കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊട്ടതെല്ലാം പൊന്നാക്കിയ ടാറ്റക്ക് നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. മികച്ച മൈലേജും സ്റ്റൈലന്‍ ലുക്കുമായി എത്തി വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിയ വാഹനമാണ് ടാറ്റ പഞ്ച്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് 34 മാസം കൊണ്ട് നാലു ലക്ഷം വാഹനങ്ങളാണ് വിറ്റത്. ഇതോടെ ഏറ്റവും വേഗത്തിൽ നാല് ലക്ഷം യൂണിറ്റ് വിൽപ്പന നടത്തുന്ന എസ്.യു.വി കൂടിയായി പഞ്ച്.
പുറത്തിറങ്ങി 10 മാസം കൊണ്ടു തന്നെ ഒരു ലക്ഷം വാഹന വില്‍പ്പനയെന്ന നേട്ടം പഞ്ച് സ്വന്തമാക്കി. 2023 മേയ് ആയപ്പോഴേക്കും രണ്ടു ലക്ഷം യൂണിറ്റുമായി വില്‍പ്പനയില്‍ ഏറെ മുന്നോട്ടുപോയി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നാലു ലക്ഷത്തിലേക്കും വിൽപ്പന എത്തി. അഞ്ച് ലക്ഷം എന്ന കടമ്പ വൈകാതെ നേടിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി സി.ഇ.ഒ വിവേക് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലെ മൈക്രോ എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയും ആരാധകരുമുള്ള വാഹനം ഇതാണെന്നു പറയാം.
വാഹനത്തിന്റെ പെട്രോള്‍ മോഡല്‍ ആണ് 53 ശതമാനവുമായി വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 33 ശതമാനവുമായി സി.എന്‍.ജി മോഡലും 14 ശതമാനവുമായി ഇ.വിയും നിരത്തിലുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വളര്‍ച്ച നേടാനും മൈക്രോ എസ്.യു.വി വിഭാഗത്തില്‍ 68 ശതമാനം എന്ന വിപണി വിഹിതവും പഞ്ചിനു സ്വന്തമാക്കാന്‍ സാധിച്ചു. പുറത്തിറങ്ങി അഞ്ച് മാസം കൊണ്ടു തന്നെ 13,000 ഇ.വി യൂണിറ്റുകള്‍ വില്‍പ്പന നടത്താനും ടാറ്റക്ക് സാധിച്ചു. ഹ്യുണ്ടേ എക്സ്റ്ററും സിട്രോണ്‍ സി 3യുമാണ് പ്രധാന എതിരാളികള്‍. അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ ഇരിക്കുന്ന കിയ സൈറോസും പഞ്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.