങ്ങളായ പൂജാ റാണി, സതീഷ് കുമാർ തുടങ്ങിയവർവരെ ഡൽഹിയിൽ നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്തു.
'ടോകിയോ ഒളിമ്പിക്സിൽ അവർ കാണിച്ച പ്രതിബദ്ധതയിലും അചഞ്ചലമായ അർപ്പണ മനോഭാവത്തിലും ഞങ്ങൾ അഭിമാനിക്കുന്നു. അവരുടെ കഠിനാധ്വാനത്തെ അംഗീകരിച്ചുകൊണ്ട്, പ്രീമിയം ഹാച്ച്ബാക്കുകളിലെ സുവർണ താരമായ ആൾട്രോസ് സമ്മാനിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. താരങ്ങളുടെ ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നു. വരും വർഷങ്ങളിൽ, അവർ രാജ്യത്തിന് കൂടുതൽ വിജയങ്ങൾ കൊണ്ടുവരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു'-ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡൻറ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
മെഡൽ നേടാത്ത ഇന്ത്യൻ അത്‌ലറ്റുകൾക്ക് കാർ സമ്മാനിച്ച ആദ്യ നിർമ്മാതാവാണ് ടാറ്റ. മെഡൽ ജേതാക്കളായ മീരാഭായ് ചാനു, ലോവ്ലിന ബോർഗോഹെയ്ൻ, രവികുമാർ ദഹിയ, ബജ്‌റംഗ് പുനിയ എന്നിവർക്ക് റെനോ ഇതിനകം കിഗർ എസ്‌യുവികൾ സമ്മാനിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏക സ്വർണ്ണ മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു XUV700 സമ്മാനിക്കുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.