തൊടുപുഴ: വെള്ളിത്തിരയുടെ പ്രഭാവെളിച്ചത്തിലേക്ക് ഓടിക്കയറുകയാണ് തൊടുപുഴയിൽ ഒരു ജീപ്പ്. തൊടുപുഴ നഗരസഭ മുൻ ചെയർമാൻ രാജീവ് പുഷ്പാംഗദന്റെ പ്രിയ വാഹനമായ ഫോർഡ് നിർമിത മിലിട്ടറി ജീപ്പാണ് സിനിമ താരമായി തൊടുപുഴയിൽ വിലസുന്നത്. 1944ൽ നിർമിക്കപ്പെട്ടതാണ് ഈ വാഹനം. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്ക് സഹായകമാകുന്ന, പെട്ടെന്ന് ശത്രുവിന്റെ കണ്ണിൽപെടാത്തതും ഭാരംകുറഞ്ഞതുമായ ഒരു കരുത്തൻ വാഹനം വേണമെന്ന അമേരിക്കയുടെ ആവശ്യം ഏറ്റെടുത്താണ് ഫോർഡ് ഈ വാഹനം നിർമിച്ചത്.
78 വയസ്സിലെത്തിയെങ്കിലും പഴയ അതേ കരുത്തോടെ കുന്നും മലയും താണ്ടാൻ പ്രാപ്തനാണ് വാഹനമെന്ന് രാജീവ് പറയുന്നു. പ്രത്യേക അലങ്കാരപ്പണികളൊന്നും ചെയ്യാതെയാണ് വാഹനം നിലനിർത്തിയിരിക്കുന്നത്. മെഷീൻ ഗൺ അടക്കമുള്ള ആയുധങ്ങൾ സംരക്ഷിച്ചുവെക്കാനുള്ള സംവിധാനങ്ങളും വാഹനത്തിലുണ്ട്. മൈസൂരു രജിസ്ട്രേഷൻ ആയിരുന്ന വാഹനം വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സ്വദേശിയാണ് വാങ്ങിയത്. കുറേനാൾ ഉപയോഗിച്ചശേഷം ഷെഡിൽ കിടക്കുന്നതിനിടെ 15 വർഷം മുമ്പാണ് രാജീവിന്റെ കണ്ണിൽപെടുന്നത്. അവിടെനിന്ന് വാങ്ങി രാജീവ് ഈ മിലിട്ടറി വാഹനത്തെ കണ്ടീഷനാക്കി എടുത്തു.
വാഹനം ചുമ്മാ ഷോയ്ക്ക് മുറ്റത്തിട്ടിരിക്കുകയൊന്നുമല്ല. മൈസൂരു, ബംഗളൂരു, ചെന്നൈ, ഊട്ടി എന്നിങ്ങനെ ലൊക്കേഷനുകളിലാണ് പലപ്പോഴും. മദിരാശിപ്പട്ടണം, ആഗതൻ എന്നീ സിനിമകളിലുണ്ട് ഈ ജീപ്പ്. അടുത്ത വർഷം മാർച്ചിൽ റിലീസാകുന്ന ധനുഷിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ച് തെങ്കാശിയിൽനിന്ന് കഴിഞ്ഞദിവസം എത്തിയതേയുള്ളൂ. മാരുതിയുടെ ആദ്യ മോഡൽ കാർ മുതൽ ഒട്ടേറെ വാഹനങ്ങളും രാജീവിന്റെയും സഹോദരൻ വിനോദിന്റെയും ശേഖരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.