കുവൈത്ത് സിറ്റി: ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുരക്ഷയും സുഗമമായ യാത്രയും പ്രദാനം ചെയ്യുന്ന ജെറ്റോർ ടി-2 എസ്.യു.വി കുവൈത്തിൽ അവതരിപ്പിച്ചു. കുവൈത്തിലെ ജെറ്റോർ ഓട്ടോയുടെ എക്സ് ക്ലൂസിവ് വിതരണക്കാരായ ബുദസ്റ്റൂർ മോട്ടോഴ്സ് കുവൈത്ത് ടവറിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജെറ്റോർ ടി-2 എസ്.യു.വിയുടെ പ്രകാശനം. കുവൈത്തിലെ ചൈനീസ് അംബാസഡർ ജാങ് ജിയാൻ വെയ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബുദസ്തൂർ ഗ്രൂപ് ചെയർമാൻ നജെം ബുദസ്തൂർ അധ്യക്ഷത വഹിച്ചു.
ജെറ്റോർ ടി-2 വിന്റെ രൂപകൽപന, സവിശേഷതകൾ എന്നിവ ജെറ്റോർ ഓട്ടോ വൈസ് പ്രസിഡന്റ് കെ ചുവണ്ടെങ് വ്യക്തമാക്കി. ജെറ്റോർ ടി-2 സുഖപ്രദമായ ഡ്രൈവിങ് അനുഭവവും ശക്തമായ പ്രവർത്തനക്ഷമതയും സൗന്ദര്യാത്മക രൂപകൽപനയും കൊണ്ട് വ്യത്യസ്തമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചൈനീസ് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ വികസനത്തിന്റെ പ്രതീകമായ ജെറ്റോർ ടി-2 ആഗോള ഉപയോക്താക്കൾക്കായി വികസിപ്പിച്ചെടുത്തതാണെന്നും കൂട്ടിച്ചേർത്തു.
ജെറ്റോറിൽ നിന്നുള്ള ആദ്യത്തെ 4x4 ഓഫ്റോഡ് വാഹനമാണ് ടി-2 എന്ന് ജെറ്റോർ, ബുദസ്റ്റൂർ മോട്ടോഴ്സ് ബ്രാൻഡ് മാനേജർ റെക്സി വില്യംസ് പറഞ്ഞു. നവീന സാങ്കേതിക വിദ്യകളും ഇന്റലിജന്റ് സംവിധാനങ്ങളും ഏത് റോഡ് അവസ്ഥയിലും വാഹനത്തിന് സുഗമമായ യാത്ര സാധ്യമാക്കും.
ഹൈടെക്, സ്റ്റൈലിഷ് ഇന്റീരിയറുകൾ, എൽ.ഇ.ഡി മാട്രിക്സ് ഹെഡ്ലാമ്പുകൾ, 15.6 ഇഞ്ച് സെൻട്രൽ കൺസോൾ സ്ക്രീൻ തുടങ്ങിയവ പ്രത്യേകതയാണ്. 360 ഡിഗ്രി പനോരമിക് ഇമേജിങ്, 180 ഡിഗ്രി വെഹിക്കിൾ ബോട്ടം ഇമേജിങ്, ആശങ്ക രഹിത ക്യാമ്പിങ്, ഓഫ്റോഡ് ഡ്രൈവിങ് എന്നിവ ഉറപ്പാക്കുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ട്രാഫിക് ജാം അസിസ്റ്റ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ നിരവധി ഇന്റലിജന്റ് ഫീച്ചറുകൾ എന്നിവയും വാഹനത്തെ വ്യത്യസ്തമാക്കുന്നതായും വ്യക്തമാക്കി.
ചൈനീസ് സാമ്പത്തിക ഉപദേഷ്ടാവ് ഹു ഹാൻമിങ്, ജെറ്റോർ ഇന്റർനാഷനൽ ഡെപ്യൂട്ടി ജനറൽ മാനേജർ യാൻ ജുൻ, അസി. ജനറൽ മാനേജർ അലക്സ് ടാൻ ലിവെയ്, ബുദസ്തൂർ മോട്ടോഴ്സ് ജനറൽ മാനേജർ അർഷാദ് മിർസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.