ഇലക്ട്രിക് വാഹന യുഗത്തിലേക്ക് പുത്തൻ ചുവടുകളുമായി ജർമൻ വാഹന ഭീമനായ ഫോക്‌സ്‌വാഗൺ. ഹൈ പേർഫോമെൻസ് ഐ.ഡി.7 ജി.ടി.എക്സ്, ഐ.ഡി.7 ജി.ടി.എക്സ് ടൂറർ എന്നിവയാണ് ഫോക്‌സ്‌വാഗന്‍റെ ഇലക്ട്രിക് മോഡലുകൾ. ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കരുത്തുറ്റ 250 കെ.ഡബ്ല്യൂ (340 പി.എസ്) ഡ്യുവൽ മോട്ടോറും ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തോടും കൂടിയാണ് പുതിയ വാഹന ശ്രേണി പുറത്തിറങ്ങുന്നത്.
പ്രകടനത്തിൽ മുന്നിൽ നില്ക്കുന്ന ഐ.ഡി.7 ജി.ടി.എക്സിന് വെറും 5.4 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നതോടൊപ്പം 595 കിലോമീറ്റർ ഡബ്ല്യൂ.എൽ.ടി.പി റേഞ്ചും നല്കുന്നു. ഡി.സി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് വാഹനത്തിന് 26 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും. പരമാവധി പവർ 200 കിലോവാട്ടാണ്.
ഐ.ഡി.7 ജി.ടി.എക്സ് മുൻവശവും പിൻവശവും ജി.ടി.എക്സിന്‍റെ വ്യക്തിഗത രൂപകൽപ്പനയോടെയാണ് കമ്പനി പുറത്തിറക്കുന്നത്. സ്റ്റൈലിഷ് 20 ഇഞ്ച് സ്കജൻ അലോയ് വീലുകളും വിപുലമായ ഐക്യൂ.ലൈറ്റ് എൽ.ഇ.ഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകളും, കൂടാതെ, മുൻവശത്തെ എയർ ഇൻടേക്കുകളിൽ സവിശേഷമായ ജി.ടി.എക്സ് നിർദ്ദിഷ്ട ലൈറ്റ് സിഗ്നേച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. അകത്ത്, യാത്രക്കാർക്ക് ചുവന്ന സ്റ്റിച്ചിങ്ങും ജി.ടി.എക്സ് ലെറ്ററിങ്ങും ഉള്ള ഹീറ്റഡ് സീറ്റുകൾ, ചുവന്ന ആക്‌സന്‍റുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിങ് വീൽ, 30 കളർ ആംബിയന്‍റ് ലൈറ്റിങ് എന്നിവയും ചേർത്തിരിക്കുന്നു. വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഓഗ്‌മെൻഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഐ.ഡി.7 ജി.ടി.എക്സ് ടൂറർ ഫാസ്റ്റ്ബാക്ക് ജി.ടി.എക്സിന്‍റെ അതേ ത്രില്ലിങ് പ്രകടനം നൽകുന്നു. എന്നാൽ ഒരു പ്രായോഗിക എസ്റ്റേറ്റ് ബോഡി ശൈലിയിലാണ് ഇതിന്‍റെ ഡിസൈൻ. സമാനമായ സാങ്കേതികവിദ്യ ഉണ്ടായിരുന്നിട്ടും, ടൂറർ കാർഗോ സ്‌പേസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ പിന്നിലെ സീറ്റുകൾ മടക്കിവെച്ചുകൊണ്ട് 605 ലിറ്റർ ലഗേജ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു. ഇത് ഫാസ്റ്റ്ബാക്കിന്‍റെ 532 ലിറ്ററിനേക്കാൾ അല്പം കൂടുതലാണ്. ഐ.ഡി.7 ജി.ടി.എക്സ് ടൂററിന് 5.5 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ 584 കിലോമീറ്റർ വരെ ഡബ്ല്യൂ.എൽ.ടി.പി റേഞ്ചുമുണ്ട്. ഇത് ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ ഫോക്‌സ്‌വാഗൺ എസ്റ്റേറ്റായി മാറാൻ ഇതിൽപരം യോഗ്യതകൾ ആവശ്യമില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.