പുതിയ തലമുറ ക്രെറ്റ അവതരിപ്പിക്കാനൊരുങ്ങി ഹ്യൂണ്ടായ്. നവംബറിൽ വാഹനം അവതരിപ്പിക്കും. പുതിയ ക്രെറ്റയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കൂടുതൽ സ്റ്റെലിൽ മികച്ച രൂപഭംഗിയോടെയാണ് വാഹനം എത്തുന്നത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ട്യൂസോണിൽ നിന്നുള്ള സ്റ്റൈലിങ് ഘടകങ്ങളാണ് വാഹനത്തിനായി കടമെടുത്തിരിക്കുന്നത്. ഇന്തോനേഷ്യൻ വിപണിയിലാകും പരിഷ്കരിച്ച വാഹനം ആദ്യം എത്തുക.
എസ്‌യുവിയുടെ ബോഡി ഷെൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഹെഡ്‌ലാമ്പുകൾ കൂടുതൽ ചതുരാകൃതിയിലുള്ളതാണ്. മുന്നിൽ താഴെയായാണ് ഇവ പിടിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിൽ പാരാമെട്രിക് ഗ്രിൽ ഡിസൈൻ കൂടുതൽ വ്യക്തമാണ്. എൽഇഡി ഡിആർഎല്ലുകൾ മികച്ച രീതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ബോണറ്റും ബമ്പറും പുതിയതാണ്.
രാജ്യാന്തര വിപണികളിലുടനീളം പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ നിരയാണ് സെക്കൻഡ് ജെൻ ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ, ക്രെറ്റ നിലവിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം 1.4 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റിലും ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കുന്നു. ടർബോ-പെട്രോൾ യൂനിറ്റ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉപയോഗിച്ചാണ് വരുന്നത്. ഈ എഞ്ചിനുകൾ പുതിയ തലമുറയിലും തുടരാൻ സാധ്യതയുണ്ട്.
നിലവിലെ ക്രെറ്റ 2019 ൽ ചൈനയിൽ ix25 ആയി അരങ്ങേറ്റം കുറിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യ-സ്‌പെക് എസ്‌യുവിയും അവതരിപ്പിച്ചു. 2022 ൽ ഫെയ്‌സ് ലിഫ്റ്റ് ചെയ്ത ക്രെറ്റ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. അധികം വൈകാതെ വാഹനം ഇന്ത്യയിലുമെത്തും.
വരുന്നൂ, അഡാസ്
ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് അഡാസ് സുരക്ഷയും പുതുക്കിയ ബ്ലൂലിങ്ക് സവിശേഷതകളും ലഭിക്കും. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം എന്നാണ് അഡാസിെൻറ വിപുലരൂപം. എംജി ആസ്റ്റർ പോലുള്ള ഇടത്തരം എസ്‌യുവികൾ ഇതിനകം തന്നെ അഡാസ് രണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹന ട്രാക്കിങ്, മോഷ്ടിച്ച വാഹനങ്ങളുടെ ഇമ്മൊബിലൈസേഷൻ, വാലെറ്റ് പാർക്കിങ് മോഡ് പോലുള്ള പുതിയ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം അപ്‌ഡേറ്റ് ചെയ്‌ത ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്‌നോളജിയും ക്രെറ്റയിലുണ്ടാകും. ഇവയെല്ലാം ഫോണിലൂടെ ആക്‌സസ് ചെയ്യാനാകും.
പനോരമിക് സൺറൂഫ്, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (അൽകാസറിൽ കാണുന്നത് പോലെ), ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടും.ഇന്തോനേഷ്യയിൽ അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടിൽ ക്രെറ്റ വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്.
ഇന്ത്യയിലെ അവതരണം
കഴിഞ്ഞ വർഷം മാത്രമാണ് പുതിയ ക്രെറ്റ ഇന്ത്യയിൽ അവതരിപ്പിച്ചത് അതിനാൽ തന്നെ പുതിയ മോഡൽ 2022 ന്റെ അവസാന പകുതിയിൽ മാത്രമേ ഇന്ത്യയിൽ എത്തുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.