മാരുതിയുടെ ജനപ്രിയ എസ്.യു.വിയായ വിറ്റാര ബ്രെസ്സ മുഖംമിനുക്കുന്നു. അകത്തും പുറത്തും മാറ്റങ്ങളുമായാണ് പുതിയ വാഹനം എത്തുന്നത്. മാരുതി അതിന്റെ കോംപാക്റ്റ് എസ്‌യുവിയുടെ ബ്രാൻഡിങിൽ നിന്ന് 'വിറ്റാര' പ്രിഫിക്‌സ് ഒഴിവാക്കുമെന്നാണ് സൂചന. പുതിയ മോഡലിനെ മാരുതി സുസുകി ബ്രെസ്സ എന്നായിരിക്കും വിളിക്കുക. വലിയ വിറ്റാര എസ്‌യുവി കമ്പനി വിദേശത്ത് വിൽക്കുന്നുണ്ട്. ബ്രെസ്സയുടെ പേരിൽ നിന്ന് വിറ്റാര നീക്കം ചെയ്യുകയും പുതിയ തലമുറ വിറ്റാരയെ ഇന്ത്യയിലെത്തിക്കുകയുമാണ് സുസുകിയുടെ ലക്ഷ്യമെന്നാണ് സൂചന.
എക്സ്റ്റീരിയർ
പരിഷ്കരിച്ച ബ്രെസ്സയ്ക്ക് പുതിയ ബോഡി പാനലുകളും ഷീറ്റ്-മെറ്റൽ ഭാഗങ്ങളും ലഭിക്കും. മുൻവശത്ത്, ഫെൻഡറുകളും ബോണറ്റും എല്ലാം പുതിയതാണ്. ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഒരൊറ്റ യൂനിറ്റായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിനിടയിൽ ചില മാറ്റ് ബ്ലാക് ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഗ്രില്ലിൽ വലിയ ക്രോം സ്ട്രിപ്പുകൾ പിടിപ്പിച്ചിട്ടുണ്ട്. തടിച്ച സുസുകി ലോഗോ നിലനിർത്തിയിരിക്കുന്നു. ഫ്രണ്ട് ബമ്പറിൽ ഇപ്പോഴും കറുപ്പ് നിറത്തിൽ 'ബുൾ-ബാർ' ലഭിക്കും.
എസ്‌യുവിയുടെ ബോഡിഷെൽ ഔട്ട്‌ഗോയിങ് മോഡലിന്റെ അതേ ഘടനയായതിനാൽ വശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പുതിയ ബ്രെസ്സയുടെ വീൽ ആർച്ചുകൾക്കും വാതിലുകൾക്കും ചുറ്റും പുതിയ ബോഡി ക്ലാഡിങ് ഉണ്ട്. ചില വേരിയന്റുകൾ സൺറൂഫോടെയാണ് വരുന്നത്.
പിൻഭാഗത്തെ റാപ്പറൗണ്ട് ടെയിൽ-ലാമ്പുകൾ ഇപ്പോൾ ടെയിൽഗേറ്റിലേക്ക് നീളുന്നു. പിൻഭാഗത്ത് ബ്രെസ്സ എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരുന്നത്, നമ്പർ പ്ലേറ്റ് ഹൗസിങ് ലാമ്പുകൾക്ക് താഴെയായി മാറ്റി. പിൻ ബമ്പറും പുതുമയുള്ളതാണ്. കൂടാതെ പരുക്കൻ ലുക്ക് നൽകുന്നതിന് ഫോക്സ് സ്കിഡ് പ്ലേറ്റിൽ സിൽവർ ആക്‌സന്റുകൾ ഉള്ള കറുത്ത ഇൻസേർട്ടും ലഭിക്കും.
ഇന്റീരിയറും ഫീച്ചറുകളും
പുതിയ ബ്രെസ്സയ്ക്കും വരാനിരിക്കുന്ന ബലേനോയ്ക്കും പൊതുവായ നിരവധി ഭാഗങ്ങൾ ഉണ്ടായിരിക്കും. പ്രത്യേകിച്ച് ഇന്റീരിയറിൽ. ഡാഷ്‌ബോർഡ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിങ് വീൽ, കൺട്രോൾ ബട്ടനുകൾ, ഫ്രീ-സ്റ്റാൻഡിങ് ടച്ച്‌സ്‌ക്രീൻ യൂനിറ്റുള്ള പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ രണ്ട് മോഡലുകൾക്കും പങ്കിടാൻ സാധ്യതയുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുള്ളിലെ എസ്ഒഎസ് ഫോൺ കോൾ ഓപ്ഷനും പുതുമയാണ്.
കണക്റ്റഡ് സാങ്കേതികവിദ്യയും ലഭിക്കും. പുതിയ പോപ്പ്-അപ്പ് സ്‌ക്രീൻ അർഥമാക്കുന്നത് മാരുതിയുടെ പുതിയ ഡിജിറ്റൽ ആർക്കിടെകളും ബ്രെസ്സയിൽ ഫീച്ചർ ചെയ്യാനാകുമെന്നാണ്. സുസുകി ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിറ്റാര ബ്രെസ്സ. 2022 ബ്രെസ്സയിലും അതേ പ്ലാറ്റ്ഫോം തുടരും. ഇതോടൊപ്പം സുസുകിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഹനത്തിൽ ഉൾപ്പെടുത്തും. ഉയർന്ന പതിപ്പുകൾക്ക് പാഡിൽ ഷിഫ്റ്ററുകളും ലഭിക്കും.
മാരുതിയുടെ അപ്‌ഡേറ്റ് ചെയ്ത മോഡലുകളുടെ നീണ്ട നിരയാണ് വരുംകാലത്ത് പുറത്തിറങ്ങുക. അതിൽ, സെലേറിയോ അടുത്തിടെ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. എക്സ്.എൽ 6, ബലേനോ, എസ് ക്രോസ് തുടങ്ങിയ മോഡലുകളും പുതുക്കുകയാണ് കമ്പനി. അടുത്ത വർഷം ആദ്യ പകുതിയിൽ (ജൂലായ്-ഓഗസ്റ്റ് മാസത്തോടെ) ബ്രെസ്സ വിപണിയിലെത്താനാണ് സാധ്യത. പുതിയ ആൾട്ടോയും അടുത്ത വർഷം അവസാനം ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.