തൃശൂർ: സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ‘ആപ്’ യാഥാർഥ്യമായി. കേരള ഇ-മൊബിലിറ്റി ആപ് എന്ന കെ.ഇ.എം ആപാണ് ഇനിമുതൽ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഇ-വെഹിക്കിൾ ചാർജിങ് ആപ്.കെ.എസ്.ഇ.ബി ആരംഭിച്ച 1227 ചാര്‍ജിങ് കേന്ദ്രങ്ങളില്‍ അഞ്ചുതരത്തിലുള്ള ‘ആപ്പു’കളാണ് ഉപയോഗിക്കുന്നത്. ഇത്രയും എണ്ണം മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ആപ് കൊണ്ടുവരുമെന്ന് പ്രഖ്യാപനവും നടന്നു.
ഇപ്പോഴാണ് പ്രവർത്തനം പൂർണസജ്ജമായത്. ആപ് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഇതുപയോഗിച്ച് സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി സ്ഥാപിച്ച ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിലും 1165 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളിലും അനായാസം ചാർജ് ചെയ്യാം. ആപ് ഉപയോഗിച്ച് അടുത്തുള്ള ഇ.വി ചാർജിങ് സ്റ്റേഷനുകൾ ഏതാണെന്നറിയാം. അവയിൽ തിരക്കുണ്ടോ, കേടായിക്കിടക്കുകയാണോ തുടങ്ങിയവയൊക്കെ അറിയാനാകും.
അതേസമയം, സ്വകാര്യ ഇ.വി സ്റ്റേഷനുകൾക്ക് സാങ്കേതിക സഹായവും നിർമാണവും ഏറ്റെടുത്ത് നടത്തിക്കൊടുക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും ഡെപ്പോസിറ്റ് വർക്ക് ശൈലിയിൽ പൂർത്തീകരിച്ച് നൽകാനാണ് തീരുമാനം.
ആധുനിക ചാർജിങ് സ്റ്റേഷൻ ഉപകരണങ്ങളും ഗുണനിലവാരവും കെ.എസ്.ഇ.ബി ഉറപ്പാക്കും. അതോടൊപ്പം കെ.ഇ.എം ആപ് വഴി ചാർജ് ചെയ്ത് നൽകും. ചാർജിങ് സ്റ്റേഷനാവശ്യമായ ട്രാൻസ്ഫോർമറും മറ്റും സ്ഥാപിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി നിർവഹിക്കും. അനുയോജ്യമായ മേൽക്കൂരയും സാധ്യതക്ക് അനുസരിച്ച് റൂഫ് ടോപ് സോളാർ നിലയവും ഒരുക്കും. കെ.എസ്.ഇ.ബി എം പാനൽ ചെയ്യുന്ന വിദഗ്ധ സ്ഥാപനങ്ങൾ വഴിയാകും ഈ പ്രവൃത്തികൾ നിർവഹിക്കുകയെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
• ആപ് ഡൗൺലോഡ് ചെയ്യുക. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യുക.
• ചാർജിങ് തുടങ്ങാൻ ‘ഇനിഷിയേറ്റ് ചാർജിങ്ങി’ൽ തൊടുക. ആവശ്യമുള്ള സോക്കറ്റ്/ഗൺ തെരഞ്ഞെടുക്കുക.
• എത്ര യൂനിറ്റ് ഊർജം ആവശ്യമുണ്ട് എന്ന് സെലക്ട് ചെയ്യുക. ‘സ്റ്റാർട്ട് ചാർജിങ്ങി’ൽ തൊടുക.
• ഡെബിറ്റ്/ ക്രെഡിറ്റ്/ നെറ്റ് ബാങ്കിങ്/ യു.പി.ഐ വഴി പണം അടക്കുക.
• സ്റ്റാർട്ട് ബട്ടൺ അമർത്തുക. ചാർജിങ് പൂർത്തിയാവും വരെ കാത്തിരിക്കുക. അല്ലെങ്കിൽ സ്റ്റോപ് ചാർജിങ് അമർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.