കാർ നിർമാതാക്കളുടെ ഇന്ത്യൻ വിപണിയിലെ എസ്.യു.വി മത്സരത്തിൽ ടാറ്റ നെക്‌സോൺ മുന്നിൽ. പ്രതിമാസ എസ്.യു.വി വിൽപ്പന ചാർട്ടിൽ നെക്സോൺ വീണ്ടും ഇടംപിടിച്ചിരിക്കുന്നു. സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെ വിൽപന ഇന്ത്യൻ വിപണിയിൽ തകൃതിയായി മുന്നേറുന്നതിനിടെയാണ് ഇൗ നേട്ടം. ഒക്ടോബറിലെ കണക്കനുസരിച്ച് ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബ്രെസ്സ, കിയ സെൽറ്റോസ്, മഹീന്ദ്ര സ്കോർപിയോ എന്നിവയെക്കാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്.യു.വിയായി നെക്‌സോൺ മാറി.
ഇന്ത്യയിൽ സമീപ വർഷങ്ങളിൽ എസ്.യു.വി വിഭാഗം സ്ഥിരമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു. മൊത്തത്തിലുള്ള പാസഞ്ചർ വെഹിക്കിൾ (പി.വി) വിപണിയിലെ അതിന്റെ വിഹിതം 2020 സാമ്പത്തിക വർഷത്തിൽ 26 ശതമാനം ആയിരുന്നു. ഇത് 2021ൽ 32 ശതമാനമായും 2023ൽ 40 ശതമാനമായും ഉയർന്നു.
ഒക്ടോബറിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 10 എസ്.യു.വികളുടെ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സിന്‍റെ നെക്‌സോൺ, പഞ്ച് എന്നീ രണ്ട് എസ്.യു.വികളും ഉണ്ട്. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ (ക്രെറ്റ, വെന്യു), മാരുതി സുസുക്കി ഇന്ത്യ (ബ്രെസ്സ, ഗ്രാൻഡ് വിറ്റാര), കിയ ഇന്ത്യ (സെൽറ്റോസ്, സോനെറ്റ്) മഹീന്ദ്ര ആൻഡ് മഹീന്ദ്ര (ബൊലേറോ, സ്കോർപിയോ) എന്നിവയാണ് പിന്നീടുള്ളത്.
ടാറ്റ നെക്‌സോൺ ഒക്ടോബറിൽ 13,767 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയത്. 11,880 യൂണിറ്റുകളിൽ ഹ്യൂണ്ടായ് ക്രെറ്റയാണ് തൊട്ടുപിന്നിൽ. തുടർന്ന് ടാറ്റ പഞ്ച് 10,982, മാരുതി സുസുക്കി ബ്രെസ്സ 9,941, കിയ സെൽറ്റോസ് 9,777, ഹ്യൂണ്ടായ് വെന്യു 9,585, ബൊലേറോ നിയോ ഉൾപ്പെടെ മഹീന്ദ്ര ബൊലേറോയുടെ വിൽപ്പന 8,772 യൂണിറ്റ്, അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 8,052, കിയ സോനെറ്റ് 7,614, എൻ, ക്ലാസിക് മോഡലുകൾ ഉൾപ്പെടെ മഹീന്ദ്ര സ്കോർപിയോയുടെ വിൽപ്പന 7,438 യൂണിറ്റ് എന്നിങ്ങനെയാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.