ദോഹ: ലോകത്തെ ജനപ്രിയ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപന്നമായ ഇലക്ട്രിക് കാറായ ‘എസ്.യു സെവന്’ ഖത്തറിലുമെത്തി. ഷവോമിയുടെ വിതരണക്കാരായ ഇന്റർ ടെക് കമ്പനിയാണ് കാര്‍ ഖത്തറിലെ ഉപഭോക്താക്കൾക്കായി എത്തിക്കുന്നത്. സ്മാർട്ട് ഫോൺ ലോകത്തെ കരുത്തരായ ഷവോമിയിൽനിന്നും റോഡ് ഗതാഗതത്തിലെ ഭാവിയെന്ന വിശേഷണവുമായി വിപ്ലവകരമായ ചുവടുവെപ്പായി പുറത്തിറങ്ങുന്ന എസ്.യു സെവൻ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി െപ്ലയ്സ് വെൻഡോം മാളിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ സവിശേഷതകൾ നേരിട്ട് അറിയാനും ഡിസൈൻ ഉൾപ്പെടെ മികവുകൾ മനസ്സിലാക്കാനും സന്ദർശകർക്ക് അവസരം ഒരുക്കിയാണ് വെൻഡോം മാളിൽ പ്രദർശിപ്പിച്ചത്.
ഷവോമിയുടെ നൂതന സാങ്കേതിക വിദ്യയും ഖത്തര്‍ മാര്‍ക്കറ്റിലുള്ള ഇന്റര്‍ ടെക്കിന്റെ അനുഭവസമ്പത്തും പുതിയ കാര്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്ന് ഇന്റർ ടെക് മാനേജിങ് ഡയറക്ടർ അബ്ദുല്ല ഖലീഫ അൽ സുബൈഇ പറഞ്ഞു. ഷവോമിയുടെ ഏറ്റവും പുതിയ ഉൽപന്നമായ എസ്.യു സെവൻ ഇലക്ട്രിക് കാർ റോഡ് ഷോയിലൂടെ ഖത്തറിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ അവസരമൊരുക്കുന്നതിലൂടെ കമ്പനിയുമായി ഇന്റർ ടെക്കിന്റെ ശക്തമായ ബന്ധം ഉറപ്പിക്കുന്നതാണെന്ന് സി.ഇ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു. സി.എഫ്.ഒ ജോര്‍ജ് തോമസും ചടങ്ങിൽ സംസാരിച്ചു.
ഇലക്ട്രിക് വാഹന ലോകത്ത് അത്യാധുനിക സാങ്കേതിക മികവും, ആകർഷകമായ ഡിസൈനിങ്ങുമായാണ് എസ്.യു സെവൻ എത്തുന്നത്. 10.67 സെക്കൻഡിൽ 200 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും. വേഗത്തിൽ പരമാവധി ചാർജ് ചെയ്യാൻ കഴിയുന്നതാണ് മറ്റൊരു സവിശേഷത. മാക്സ് മോഡല്‍ 15 മിനിറ്റിലെ ചാർജിങ്ങിലൂടെ 510 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ഊർജശേഷിയും വാഹനത്തിനുണ്ട്. സ്റ്റാൻഡേഡ് മോഡലിന് 15 മിനിറ്റ് ചാർജിലൂടെ 350 കി.മീ യാത്രക്കുള്ള ഊർജം സമാഹരിക്കാൻ കഴിയും. അത്യാധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയില്‍ മനോഹരമായ ഇന്റീരിയറും ഷവോമി കാറിന്റെ പ്രത്യേകതയാണ്.
ഈ വര്‍ഷം ആദ്യത്തിലാണ് ഷാവോമി ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.