ഐ.ഡി.4 ഇലക്ട്രിക് എസ്.യു.വി ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിട്ട് ഫോക്‌സ്‌വാഗൺ. EV6ൽ കിയയുടെ അതേ പാതയാണ് ജർമ്മൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗനും പിന്തുടരുന്നത്. പൂർണമായും വിദേശത്ത് നിർമ്മിച്ച (സി.ബി.യു, കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
പരിമിതമായ എണ്ണം (2500 യൂനിറ്റ്) കാറുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ കഴിയുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. ഐ.ഡി 4 ഇന്ത്യയിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനുള്ള പരിശോധനകൾ 2022 ഓഗസ്റ്റ് മുതൽ ആരംഭിക്കും. തുടർന്ന്, ഇ.വികൾക്കായുള്ല സംവിധാനങ്ങൾ ഇന്ത്യയിൽ സജ്ജീകരിക്കും.
ഐ.ഡി 4 ലോഞ്ച് ചെയ്തതിന് ശേഷം 2023ൽ രാജ്യത്തേക്ക് കാറുകൾ ഇറക്കുമതി ചെയ്യും. അടുത്ത ഘട്ടമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങൾ മാത്രം ഇറക്കുമതി ചെയ്ത് (സി.കെ.ഡി, കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ) പ്രാദേശികമായി ഇവ യോജിപ്പിച്ച് കാറുകൾ നിർമിക്കും. പിന്നീട് കാറുകളുടെ നിർമാണം പൂർണ്ണമായും ഇന്ത്യയിലാവുമെന്നും ആശിഷ് ഗുപ്ത അറിയിച്ചു. ഈ പ്രക്രിയകൾ പൂർണതോതിലെത്താൻ നാലോ അഞ്ചോ വർഷമെടുക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
ഐഡി.4 ഇന്ത്യയിലെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ക്രോസ് കൂപ്പെ എസ്.യു.വി വിഭാഗത്തിൽ ഐ.ഡി 4 കോൺസെപ്റ്റ് അവതരിപ്പിച്ചത്. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചത് ഓൾ വീൽ ഡ്രൈവ് മോഡലായിരുന്നു. എന്നാൽ, ഇന്ത്യയിലെത്തുന്നത് റിയർ വീൽ ഡ്രൈവ് മോഡലായിരിക്കും.
520 കി.മീറ്റർ റേഞ്ച് ഉള്ള 77 കെ.ഡബ്ല്യൂ.എച്ച് ബാറ്ററിയാണ് വാഹനത്തിലുള്ളത്. 30 മിനിറ്റിനുള്ളിൽ 320 കി.മീറ്റർ റേഞ്ച് വരെ ചാർജ് ചെയ്യാൻ കഴിയുന്നമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 210 എച്ച്.പിയും 310 എൻ.എം ടോർക്കുമാണ് വാഹനത്തിന്‍റെ കരുത്ത്. കൂടാതെ, 8.5 സെക്കന്‍റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കി.മീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇന്ത്യയിലെത്തുമ്പോൾ ഐ.ഡി 4ന് 50 മുതൽ 55 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന കിയ ഇ.വി 6, മിനി കൂപ്പർ ഇലക്ട്രിക് എസ്.ഇ എന്നിവയാവും പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.