സൊമാറ്റോ സി.ഇ.ഒയുടെ സൂപ്പർ കാർ ശേഖരത്തിലേക്ക് 6.5 കോടിയുടെ ബെന്‍റ്ലിയും

പുത്തൻ ആഡംബര സൂപ്പര്‍കാര്‍ സ്വന്തമാക്കി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍. 6.5 കോടി രൂപ വിലവരുന്ന ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി സ്പീഡ് മോഡല്‍ കാറാണു ദീപീന്ദര്‍ തന്‍റെ സൂപ്പർ കാർ ശേഖരത്തിൽ പുതുതായി ചേർത്തത്. സൊമാറ്റോയുടെ ഓഹരി വില ഉയര്‍ന്ന വാർത്തക്കു പിന്നാലെയാണ് പുതിയ കാറുമായി ദീപീന്ദര്‍ പ്രത്യക്ഷപ്പെട്ടത്. ഓഹരി വില ഉയര്‍ന്നതോടെ ബില്യണയര്‍ ക്ലബിലും ദീപീന്ദര്‍ അംഗത്വം നേടി.

മഞ്ഞ നിറത്തിലുള്ള ഐക്കോണിക് ടു ഡോര്‍ ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി സ്പീഡ് കാറാണ് ഗോയല്‍ വാങ്ങിയിരിക്കുന്നത്. 650 ബി.എച്ച്. പവറും 900 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡബ്ല്യു 12 എഞ്ചിനാണു വാഹനത്തിന്റെ കരുത്ത്. 8 സ്പീഡ് സെഡ്.എഫ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എൻജിന്‍ ജോടിയാക്കിയിരിക്കുന്നു. കാറിന്റെ നാല് ചക്രങ്ങളിലേക്കും തുല്യമായി പവര്‍ വിതരണം ചെയ്യുന്ന രീതീയിലാണു വേഗത ക്രമീകരിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതല്‍ റോഡ് ഗ്രിപ്പ് നല്‍കുന്നതിനും സ്റ്റെബിലിറ്റി നല്‍കുന്നതിനും സഹായിക്കുന്നു.

3.5 സെക്കന്‍ഡു കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാകും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗത. മാനുവലായി നിര്‍മിച്ചതും 12 സിലിണ്ടറുകളുമുള്ള കാറിന് ബെന്റ്‌ലി നിരയിൽ ശക്തമായ രണ്ടാമത്തെ എൻജിനാണ് ഈ കാറിനുള്ളത്. തങ്ങളുടെ പുതിയ വാഹനങ്ങള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡുകളോ ഫുള്‍ ഇലക്ട്രിക്കോ ആക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഡബ്ല്യു 12 എൻജിന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് ബെന്റ്‌ലിണ്. 2030ഓടെ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ എന്ന ബെന്റ്ലിയുടെ ആശയമാണ് ഇതിനുപിന്നിൽ.

 

ഗാര്‍ഡ്‌സ് റെഡ് നിറത്തിലുള്ള പോര്‍ഷ 911 കരേര ആണ് ദീപീന്ദറിന്റെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍. ഇതിനുശേഷം നിരവധി സൂപ്പര്‍ കാറുകള്‍ ഗോയല്‍ തന്റെ ഗരേജില്‍ എത്തിച്ചിട്ടുണ്ട്. അടുത്തിടെ ദീപീന്ദര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്വന്തമാക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. പുതുതായി ഒരു സൂപ്പര്‍ കാര്‍ കൂടി തന്റെ വാഹന ശേഖരത്തില്‍ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഫെറാറി റോമ, പോര്‍ഷെ 911 ടര്‍ബോ എസ്, ലംബോര്‍ഗിനി ഉറുസ് തുടങ്ങിയ ആഡംബര കാര്‍ നിരയിലെ പുതിയ അംഗമാണു കോണ്ടിനെന്റല്‍ ജിടി. ഉയര്‍ന്ന പെര്‍ഫോമന്‍സുള്ള കാറുകളോടാണ് ദീപീന്ദര്‍ ഗോയലിന് പ്രിയമെന്ന് അദ്ദേഹത്തിന്റെ കാര്‍ ശേഖരം ശ്രദ്ധിച്ചാല്‍ മനസിലാക്കാം.

Tags:    
News Summary - Zomato CEO Deepinder Goyal’s Rs 6.5 crore Bentley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.