എം.ജി കോമറ്റിന് ഒരുകോടി രൂപയുടെ നമ്പർ പ്ലേറ്റ്!; വാർത്തയുടെ വാസ്തവമിങ്ങനെ

ഴു ലക്ഷം രൂപ വില വരുന്ന വാഹനത്തിനു ഒരുകോടി രൂപ നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  വിലയുടെ പതിനാല് ഇരട്ടി നല്‍കി നമ്പര്‍ സ്വന്തമാക്കി എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്തയുടെ ഉള്ളടക്കം. ആര്‍.എന്‍.ക്യു 4 എന്ന നമ്പര്‍ ലഭിക്കുന്നതിനുവേണ്ടി രാജസ്ഥാൻ സ്വദേശിയായ ഉടമ ഒരു കോടി രൂപ നല്‍കി എന്നാണ് പ്രചരിച്ച വിഡിയോയില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഓട്ടോജേര്‍ണല്‍ ഇന്ത്യ എന്ന പേജിലാണ് ഒരുകോടി രൂപ നൽകി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയെന്ന പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

സവിശേഷമായ നമ്പര്‍ ആണിതെന്നതില്‍ തര്‍ക്കമില്ലെങ്കിലും ഒരു കോടി രൂപക്ക് സ്വന്തമാക്കി എന്നത് വസ്തുതാവിരുദ്ധമാണ്. നിലവില്‍ രാജസ്ഥാനിലെ ഏറ്റവും വിലകൂടിയ ഫാന്‍സി നമ്പര്‍ ആര്‍.ജെ 45 സി.ജി 1 ആണ്. 2024 ജൂണില്‍ 16 ലക്ഷം രൂപക്കാണ് ആ നമ്പര്‍ ലേലത്തില്‍ പോയത്. രാഹുല്‍ തനേജ എന്ന വ്യക്തിയാണ് ഇത്രയും ഉയർന്ന തുകയില്‍ തന്റെ ആഡംബര വാഹനമായ ജാഗ്വര്‍ എക്‌സ്.ജെ.എല്‍ എന്ന സെഡാന് വേണ്ടി ഈ നമ്പര്‍ സ്വന്തമാക്കിയത്. രാജസ്ഥാനിലെ രണ്ടാമത്തെ വിലകൂടിയ നമ്പറായ ആര്‍.ജെ 14 സി.പി 1 എന്ന നമ്പറും രാഹുല്‍ തനേജയുടെ കൈകളില്‍ തന്നെയാണ്. 10.31 ലക്ഷത്തിനാണ് ആ നമ്പര്‍ സ്വന്തമാക്കിയത്. ബി.എം.ഡബ്ല്യു 5 സീരീസിനു വേണ്ടി സ്വന്തമാക്കിയ ഈ നമ്പര്‍ പിന്നീട് ബി.എം.ഡബ്ല്യു 7 സീരീസ് വാങ്ങിയപ്പോള്‍ അതിലേക്കു മാറ്റുകയും ചെയ്തു.

സാധാരണയായി ഒരു വാഹനം വാങ്ങിയതിനു ശേഷം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്‌ട്രേഷന്‍ ഫീസും റോഡ് ടാക്സും അടച്ചാല്‍ നമ്പര്‍ ലഭിക്കും. പഴയ വാഹനത്തിന്റെ നമ്പര്‍ ട്രാന്‍സ്ഫര്‍ ചെയ്തു ലഭിക്കണമെങ്കില്‍ മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ ഒരേ വാഹനം സ്വന്തമായി ഉണ്ടായിരിക്കണം. ഇനിയാണ് യഥാര്‍ഥ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതിനായി ആര്‍.ടി ഓഫീസില്‍ നാല് വിഭാഗത്തിലുള്ള നമ്പറുകളുണ്ട്. വി.ഐ.പി നമ്പര്‍ പ്ലേറ്റ്, അട്രാക്റ്റീവ് നമ്പര്‍ പ്ലേറ്റ്, മോസ്റ്റ് അട്രാക്റ്റീവ് നമ്പര്‍ പ്ലേറ്റ്, ജനറല്‍ നമ്പര്‍ പ്ലേറ്റ് എന്നിങ്ങനെയാണ് ഇവ തരംതിരിച്ചിരിക്കുന്നത്. മേല്‍പറഞ്ഞ രീതിക്ക് അനുസരിച്ച് ഫീസിലും വ്യത്യാസങ്ങളുണ്ട്. 300 രൂപ മുതല്‍ 2000 രൂപയും അതിനു മുകളിലേക്കും നമ്പറുകള്‍ക്ക് അനുസരിച്ച് ഫീസില്‍ വ്യതിയാനങ്ങളുണ്ടാകും.

വാഹന്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചതിനു ശേഷം വെഹിക്കിള്‍ സര്‍വീസ് ലിസ്റ്റില്‍നിന്നും റീറ്റെന്‍ഷന്‍ ഓഫ് രജിസ്‌ട്രേഷന്‍ നമ്പര്‍ തിരഞ്ഞെടുക്കണം. ലോഗ് ഇന്‍ ചെയ്തതിനു ശേഷം സ്റ്റേറ്റ് ആര്‍.ടി.ഒയുമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇനി ഫീസ് അടച്ച്, ലഭിക്കുന്ന സ്ലിപ്പുമായി കാര്‍ ഡീലറിനെ സമീപിക്കാം. മോട്ടോര്‍ ലൈസന്‍സ് ഓഫീസറുടെ കാര്യാലയത്തിലെത്തി തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാവുന്നതാണ്.

ഇന്ത്യയില്‍ വില്‍പനയിലുള്ള ഇലക്ട്രിക് കാറായ എംജിയുടെ കോമെറ്റ് രണ്ടാമതൊരു ചെറുവാഹനം വീട്ടിലേക്ക് വാങ്ങിയാലോ എന്നാലോചിക്കുന്നവരുടെ ആദ്യ ചോയ്സായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബജറ്റ് വിലയില്‍ സിറ്റി ഉപയോഗത്തിനു മികച്ചത് എന്ന സവിശേഷതയും, കൊണ്ടുനടക്കാനും പാര്‍ക്കിങ്ങിനുമുള്ള എളുപ്പം, മികച്ച റേഞ്ച് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കുട്ടിക്കാറിനെ ജനപ്രിയമാക്കിയത്.

ചെറിയ കാര്‍ ആയതിനാല്‍ ഒരു കുടുംബത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സഞ്ചരിക്കാന്‍ കഴിയും വിധത്തിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ചാര്‍ജിങ്ങിന്റെ കാര്യത്തിലേക്ക് വന്നാല്‍, സാധാരണ എ.സി ചാര്‍ജര്‍ ഉപയോഗിച്ച് ഏഴ് മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാണെങ്കില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒറ്റ ചാര്‍ജില്‍ ഏകദേശം 230 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മൂന്ന് ഡ്രൈവിംഗ് മോഡുകളും മൈക്രോ ഇലക്ട്രിക് കാറില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ക്രീപ്പ് മോഡ്, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ കവറുകളുള്ള 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള കിടിലന്‍ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്. എംജി കോമറ്റിന് 6.99 ലക്ഷം മുതല്‍ 9.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വില വരുന്നത്. 

Tags:    
News Summary - Truth Behind MG Comet 1 Crore Number Plate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.