ടൊയോട്ടയുടെ ജനപ്രിയ പിക്കപ്പായ ഹൈലക്സ് എട്ട് ലക്ഷംവരെ വിലക്കുറവിൽ വിൽക്കുന്നെന്ന വാർത്ത വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വിശ്വസിച്ച പലരും ഡീലർഷിപ്പുകളിൽ വിളിക്കുകയും നേരിട്ട് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി ടൊയോട്ട തന്നെ നേരിട്ട് രംഗത്ത് എത്തിയിട്ടുണ്ട്.
30.40 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ഹൈലക്സ് മോഡലുകൾക്ക് ആറ് മുതൽ എട്ട് ലക്ഷം വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ ഇന്ത്യയിലെ ചില ഡീലർഷിപ്പുകൾ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഉയർന്ന മോഡലിന് 37.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന് 8 ലക്ഷം രൂപ വരെ വിലക്കുറവ് നൽകുമെന്നു കേട്ടാൽ ആരും ആകൃഷ്ടരാകും. ഇതോടെ വലിയരീതിയിലുള്ള എൻക്വയറികൾ ഹോറൂമുകളിൽ ലഭിക്കാൻ തുടങ്ങി. എന്നാൽ ഈ വാർത്തകളിൽ വിശ്വസിക്കരുതെന്നാണ് ടൊയോട്ട പറയുന്നത്. കമ്പനി ഇത്തരം ഓഫർ നൽകുന്നില്ലെന്നും 30.40 ലക്ഷം രൂപയും 37.90 ലക്ഷം രൂപയുമാണ് ഹൈലക്സിന്റെ നിലവിലെ വിലയെന്നും ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2022 മാർച്ചിൽ വിൽപ്പനയ്‌ക്കെത്തിയ ഹൈലക്‌സിന്റെ 1,300 യൂനിറ്റുകൾ മാത്രമാണ് ടൊയോട്ട ഇന്ത്യയിൽ വിറ്റഴിച്ചത്. ഈ വർഷം ആദ്യം ഹൈലക്‌സിന്റെ മോഡലുകളുടെ വിലയില്‍ ടൊയോട്ട മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി, ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്‌സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തേ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില 35.80 ലക്ഷമായിരുന്നത് 37.15 ലക്ഷമായി വര്‍ധിച്ചു.
2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനിലാണ് ടൊയോട്ട ഇന്ത്യയിൽ ഹൈലക്‌സിനെ അവതരിപ്പിച്ചിരിക്കുന്നത്. മാനുവൽ വേരിയന്റിൽ 204 bhp പവറിൽ 420 Nm ടോർക് വരെ ലഭിക്കുന്ന രീതിയിൽ ട്യൂൺ ചെയ്‌തപ്പോൾ ഓട്ടോമാറ്റിക് വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 500 Nm ആയി വർധിക്കും. ലോ-ഹൈ ട്രാൻസ്ഫർ കെയ്‌സും A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ ഫീച്ചറും ഹൈലക്‌സിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.