ജനപ്രിയ മോഡൽ മാരുതി തന്നെ; ക്രെറ്റയെയും പഞ്ചിനെയും പിന്നിലാക്കി ബലേനോയുടെ കുതിപ്പ്

ന്ത്യയിലെ ജനപ്രിയ മോഡൽ തങ്ങളുടേതു തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് മാരുതി സുസുക്കി. വിൽപ്പന കണക്കിൽ ഹ്യുണ്ടായ് ക്രെറ്റ മുന്നേറിയതിന്‍റെ തൊട്ടടുത്ത മാസം വിപണിയിൽ തങ്ങളുടെ കരുത്ത് കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് മാരുതി. നവംബർ മാസത്തെ വിൽപ്പനക്കണക്കിൽ 16,293 യൂണിറ്റുകളുമായി മാരുതി ബലേനോ മുന്നിൽ എത്തിയിരിക്കുകയാണ്. ഇക്കാലയളവിൽ 15,452 യൂണിറ്റുകളുടെ വിൽപ്പനയുമായി ക്രെറ്റ രണ്ടാം സ്ഥാനത്താണ്.

ഒക്ടോബറിലെ കണക്കുകളിൽ ക്രെറ്റ ഒന്നാമതും (17,497) ബലേനോ (16,082) രണ്ടാമതുമായിരുന്നു. നവംബറിലെ കണക്കിൽ ടാറ്റ പഞ്ച് (15,435), ടാറ്റ നെക്സോൺ (15,329), മാരുതി എർട്ടിഗ (15,150) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് കാറുകൾ. പഞ്ചിന് മുൻ മാസത്തേക്കാൾ 700ഓളം യൂണിറ്റിന്‍റെ വിൽപ്പനക്കുറവ് വന്നപ്പോൾ, നെക്സോണിന് അത്രയും പുതിയ ഉപയോക്താക്കളെ കണ്ടെത്താനായി. 900ത്തിലേറെ യൂണിറ്റിന്‍റെ വർധനയാണ് എർട്ടിഗയുടെ വിൽപ്പനയിൽ ഉണ്ടായത്.

കഴിഞ്ഞ വർഷം ഇതേകാലയളവിലെ വിൽപ്പനയേക്കാൾ വമ്പൻ കുതിപ്പാണ് കാർ വിപണിയിൽ ഉണ്ടായത്. ബലേനോ മുൻവർഷത്തെ അപേക്ഷിച്ച് മൂവായിരത്തിലേറെ യൂണിറ്റ് അധികമായി വിറ്റപ്പോൾ, നാലായിരത്തിനടുത്താണ് ക്രെറ്റയുടെ വർധന. ടാറ്റ പഞ്ച് 1000 യൂണിറ്റ് വിൽപ്പന ഉയർത്തിയപ്പോൾ നെക്സോണിന്‍റെ ഉയർച്ച 400 യൂണിറ്റുകളാണ്. രണ്ടായിരത്തിലേറെ അധിക യൂണിറ്റുകൾ വിൽക്കാൻ എർട്ടിഗക്കുമായി.

മാരുതിയുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിനെയും വാഗൺആറിനെയും പിന്തള്ളിയാണ് ബലേനോയുടെയും എർട്ടിഗയുടെയും കുതിപ്പ്. 1197 സി.സി പെട്രോൾ എൻജിനിൽ ഇറങ്ങുന്ന ബലേനോ 88.5 ബിഎച്ച്പി പവറും 113 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. 8.4 ലക്ഷം മുതൽ 9.83 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

ടോപ് ഫൈവ് ലിസ്റ്റിലെ ഏക മിഡ്സൈസ് എസ്.യു.വിയാണ് ഹ്യുണ്ടായ് ക്രെറ്റ. മൂന്ന് എൻജിൻ ഓപ്ഷനുകളിലും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 3 ഓട്ടോമാറ്റിക് ഓപ്ഷനിലും വാഹനം ലഭ്യമാണ്. 11 ലക്ഷം മുതൽ 20.3 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. സബ് കോംപാക്ട് എസ്.യു.വിയായ ടാറ്റ പഞ്ച് പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് എൻജിനുകളിൽ ലഭ്യമാണ്. പെട്രോൾ വേരിയന്‍റിന് 6.13 മുതൽ 10 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. 

Tags:    
News Summary - Top 5 best selling cars in November 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.