വൈദ്യുത വാഹന വിപണിയിൽ ബഹുദൂരം മുന്നിലുള്ള ടാറ്റ മോട്ടോർസ് തങ്ങളുടെ ഇ.വി ബ്രാൻഡിന് പുതിയ പേരുനൽകി. ടാറ്റയുടെ പുതിയ ഇലക്ട്രിക് മൊബിലിറ്റി സബ് ഡിവിഷന്‍ ഇനിമുതൽ ഡോട്ട് ഇ.വി (.EV) എന്നായിരിക്കും അറിയപ്പെടുക. ഔഡിയുടെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോ ഇ-ട്രോണിന് സമാനമായ രീതിയിലാണ് പുതിയ ബാഡ്ജിങ് രീതി ടാറ്റയും പിന്തുടരുന്നത്.
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇനി .EV-യുടെ കുടക്കീഴിലായിരിക്കും വരുന്നതെന്നും .EV ഉടന്‍ തന്നെ സ്ഥാപനത്തിന്റെ ഇലക്ട്രിക് സബ് ബ്രാന്‍ഡായി മാറുമെന്നും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി വിഭാഗം മേധാവി വിവേക് ശ്രീവത്സ സ്ഥിരീകരിച്ചിട്ടുണ്ട്. '.EV ഞങ്ങളുടെ പുതിയ ഇലക്ട്രിക് ബ്രാന്‍ഡിങ് ആയിരിക്കും. ഞങ്ങളുടെ നിലവിലുള്ള ഇലക്ട്രിക് ശ്രേണിയിലുടനീളം ഇത് വ്യാപിക്കുന്നത് നിങ്ങള്‍ കാണും’-വിവേക് ശ്രീവത്സ പറഞ്ഞു.
ഇതുവരെ തങ്ങളുടെ ഇലക്ട്രിക് മോഡലുകളെ വേര്‍തിരിച്ചറിയാന്‍ ടാറ്റ മോട്ടോര്‍സ് പേരിന്റെ കൂടെ ഇ.വി എന്നാണ് ചേർത്തിരുന്നത്. ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി എന്നിങ്ങനെ മോഡലിനൊപ്പം ഒരു 'ഇവി' കൂടി ചേർക്കുകയായിരുന്നു രീതി. എന്നാല്‍ പുതിയ ടാറ്റ ടിയാഗോ ഇലക്ട്രിക് പുറത്തിറക്കിയപ്പോള്‍ തന്നെ ടാറ്റ ചെറിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇലക്ട്രിക് ടിയാഗോക്കൊപ്പം ടാറ്റ .EV ചേര്‍ത്തു.
ഇലക്ട്രിക് ടിയാഗോയുടെ ഫെന്‍ഡറുകളിലും ഫ്രണ്ട് ഗ്രില്ലിലും .EV ബാഡ്ജുകള്‍ ഉണ്ട്. കൂടാതെ ടെയില്‍ഗേറ്റില്‍ ഉടനീളം ടിയാഗോ.EV എന്നും കാണാം. പുതിയ പേര് ലഭിക്കുന്നതോടെ നിലവില്‍ ടാറ്റ ഇലക്ട്രിക് ശ്രേണിയിൽ ഉടനീളം ഉപയോഗിക്കുന്ന നീല നിറങ്ങളില്‍ നിന്ന് മാറാനാകുമെന്നാണ് സൂചന. ‘ഈ ബ്രാന്‍ഡിങ് ഉപയോഗിക്കുന്നതിലൂടെ ആവശ്യമെങ്കില്‍, ഇലക്ട്രിക് മോഡലുകള്‍ നിര്‍വചിക്കാന്‍ ഞങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന നീല ആക്സന്റുകളില്‍ നിന്ന് മാറി കൂടുതല്‍ ബോഡി കളറുകള്‍ കൂട്ടിച്ചേർക്കാനാകും’-ശ്രീവത്സ കൂട്ടിച്ചേര്‍ത്തു.
വില്‍പ്പനയുടെ കാര്യത്തില്‍ ടാറ്റ മോട്ടോര്‍സ് മറ്റൊരു നാഴികക്കല്ല് പിന്നിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022 ഡിസംബറില്‍ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ കലണ്ടര്‍ വര്‍ഷം അര ദശലക്ഷം പാസഞ്ചര്‍ കാര്‍ വിറ്റുവെന്ന നാഴികക്കല്ലാണ് ടാറ്റ പിന്നിട്ടത്. ഈ കലണ്ടര്‍ വര്‍ഷം കമ്പനി അവസാനിപ്പിക്കുന്നത് ഏകദേശം 5.25 ലക്ഷം യൂനിറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയോടെ ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം വളര്‍ച്ചയാണ് ഇത്.
2021-ല്‍ ടാറ്റ 3.31 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ടാറ്റയുടെ വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകളാണ്. ഇതോടെ ഹ്യുണ്ടായിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായി ടാറ്റ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.