ജനപ്രിയമായ ടൈഗൂൺ എസ്.യു.വിയുടെ സ്പെഷൽ എഡിഷൻ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. സേഫ്റ്റിയിലും ഡിസൈനിലും ടൈഗൂണിനെ കൂടുതൽ ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായാണ് ഫോക്‌സ്‌വാഗൺ പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിലൊന്നാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടൈഗൂൺ ജി.ടി ട്രെയിൽ എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്‍റെ വില 16.29 ലക്ഷമാണ്.
എസ്.യു.വിയുടെ ടോപ്പ് എൻഡ് ജി.ടി പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ട്രെയിൽ എഡിഷൻ ഒരുക്കുന്നത്. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് ലുക്കില്‍ അല്‍പ്പം സ്‌പോര്‍ട്ടി ഭാവം പകര്‍ന്നാണ ഈ ലിമിറ്റഡ് എഡിഷൻ രംഗത്തെത്തുന്നത്. പ്രത്യേക പതിപ്പായി എത്തുന്നതിനാല്‍ തന്നെ ട്രയില്‍ എഡിഷന്റെ കുറഞ്ഞ എണ്ണം മാത്രമായിരിക്കും വിപണിയില്‍ എത്തുകയെന്നും ഫോക്‌സ്‌വാഗൺ പറയുന്നു.
സ്റ്റാൻഡേർഡ് ടൈഗൂണിനെ അപേക്ഷിച്ച് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് വാഹനത്തിലുള്ളത്. സ്പെഷ്യൽ പതിപ്പിന് പ്രത്യേക ബാഡ്ജിങ് കമ്പനി നൽകിയിട്ടുണ്ട്. കളർ ഓപ്ഷനുകളിൽ കാർബൺ സ്റ്റീൽ ഗ്രേ, റെൽഫെക്സ് സിൽവർ, കാൻഡി വൈറ്റ് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത റൂഫ് റെയിലുകളും വാഹനത്തിലുണ്ട്. ഇന്റീരിയറിലേക്ക് കടന്നാൽ സ്പെഷ്യൽ എഡിഷനും സ്റ്റാൻഡേർഡ് മോഡലുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം സീറ്റ് അപ്ഹോൾസ്റ്ററിയാണ്. ബ്ലാക്ക്, കോൺട്രാസ്റ്റിങ് റെഡ് സ്റ്റിച്ചിംഗിൽ "ട്രെയിൽ" എന്ന വാക്ക് എംബോസ് ചെയ്തിരിക്കുന്നതാണ് ആകെയുള്ള മാറ്റം.
ടൈഗൂൺ ജി.ടി ട്രിമ്മിൽ ലഭ്യമായ ഫീച്ചറുകളെല്ലാം ഇവിടേയും ലഭിക്കും. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റ്, വയർലെസ് ചാർജിങ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ ക്യാമറ, ടിപിഎംഎസ് തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ആംബിയന്റ് ലൈറ്റിങ്, ഇലക്ട്രിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ് വീൽ, റിവേഴ്സ് പാർക്കിങ് കാമറ, ESC, ആക്റ്റീവ് സിലിണ്ടർ മാനേജ്മെന്റ് ടെക്നോളജി (ACT) എന്നിവയും നൽകിയിട്ടുണ്ട്. പുറത്തേയും അകത്തേയും കാഴ്ച്ചകൾ റെക്കോർഡ് ചെയ്യാനും ഇൻ-ബിൽറ്റ് 2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിൽ കാസ്‌റ്റ് ചെയ്യാനും കഴിയുന്ന ഡാഷ്‌ക്യാം ട്രെയിൽ എഡിഷന് ഫോക്‌സ്‌വാഗൺ സമ്മാനിച്ചിട്ടുണ്ട്.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.5 ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എഞ്ചിനിലാണ് ടൈഗൂൺ ട്രെയിൽ എഡിഷൻ വരുന്നത്.148 bhp കരുത്തിൽ പരമാവധി 250 Nm ടോർക് വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.