ടൊയോട്ട അർബൻ ക്രൂസർ സബ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിൽ വിപണിയിലെത്തി. വില 8.40 ലക്ഷം മുതൽ 11.30 ലക്ഷം വരെ. മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വാഹനം വിൽപ്പനക്കെത്തും, ഇവക്കെല്ലാം മാനുവൽ, ഓട്ടോമാറ്റിക് വേരിയൻറുകൾ ഉണ്ടാകും. ഒക്ടോബർ പകുതിയോടെ വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാകും.
മാരുതി സുസുക്കി വിറ്റാര ബ്രെസ്സയെ അടിസ്ഥാനമാക്കിയുള്ളതാണ് അർബൻ ക്രൂസർ. ടൊയോട്ട ഗ്ലാൻസയ്ക്ക് ശേഷം സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിൽ നിന്ന് വരുന്ന രണ്ടാമത്തെ മോഡലാണിത്. ടൊയോട്ട കിർലോസ്‌കർ മോട്ടോറിൽ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയുമാണ് അർബൻ ക്രൂസർ.
ബ്രെസ്സയും അർബൻ ക്രൂസറും തമ്മിൽ
ബ്രെസ്സയെ അപേക്ഷിച്ച് തൊലിപ്പുറത്തുള്ള ചില പരിഷ്കാരങ്ങൾ ടൊയോട്ട അർബൻ ക്രൂസറിൽ കാണാനാകും. ക്രോം ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിംഗ്, എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുന്നിൽ നിന്ന് നോക്കിയാല ഇരു വാഹനങ്ങളും വ്യത്യാസമുള്ളതായി തിരിച്ചറിയാൻ സാധിക്കും. സിംഗിൾ ടോൺ, ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ വാഹനം വരുന്നുണ്ട്. നീല, തവിട്ട്, വെള്ള, ഓറഞ്ച്,സിൽവർ,ഗ്രെ എന്നിവയാണ് അടിസ്ഥാന നിറങ്ങൾ. നീല/കറുപ്പ്, തവിട്ട് / കറുപ്പ്, ഓറഞ്ച് / വെള്ള എന്നിങ്ങനെയാണ് ഡ്യൂവൽടോൺ നിറങ്ങൾ വരിക.
ഇൻറീരിയർ
അർബൻ ക്രൂസറിെൻറ ഇൻറീരിയർ ബ്രെസ്സയുടേതിന് സമാനമാണ്. സ്റ്റിയറിംഗ് വീലിലെ ടൊയോട്ട ലോഗോയും കറുപ്പ് നിറമുള്ള ഇരുണ്ട തവിട്ട് നിറമുള്ള ഇരട്ട-ടോൺ കളർ സ്കീമും മാത്രമാണ് വ്യത്യാസം. സവിശേഷതകളുടെ പട്ടികയിൽ പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും എല്ലാ വേരിയൻറുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും. എൽഇഡി ലൈറ്റിംഗ് പാക്കേജും ലഭിക്കും. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നു. ക്രൂസ് കൺട്രോളിനോടൊപ്പം ഇലക്ട്രോ ക്രോമിക് റിയർവ്യൂ മിററും ലഭിക്കും.
എഞ്ചിൻ
ബ്രെസ്സയിൽ നിന്നുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ കെ-സീരീസ് ബിഎസ് 6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 103 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡും നാല് സ്പീഡ് ടോർക് കൺവെർട്ടർ ഒാേട്ടാമാറ്റിക് യൂനിറ്റ് ഓപ്ഷനലുമായിരിക്കും. വാഹനത്തിന് ഡീസൽ എഞ്ചിൻ നൽകുമോയെന്ന ചോദ്യം ഉപഭോക്താക്കൾ നിരന്തരം ഉയർത്തുന്നതാണ്. ബ്രെസ്സക്ക് ഡീസൽ എഞ്ചിൻ ഒഴിവാക്കിയതോടെ വിൽപ്പനയിൽ പിറകോട്ട് പോയിരുന്നു. നിലവിൽ ഡീസൽ എഞ്ചിൻ അർബൻ ക്രൂസറിന് നൽകാൻ പദ്ധതിയില്ലെന്നാണ് ടൊയോട്ടയും പറയുന്നത്. മാനുവൽ പതിപ്പ് 17.03 കിലോമീറ്ററായിരിക്കും ഇന്ധനക്ഷമത. ഓട്ടോമാറ്റികിൽ 18.76 കിലോമീറ്ററും ലഭിക്കും. മിതമായ-ഹൈബ്രിഡ് സാങ്കേതികവിദ്യയും എഞ്ചിനിൽ ഉപയോഗിച്ചിട്ടുണ്ട്.
സുരക്ഷ
ഇരട്ട എയർബാഗുകൾ, ആൻറി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), റിയർ വ്യൂ ക്യാമറയുള്ള റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട് എന്നിവ എല്ലാ വേരിയൻറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സൺ, മഹീന്ദ്ര എക്‌സ്‌യുവി 300, പുതിയ കിയ സോനെറ്റ് എന്നിവയാണ് പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.