ബോളിവുഡ് നടിമാരിലെ അറിയപ്പെടുന്ന കാര്‍ പ്രേമികളില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച കാര്‍ ബ്രാന്‍ഡും അടുത്തതായി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മോഡലിനെയും കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കരീനയിപ്പോള്‍. കരീന അടുത്തിടെ മെഴ്സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് മോഡലായ ഇ.ക്യൂ.എസ് കാര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെയാണ് അടുത്തതായി താന്‍ ഗരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന കാര്‍ മോഡൽ അവര്‍ വെളിപ്പെടുത്തിയത്.
ബെൻസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ എസ് ക്ലാസിന്റെ ഇലക്ട്രിക് വകഭേദമാണ് കരീനയുടെ മനസിലുള്ളത്. മെഴ്‌സിഡസ് എ.എം.ജി. ഇ.ക്യു.എസ്. പ്ലസ് ഫോര്‍മാറ്റിക് എന്നാണ് ഈ വാഹനത്തിന്റെ മുഴുവൻ പേര്. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഇ.ക്യൂ.എസിന്റെ വില 2.45 കോടി രൂപയാണ്. സാധാരണ ബെൻസ് എസ്-ക്ലാസിനേക്കാൾ 88 ലക്ഷം വില കൂടുതലാണ് വാഹനത്തിന്. ബെന്‍സ് ഇ.ക്യു.സിയാണ് മെഴ്‌സിഡസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ഇലക്ട്രിക് മോഡല്‍. ഇ.ക്യു.സിയേക്കാൾ 1.46 കോടി വില കൂടുതലാണ് പുതിയ ഇ.ക്യൂ.എസിന്. ബെൻസിന്റെ ഒട്ടുമിക്ക മോഡലുകളും സ്വന്തമായുള്ള കരീനയുടെ ഗ്യാരേജിൽ ഉടൻതന്നെ ഇ.ക്യു.എസ് എത്തുമെന്നാണ് വിവരം.
400V, 107.8 kWh ലിഥിയം-അയൺ ബാറ്ററിയാണ് ഇ.ക്യു.എസിന് കരുത്തുപകരുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 200kW വരെ വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും. 586 കിലോമീറ്റർ വരെ റേഞ്ച് വാഹനത്തിന് ലഭിക്കും. സ്‌പോർട്, സ്‌പോർട്ട്+ മോഡുകളിൽ മികച്ച പ്രകടനം നേടാൻ കാറിനാകും. ഓരോ ആക്‌സിലിലും എഎംജി-നിർദ്ദിഷ്‌ട ഇലക്ട്രിക് മോട്ടോറാണ് ഇ.വിയുടെ മറ്റൊരു സവിശേഷത. കൂടാതെ ഇന്ത്യ-സ്പെക് മോഡലുകളിൽ ഡൈനാമിക് പ്ലസ് പാക്കേജ് സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു. ഡൈനാമിക് പ്ലസ് പായ്ക്ക് ഉപയോഗിച്ച്, ഇ.ക്യു.എസ് 53 റേസ് സ്റ്റാർട്ട് മോഡിൽ 761 എച്ച്പി കരുത്ത് പുറത്തെടുക്കും. ബൂസ്റ്റ് ഫംഗ്ഷൻ ആക്റ്റിവേറ്റ് ചെയ്യുമ്പോൾ, ഉത്പാദിപ്പിക്കുന്ന പരമാവധി ടോർക്ക് 1020എൻ.എം ആണ്. ഈ കൂറ്റൻ വാഹനത്തിന് 0-100 വേഗത 3.4 സെക്കൻഡിൽ കൈവരിക്കാനാകും. ഉയർന്ന വേഗത 250kph ആണ്.
ഇപ്പോഴെത്തിയ എ.എം.ജി. ഇലക്ട്രിക് സെഡാന് പുറമെ, EQS 580 എന്ന ഇലക്ട്രിക് വാഹനവും മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ മാസത്തോടെ വിപണിയില്‍ എത്തുന്ന ഈ വാഹനം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഔഡി ഇ-ട്രോണ്‍ ആര്‍.എസ്, പോര്‍ഷെ ടെയ്കാന്‍ തുടങ്ങിയ വാഹനങ്ങളുമായാണ് ബെന്‍സ് എ.എം.ജി. EQS 53 മത്സരിക്കുന്നത്.
എ.എം.ജി സ്‌റ്റൈലിലാണ് ഇലക്ട്രിക് പതിപ്പിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ലൈറ്റ് ഹെഡ്‌ലാമ്പുകള്‍, ക്രോമിയം വെര്‍ട്ടിക്കിള്‍ സ്ലാറ്റുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ബമ്പര്‍, എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 21, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങളുടെ സൗന്ദര്യം. വലിയ സ്‌പോയിലര്‍, അപ്രണ്‍, എയറോഡൈനാമിക ഒപ്റ്റിമൈസ് ഡിഫ്യൂസര്‍ എന്നിവ പിന്‍ഭാഗത്തും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിൽ മെഴ്‌സിഡസിന്റെ 'ഹൈപ്പർസ്‌ക്രീൻ' അവതരിപ്പിക്കുന്ന മോഡൽകൂടിയാണ് ഇ.ക്യു.എസ്. 'ഹൈപ്പർസ്‌ക്രീൻ' പ്രധാനമായും മൂന്ന് സ്‌ക്രീനുകൾ ചേർന്ന ഗ്ലാസ് പാനൽ കൊണ്ട് നിർമ്മിച്ചവയാണ്. അത് ഡാഷ്‌ബോർഡ് പൂർണമായും പൊതിഞ്ഞിരിക്കുന്നു. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും 12.3 ഇഞ്ച് സ്‌ക്രീനുകൾ ലഭിക്കും. മധ്യഭാഗത്തുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ 17.7 ഇഞ്ച് യൂനിറ്റാണ്. ഇതിന് 24 ജിബി റാമും ലഭിക്കും. ക്യാബിനിൽ കാർബൺ ഫൈബർ ട്രിം, ഡോർ പാഡുകളിലും സ്റ്റിയറിങ് വീലിലും അൽകന്റാര ലെതർ ഫിനിഷും ലഭിക്കും. 64-കളർ ആംബിയന്റ് ലൈറ്റിങ്, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, മസാജ് സീറ്റുകൾ, ഓപ്ഷണൽ നാപ്പാ ലെതർ തുടങ്ങിയവയും പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.