ന്യൂഡൽഹി: റോഡപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ രാജ്യവ്യാപകമായി തെരുവിലിറങ്ങി ട്രക്, ലോറി ഡ്രൈവർമാർ. ഇന്ത്യൻ ശിക്ഷാനിയമത്തിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതയിലുള്ള ‘ഹിറ്റ് ആൻഡ് റൺ’ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ചിലയിടങ്ങളിൽ സ്വകാര്യ ബസ്, ടാക്സി ഡ്രൈവർമാരും പ്രതിഷേധത്തിന്റെ ഭാഗമായി. തിങ്കളാഴ്ച ആരംഭിച്ച സമരം മൂന്ന് ദിവസം നീളും. അപകടം ഉണ്ടായാൽ അധികൃതരെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നവർക്ക് 10 വർഷത്തെ തടവും പിഴയും നൽകുന്നതാണ് ഹിറ്റ് ആൻഡ് റൺ നിയമം.
ഡ്രൈവറുടെ അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാല്‍ അഞ്ചു വര്‍ഷം തടവും പിഴയുമാണ് വ്യവസ്ഥ. നിലവില്‍ 304എ വകുപ്പ് പ്രകാരം വാഹനം ഇടിച്ച് നിർത്താതെ പോയാല്‍ പരമാവധി രണ്ടു വര്‍ഷമാണ് ശിക്ഷ. പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിത ബില്ലിൽ കഴിഞ്ഞ ആഴ്ച രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായി മാറി.
എന്നാൽ, ആൾക്കൂട്ടം തല്ലിക്കൊല്ലുമെന്ന ഭയം മൂലമാണ് ഡ്രൈവർമാർ ഓടിപ്പോകുന്നതെന്ന് സമരക്കാർ പറയുന്നു. ആരും മനഃപൂർവം അപകടം ഉണ്ടാക്കുന്നതല്ല. ഏത് അപകടത്തിലും വലിയ വാഹനങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പൊതുമനഃസ്ഥിതിയെന്ന് പ്രതിഷേധക്കാർ പറയുന്നു.
പണിമുടക്ക് പെട്രോൾ, ഡീസൽ വിതരണത്തെയടക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡ്രൈവർമാർ ദേശീയപാതകൾ അടക്കം തടസ്സപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.