ഒന്നര വർഷം കൊണ്ട് 1.75 ലക്ഷം യൂനിറ്റ് വിറ്റഴിച്ചു; ടാറ്റയുടെ കരുത്തായി ഈ കുഞ്ഞൻ എസ്.യു.വി

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായി പഞ്ച് മിനി എസ്.യു.വി. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ നെക്‌സോണിന് പിറകിലാണ് പഞ്ച് ഇടംപിടിച്ചത്. 2021 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ കാര്‍ ഒന്നര വര്‍ഷത്തെ സമയം കൊണ്ട് 1.75 ലക്ഷം യൂനിറ്റുകളാണ് വിറ്റഴിഞ്ഞത്. കുറഞ്ഞ വില, ബില്‍ഡ് ക്വാളിറ്റി, സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയാണ് പഞ്ചിന് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായ പ്രധാന സവിശേഷതകള്‍.

ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ആൽഫ-ആർക് പ്ലാറ്റ്ഫോമിലാണ് പഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലോബല്‍ എൻ.സി.എ.പി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ പഞ്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5-സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 4-സ്റ്റാര്‍ റേറ്റിംഗുമാണ് വാഹനം നേടിയത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, കോര്‍ണറിങ് ലാമ്പുകള്‍, ഐസോഫിക്സ് ചൈല്‍ഡ് മൗണ്ടുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നത്.

പഞ്ചിന് കരുത്തേകുന്നത് ടാറ്റ ടിയാഗോക്കും ടിഗോറിനും ശക്തി പകരുന്ന അതേ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാഹനം ലഭിക്കും. എഞ്ചിന്‍ 84 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കും. പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് വാഹനം ലഭ്യമാണ്.

ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് പഞ്ച്. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഓട്ടോ എയര്‍ കണ്ടീഷനിങ്, കണക്റ്റഡ് കാര്‍ ടെക്, ഓട്ടോമേറ്റഡ് ഹെഡ്ലൈറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവയാണ് ഫീച്ചറുകളില്‍ ചിലത്. മികച്ച മൈലേജ് നല്‍കുന്ന ഐഡല്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് ഫീച്ചറോടെയാണ് പഞ്ചിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നേരത്തെ ലിറ്ററിന് 18.97 കിലോമീറ്റര്‍ ആയിരുന്നു പഞ്ചിന്റെ മൈലേജ്. എന്നാല്‍ അതിപ്പോള്‍ ലിറ്ററിന് 20.10 കിലോമീറ്റര്‍ ആയി വര്‍ധിച്ചു.

ഏഴ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ബ്ലാക്ക് റൂഫോട് കൂടിയ ആറ്റോമിക് ഓറഞ്ച്, വൈറ്റ് റൂഫോട് കൂടിയ ടൊര്‍ണാഡോ ബ്ലൂ, വൈറ്റ് റൂഫോട് കൂടിയ കാലിപ്സോ റെഡ്, ബ്ലാക്ക് റൂഫുള്ള ഓര്‍ക്കസ് വൈറ്റ്, ബ്ലാക്ക് റൂഫുള്ള ഡേടോണ ഗ്രേ്, ബ്ലാക്ക് റൂഫുള്ള ട്രോപ്പിക്കല്‍ മിസ്റ്റ്, ബ്ലാക്ക് റൂഫുള്ള മീറ്റിയോര്‍ ബ്രോണ്‍സ് എന്നിവയാണ് ഡ്യുവല്‍ ടോണ്‍ കളറുകള്‍.

എതിരാളികളില്‍ നിന്ന് പഞ്ചിനെ മാറ്റിനിര്‍ത്തുന്ന ഒരു ഘടകം അതിന്റെ വിലയാണ്. താങ്ങാനാവുന്ന വിലയില്‍ ഓഫര്‍ ചെയ്യുന്ന പഞ്ച് ഇക്കാര്യത്തില്‍ എതിരാളികളെ കവച്ച് വെക്കുന്നു. 5.99 ലക്ഷം രൂപ മുതല്‍ 8.87 ലക്ഷം രൂപ വരെയാണ് ഈ മിനി എസ്.യു.വിയുടെ എക്‌സ്-ഷോറൂം വില. പഞ്ച് സിഎന്‍ജി പതിപ്പ് ടാറ്റ ഓട്ടോ എക്സ്​പോയിൽ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഈ മോഡല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Tata Punch Surpasses 1.75 Lakh Unit Sales Milestone In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.