ടെസ്​ല സൈബർ ട്രക്ക്​ ഡെലിവറി ആരംഭിച്ചു;​ ആദ്യ വാഹനം കൈമാറി ഇലോൺ മസ്ക്​

മാസങ്ങളോളം നീണ്ട കാത്തിരിപ്പിനുശേഷം അമേരിക്കൻ ഇ.വി നിർമ്മാതാക്കളായ ടെസ്‌ല തങ്ങളുടെ ഇലക്​ട്രിക്​ പിക്കപ്പായ സൈബർട്രക്ക് ഡെലിവറി ആരംഭിച്ചു. ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ആണ്​ ആദ്യ ഡെലിവറി നിർവ്വഹിച്ചത്​. 79,990 ഡോളറിനാണ്​ സൈബർട്രക്ക് കമ്പനി പുറത്തിറക്കിയത്. ഇന്ത്യൻ രൂപയിൽ ഏകദേശം 66.65 ലക്ഷം വിലവരും.

നാല്​ വർഷംനീണ്ട കാത്തിരിപ്പ്​

വാഹനം അവതരിപ്പിച്ച്​ നാല്​​ വർഷത്തിനുശേഷമാണ്​ സൈബർ ട്രക്ക്​ അമേരിക്കയിലെ ടെക്സാസിലുള്ള ഗിഗ ഫാക്ടറിയിൽ നിന്ന്​ പുറത്തിറക്കുന്നത്​. സൈബർട്രക്കിന് ഇതിനകം 10 ലക്ഷത്തിൽ അധികം പ്രീ ബുക്കിങ്​ ലഭിച്ചിട്ടുണ്ടെന്ന് ഇലോൺ മസ്‌ക് പറഞ്ഞിരുന്നു​. 100 യു.എസ്​ ഡോളർ റീഫണ്ടബിൾ ടോക്കൺ തുകയ്ക്കാണ് കമ്പനി ബുക്കിങ്​ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ മുൻകൂർ ബുക്കിങുകൾ ഡെലിവറി ചെയ്ത്​ തീരാൻ നാലോ അഞ്ചോ വർഷത്തിലധികം എടുത്തേക്കാമെന്നാണ്​ വിലയിരുത്തൽ. പ്രതിവർഷം 1.25 ലക്ഷം യൂനിറ്റ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഉത്പാദിപ്പിക്കാനാണ്​ ടെസ്​ല ഉദ്ദേശിക്കുന്നത്​. പിന്നീട്​ ഇത് 2.50 ലക്ഷം യൂനിറ്റായി ഉയർത്തും.

2019 നവംബറിൽ അരങ്ങേറ്റം

ടെസ്‌ല സൈബർട്രക്ക് 2019 നവംബറിലാണ്​ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷത്തിനുശേഷം വാഹനം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ പിടിച്ചുകുലുക്കിയ കോവിഡ്​ പ്രതിസന്ധി ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഇതിന്​ നേരിട്ടു. ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നിരുന്നില്ല.


ടെസ്‌ല സൈബർട്രക്ക് ബുക്കിംഗ് ട്രാക്കർ നൽകുന്ന കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകളും മിഡ് ലെവൽ ഡ്യുവൽ മോട്ടോർ വേരിയന്റിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ പതിപ്പിനുമാണ്. മാത്രമല്ല ഇവയിൽ, 74.3 ശതമാനം ബുക്കിംഗുകളിൽ ഫുൾ സെൽഫ് ഡ്രൈവിങ്​ ഓപ്ഷനുകളും ഉപഭോക്താക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടനയുള്ള വാഹനമാണ്​ സൈബർ ട്രക്ക്​. കാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്​. ആറ് പേർക്ക്​ വാഹനത്തിൽ സഞ്ചരിക്കാനാവും. വെറും 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് പിക്ക് അപ്പിന് കഴിയും. സിംഗിൾ ചാർജിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്​. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ലഭിക്കുന്നതിനാൽ കൂടുതൽ സുഖപ്രദമായ ഡ്രൈവും വാഹനം വാഗ്ദാനം ചെയ്യുന്നു.

ഇന്‍റീരിയർ

വളരെ മിനിമലിസ്റ്റിക്കായ ഇന്റീരിയറാണ്​ സൈബർ ട്രക്കിന്​. നിലവിൽ, വാഹനത്തിൽ വരുന്ന സ്റ്റാൻഡേർഡ് ഫീച്ചറുകളും ഓപ്ഷനുകളും ടെസ്‌ല പ്രഖ്യാപിച്ചിട്ടില്ല. 18.5 ഇഞ്ച് ടച്ച്‌സ്‌ക്രീനിൽ ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വെർട്ടിക്കലായി മൌണ്ട് ചെയ്തിരിക്കുന്നു. പിൻസീറ്റ് യാത്രക്കാർക്കായി സൈബർട്രക്കിന് സെന്റർ കൺസോളിന്റെ പിൻഭാഗത്ത് 9.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കും. ഡ്യുവൽ മോട്ടോർ, ട്രൈ മോട്ടോർ വേരിയന്റുകളാണ് വാഹനത്തിനുള്ളത്​.


ഡ്യുവൽ മോട്ടോർ വേരിയന്റ് 600 bhp മാക്സ് പവർ പുറപ്പെടുവിക്കും. വെറും 3.9 സെക്കൻഡിൽ 0-100 kmph വേഗത കൈവരിക്കാൻ ഇതിന് കഴിയും. കൂടുതൽ ശക്തമായ വേരിയന്റായ സൈബർബീസ്റ്റും ലഭ്യമാണ്​. 845 bhp മാക്സ് പവർ വാഗ്ദാനം ചെയ്യുന്ന ഈ വേരിയന്‍റ്​ 2.6 സെക്കൻഡിൽ 0-100 kmph വേഗത കൈവരിക്കും.

നിലവിൽ, സൈബർട്രക്കിന്റെ കൃത്യമായ ബാറ്ററി പാക്ക് വിവരങ്ങൾ ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല. AWD വേരിയന്റിന് സിംഗിൾ ചാർജിൽ ഏകദേശം 340 മൈൽ അല്ലെങ്കിൽ 547 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ്​ സൂചന. സൈബർബീസ്റ്റ് വേരിയന്റിന് ഒരു ചാർജിൽ 514 കിലോമീറ്റർ യാത്ര ചെയ്യാൻ കഴിയും.

Tags:    
News Summary - Tesla Cybertruck delivery event: Elon Musk hands over the first trucks to customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.