10 മിനിറ്റ് ചാർജ് ചെയ്താൽ 1200 കിലോമീറ്റർ ഓടാം; ഇലക്ട്രിക് വാഹന വിപണിയെ ഞെട്ടിക്കാൻ ടൊയോട്ട

‘എത്രകിട്ടും’ എന്ന ഉത്കണ്ഠ പെട്രോളിലും ഡീസലിലും പോലെത്തന്നെ ഇലക്ട്രിക് വാഹനങ്ങളിലും വച്ചുപുലർത്തുന്നവരാണ് ഉപഭോക്താക്കൾ. നേരത്തേ അത് മൈലേജ് ആയിരുന്നെങ്കിൽ ഇപ്പോഴത് റേഞ്ച് ആയി വ്യത്യാസപ്പെട്ടിട്ടുണ്ടെന്ന് മാത്രം. ഇത്തരം റേഞ്ച് ഉത്കണഠകളെ അപ്പാടെ ഇല്ലാതാക്കാനുള്ള സാ​ങ്കേതികവിദ്യ ടൊയോട്ട വികസിപ്പിച്ചതായാണ് വാഹനലോകത്ത് അഭ്യൂഹങ്ങൾ പരക്കുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 1200 കിലോമീറ്റർ ഓടുന്ന വാഹനത്തിന്റെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹനഭീമൻ എന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ ഇന്ത്യയില്‍ ബാറ്ററി ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ വികസനഘട്ടത്തിലാണ്. പല ലോക രാജ്യങ്ങളിലും മികച്ച ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിലവിലുണ്ട്. എന്നിരുന്നാലും ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം അവിടെയും പ്രശ്‌നമാണ്. ഇപ്പോള്‍ വിപണിയിലുള്ള ഇ.വി ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കാനാകൂ.

താങ്ങാവുന്ന വിലയില്‍ മാസ് മാര്‍ക്കറ്റ് ഇവികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഏറെനാളായി ടൊയോട്ട. നിലവിലുള്ള ഇലക്ട്രിക് കാറുകളില്‍ ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് ബദലായി സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പത്ത് മിനിറ്റില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനാകുമെന്നതാണ് സോളിഡ് സ്റ്റേറ്റ് ടെക്‌നോളജിയുടെ പ്രത്യേകത. ഈ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 1200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ഏറെ വൈകാതെ ടൊയോട്ട ലിഥിയം-അയണ്‍ ബാറ്ററികളുടെ അടുത്ത തലമുറയെ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ടൊയോട്ടയുടെ BZ4X ഇവിയിലെ പെര്‍ഫോമന്‍സ് പതിപ്പുകളുടെ ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതിൽ ഇരട്ടിയിലധികമാണ് റേഞ്ച് വരിക. നിലവില്‍ BZ4X 615 കിലോമീറ്റര്‍ ആണ് റേഞ്ച് നല്‍കുന്നത്. അപ്പോള്‍ 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററികളായിരിക്കും ഇത്. 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയാകുമെന്നതും പ്രത്യേകതയാണ്.

പുതുതലമുറ ബാറ്ററികള്‍ 2026-ഓടെ ടൊയോട്ട കാറുകളില്‍ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ് മാര്‍ക്കറ്റ് കാറുകള്‍ക്കായി പുതിയ തരം ബൈ പോളാര്‍ LFP ബാറ്ററികളും ടൊയോട്ട വികസിപ്പിക്കുന്നുണ്ട്. 2026-27 കാലയളവില്‍ ഇവ അരങ്ങേറ്റം കുറിച്ചേക്കാം. ടൊയോട്ടയുടെ അടുത്ത തലമുറ ലിഥിയം അയണ്‍ ബാറ്ററിയും സോളിഡ്-സ്റ്റേറ്റ് ബാറ്ററിയും ഇ.വി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Toyota plans EV with 1,200-km range that fully charges in 10 mins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.