Toyota Innova Crysta diesel bookings paused

ഇന്നോവ ക്രിസ്റ്റ ഡീസൽ മോഡലിന്റെ ബുക്കിങ് നിർത്തിവച്ച് ടൊയോട്ട; കാരണം ഇതാണ്

ടൊയോട്ടയുടെ ഇന്ത്യയിലെ ഹോട്ട്സെല്ലറായ ഇന്നോവ ക്രിസ്റ്റ ഡീസൽ മോഡലിന്റെ ബുക്കിങ് നിർത്തിവച്ചു. ഡീലർമാരെ ഉദ്ധരിച്ച് 'ഓട്ടോകാർ ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാഹനം നിലവിൽ ബുക്ക് ചെയ്തവർക്കുള്ള ഡെലിവറി വൈകു​മെന്നും സൂചനയുണ്ട്. എപ്പോൾ ബുക്കിങ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഡീലർമാർക്കും ഉറപ്പില്ല. അടുത്ത തലമുറയിൽ പെട്രോൾ ഹൈബ്രിഡ് എഞ്ചിനുകൾ മാത്രമാകും ഇന്നോവയിൽ ഉണ്ടാവുകയെന്ന സൂചനയും കമ്പനിവൃത്തങ്ങൾ നൽകുന്നു.

സെമികണ്ടക്ടർ ക്ഷാമമാണ് ക്രിസ്റ്റ ഡീസൽ ബുക്കിങ് നിർത്തിവയ്ക്കാൻ കാരണം. ആഗോളതലത്തിൽ പ്രമുഖ വാഹന കമ്പനികളുടെയെല്ലാം നിർമാണത്തെ ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ടൊയോട്ട ഡീസൽ വേരിയന്റിനായി ഓഗസ്റ്റ് ആദ്യ ആഴ്ച്ചകളിൽ ലഭിച്ച എല്ലാ ബുക്കിങുകളും നിശ്ചിത സമയത്തിനനുസരിച്ച് പൂർത്തീകരിക്കുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ മാസം വൈകി നടത്തിയ ബുക്കിങുകൾ ഏതാനും മാസം താമസിക്കാൻ ഇടയുണ്ട്. ഡീസൽ എഞ്ചിൻ ഉള്ള ഫോർച്യൂണറിനെ പ്രതിസന്ധി ബാധിക്കില്ലെന്നും ഡീലർമാർ പറയുന്നു.

ഈ വർഷം അവസാനം, ടൊയോട്ട അടുത്ത തലമുറ ഇന്നോവ അവതരിപ്പിക്കും. അതിനെ ഇന്നോവ ഹൈക്രോസ് എന്നായിരിക്കും വിളിക്കുക. രണ്ട് ഇന്നോവ മോഡലുകളും ഒന്നിച്ച് വിൽക്കുമെന്നാണ് സൂചന. ടൊയോട്ടയുടെ ടി.എൻ.ജ.എ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്നോവ ഹൈക്രോസ്. ഈ മോഡലിൽ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ മാത്രമേ ലഭിക്കൂ.

ഇന്നോവ ക്രിസ്റ്റയ്ക്ക് രണ്ട് എഞ്ചിനുകളാണ് നിലവിലുള്ളത്. 150 എച്ച്പി, 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും 166 എച്ച്പി, 2.7 ലിറ്റർ പെട്രോൾ എഞ്ചിനുമാണത്. രണ്ടും 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏഴ്, എട്ട്, സീറ്റുകളുള്ള ലേഔട്ടിൽ ഇന്നോവ ക്രിസ്റ്റ ലഭ്യമാണ്.

Tags:    
News Summary - Toyota Innova Crysta diesel bookings paused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.