നഗരങ്ങളിലെ പരിമിതമായ പാര്‍ക്കിങ് സൗകര്യങ്ങള്‍, മലിനീകരണം, തിരക്ക് എന്നിവ കാരണം പൊറുതിമുട്ടുകയാണ് ജനങ്ങള്‍. ഇതിന് പരിഹാരമെന്ന നിലക്കാണ് വിങ്സ് ഇ.വി മൈക്രോ ഇ.വി വിപണിയിലിറക്കിയത്. ബൈക്ക് യാത്രികരെ ലക്ഷ്യമിട്ടാണ് റോബിന്‍ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ എന്ന പേരില്‍ വിങ്സ് ഇ.വി വഹനം പുറത്തിറക്കിയത്. വര്‍ധിച്ചുവരുന്ന വാഹനപെരുപ്പവും റോഡുകളിലെ തിരക്കും കോംപാക്റ്റ് ഡിസൈന്‍ എന്ന ആശയത്തിനു കരണമായിട്ടുണ്ട്. വെയിലും മഴയും കൊള്ളാതെ ബൈക്കിന്റെ ചെലവില്‍ കാര്‍ യാത്ര സാധ്യമാക്കുക എന്നതാണു ഈ കാറിന്റെ പിറവിക്കു പിന്നില്‍ എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
നഗരത്തില്‍ കാണുന്ന മിക്ക കാറുകളുടെയും ഉള്ളിലേക്ക് കണ്ണോടിച്ചാല്‍ അതിനകത്ത് ആകെ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും യാത്ര ചെയ്യുന്നത്. വലിയൊരു കാറും കൊണ്ടു നഗരത്തിലെത്തിയാല്‍ അത് ട്രാഫിക് തിരക്ക് വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെയാണു ഇത്തരമൊരു വാഹനത്തിന്റെ സാധ്യത വര്‍ധിക്കുന്നത്. ഇരുചക്രവാഹനത്തിനു പകരം ചെറിയ കാറിന്റെ സുരക്ഷയും സ്ഥലസൗകര്യവും കൂടി ലയിപ്പിക്കുകയാണു റോബിന്‍ ക്വാഡ്രിസൈക്കിളിലൂടെ ലക്ഷ്യം വെക്കുന്നത്.
മണിക്കൂറില്‍ 60 കിലോമീറ്ററാണു പരമാവധി വേഗത. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇത് നഗരത്തിലെ ഉപയോഗം സുഗമമാക്കുന്നു. ചെറിയ ഡോറുകളാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. വിങ്സ് പവര്‍സ്ലാബ് എന്ന 5.6 കിലോവാട്ട് എല്‍.എഫ്.പി ബാറ്ററി പാക്കാണ് റോബിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ചൂടുള്ള ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ബാറ്ററിയാണ്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഓട്ടോമോട്ടിവ് ബാറ്ററി പാക്കും ഇതാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. ചാര്‍ജിങ് പോര്‍ട്ട് പിന്‍ഭാഗത്താണ് നല്‍കിയിരിക്കുന്നത്. സാധാരണ പ്ലഗ് ഉപയോഗിച്ച് ഏകദേശം 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.
അഞ്ച് സെക്കന്‍ഡു കൊണ്ട് വാഹനത്തിന് പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. പരമ്പരാഗത ഡ്രൈവ് ഷാഫ്റ്റുകള്‍ക്ക് പകരം റിയര്‍ വീലുകളില്‍ രണ്ട് ഹബ് മോട്ടോറുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഡ്രൈവ് ബൈ വയര്‍ സാങ്കേതികവിദ്യ ഓരോ മോട്ടോറും സ്വതന്ത്രമായി നിയന്ത്രിക്കുന്നതിലൂടെ ആക്ടീവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ അനുവദിക്കുന്നു. സ്‌പോര്‍ട്‌സ് കാറുകളുടെയും ഹൈ എന്‍ഡ് വാഹനങ്ങളുടെയും സ്റ്റബിലിറ്റി നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളുമായി ഈ സംവിധാനത്തെ താരതമ്യപ്പെടുത്താവുന്നതാണ്.
മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകുന്ന റോബിന്റെ പ്രതീക്ഷിക്കുന്ന വില 1.99 ലക്ഷം രൂപയായിരിക്കും. അടുത്ത വര്‍ഷം ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യപ്രദേശിലെ ഇന്ദോറിലായിരിക്കും വാഹനം നിര്‍മിക്കുക. ഉല്‍പാദന തയാറെടുപ്പുകള്‍ക്കൊപ്പം വിങ്സ് ഇ.വി റോബിന്റെ പ്രീ-ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.