രാജ്യത്തിനായി ഒളിമ്പിക് സ്വർണ്ണം എറിഞ്ഞിട്ട ജാവലിൻ താരം നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്സ്.യു.വി 700 ആണ് ചോപ്രക്ക് നൽകുക. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. അത്ലറ്റിക്സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം യാഥാർഥ്യമാക്കിയാണ് ടോക്യോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ചോപ്ര സ്വർണം നേടിയത്. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്സിൽ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്.
87.58 മീറ്റർ എന്ന ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജിന്‍റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തിൽ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ് നേടുകയായിരുന്നു. യോഗ്യത റൗണ്ടിൽ ഏറ്റവും മികച്ച ദൂരവുമായാണ് 23കാരനായ നീരജ് ഫൈനലിന് യോഗ്യത നേടിയത്. മികച്ച ഫോമിലായിരുന്ന ഇന്ത്യൻ താരം ആദ്യ ഏറിൽ തന്നെ 86.59 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് യോഗ്യത ഉറപ്പാക്കിയത്. 85.64 മീറ്റർ ആയിരുന്നു യോഗ്യത മാർക്ക്. ലോക ഒന്നാം നമ്പർ താരം ജർമനിയുടെ യൊഹാനസ് വെറ്ററായിരിക്കും ചോപ്രക്ക് ഏറ്റവും വെല്ലുവിളിയുയർത്തുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
എക്സ്.യു.വി 700
നിർമാണം പൂർത്തിയായ എക്സ്.യു.വി 700 വരും ആഴ്ച്ചകളിൽ പുറത്തിറക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. 2.0 ലിറ്റർ എം സ്റ്റാലിയോൻ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 200 പി.എസ് കരുത്ത് എഞ്ചിൻ ഉത്പ്പാദിപ്പിക്കും. 2.2 ലിറ്റർ എം ഹോക് ഡീസൽ എഞ്ചിനും എക്സ്.യു.വിയിൽ വരാൻ ഇടയുണ്ട്. 185 പി.എസ് കരുത്തുള്ള എഞ്ചിനാണിത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലും പ്രവർത്തിക്കും. ഒരു 4X4 ഓപ്ഷൻ കൂടി വാഹനത്തിൽ ഉണ്ടായിരിക്കും.
ഡ്യുവൽ-ടോൺ ഇൻറീരിയർ, അലക്‌സ ഓൺ ബോർഡും പുതിയ സോണി 3 ഡി സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ച അഡ്രിനോക്സ് ഫീച്ചർ, പുഷ്-ബട്ടൺ സ്റ്റാർട്ട്, പുതിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, റോട്ടറി ഡയലുകൾ, കൂൾഡ് ഗ്ലവ്ബോക്സ് എന്നിവയും എസ്‌യുവിയിൽ ഉണ്ടാകും. ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി എന്നിവരാണ് പ്രധാന എതിരാളികൾ. 14 ലക്ഷം മുതൽ 22 ലക്ഷംവരെയായിരിക്കും വാഹനത്തിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.