ട്രംപിന് ടെസ്‌ല സൈബര്‍ട്രക്ക് സമ്മാനിച്ച് മകന്‍റെ സുഹൃത്ത്; വശങ്ങളിൽ വധശ്രമത്തിന്‍റെ ചിത്രം

യു.എസ് മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ടെസ്‌ല സൈബര്‍ട്രക്ക് സമ്മാനിച്ച് അമേരിക്കന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ അഡിന്‍ ഡേവിഡ് റോസ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അഡിന്‍ റോസ്, ട്രംപിന്‍റെ മകൻ ബാരൺ ട്രംപിന്‍റെ സുഹൃത്ത് കൂടിയാണ്. ഇലക്ട്രിക് കാറുകളോട് അത്ര താല്‍പര്യമില്ലാത്ത ട്രംപ് എതായാലും സൈബര്‍ ട്രക്കില്‍ സന്തുഷ്ടനാണെന്നാണു ലഭ്യമായ വിവരം. ട്രംപിന് പുതിയ റോളക്‌സ് വാച്ചും അഡിന്‍ റോസ് സമ്മാനിച്ചതായാണു വിവരം. സൈബര്‍ട്രക്ക് കണ്ടതിന് ശേഷം ‘ഇത് അവിശ്വസനീയമാണെന്ന് കരുതുന്നതായി’ ട്രംപ് പറഞ്ഞു.

ട്രംപിന്റെ സ്വകാര്യ വസതിയായ മാര്‍ എ ലാഗോയിലെ പോര്‍ട്ട് കോച്ചറിലും ഫ്‌ളോറിഡയിലെ സ്വകാര്യ ക്ലബ്ബിലും നിര്‍ത്തിയിട്ടിരിക്കുന്ന സൈബർട്രക്ക് ട്രംപ് പരിശോധിക്കുന്നതിന്റെ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഏറെ ജനപ്രീതി നേടിയ സൈബര്‍ട്രക്കിന്റെ കസ്റ്റമൈസ്ഡ് മോഡല്‍ ആണ് ട്രംപിനു സമ്മാനമായി ലഭിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുകളില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന് എഴുതിയിട്ടുണ്ട്. വാഹനത്തിന്‍റെ ഇരുവശത്തും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധശ്രമത്തിൽനിന്ന് തലനാരിഴക്ക് രക്ഷപെട്ട ട്രംപിന്റെ ചിത്രം പ്രിന്‍റ് ചെയ്തിട്ടുണ്ട്.

 

കരുത്തിന്റെ കാര്യത്തില്‍ ഒട്ടും നിസാരനല്ല സൈബര്‍ട്രക്ക്. ഭാരംകൂടിയ വസ്തുക്കള്‍ നീക്കാനും വലിയ വാഹനങ്ങള്‍ കെട്ടിവലിക്കാനും ഈ ട്രക്കിനു കഴിയും. 14,000 പൗണ്ടാണ് ഭാരവാഹക ശേഷി. സൈബര്‍ ട്രക്കിന്റെ കണ്‍സെപ്റ്റ് പതിപ്പ് 2019ലാണ് ആദ്യമായി മുന്നില്‍ അവതരിപ്പിച്ചത്. ഒറ്റ ചാര്‍ജില്‍ ഏതാണ്ട് 550 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. സൈബര്‍ബീസ്റ്റ്, ഓള്‍ വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ സൈബര്‍ട്രക്ക് ലഭ്യമാണ്.

സൈബര്‍ബീസ്റ്റ് വേരിയന്റിന് 2.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവും. മണിക്കൂറിൽ 209 കിലോമീറ്ററാണ് പരമാവധി വേഗത. 845 ബി.എച്ച്.പിയും ഏകദേശം 14,000 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ടെസ്‌ല സൈബര്‍ട്രക്കിനാവും. ഇലക്ട്രിക് വാഹനത്തിന്റെ എ.ഡബ്ലൂ.ഡി വേരിയന്റിന് 600 ബി.എച്ച്.പി വരെ കരുത്ത് നല്‍കാനാവും വിധമാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇതിന് ഒറ്റ ചാര്‍ജില്‍ പരമാവധി 550 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ആര്‍.ഡബ്ല്യു.ഡി പതിപ്പിന് 3,400 കിലോഗ്രാം ഭാരം വഹിക്കാനും 400 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചുമാണുള്ളത്.

ഡിസൈനിലേക്ക് നോക്കിയാല്‍ കോണാകൃതിയിലുള്ള ബോഡി വര്‍ക്കുകളും കാറിന്റെ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന വ്യക്തമായ ചാരനിറത്തിലുള്ള പാനലുകളുമാണ് പ്രധാന ആകര്‍ഷണം. ഹെവി ഡ്യൂട്ടി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡി ഘടനയുള്ള വാഹനമാണ് സൈബര്‍ ട്രക്ക്. കാബിനില്‍ 17 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാനാവും. സൈബര്‍ട്രക്കിന് ഇതിനകം 10 ലക്ഷത്തില്‍ അധികം പ്രീ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ഡെലിവറി ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം.


Tags:    
News Summary - Trump gifted a Tesla Cybertruck with image of near-assassination by his son’s friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.