ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ ജിദ്ദക്കും മക്കക്കുമിടയിൽ എയർ ടാക്സികൾ ആരംഭിക്കാനൊരുങ്ങുന്നു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മക്കയിലെ മസ്ജിദുൽ ഹറാമിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും ഉയർന്ന നിലവാരത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി എയർൈലൻസിലെത്തിയ ്തിയ (സൗദിയ) ഗ്രൂപാണ് ഈ സേവനം ആരംഭിക്കുന്നത്.
ഇതിനായി ലിഥിലിയം മോഡൽ 100 ജർമൻ ഇലക്ട്രിക് എയർ ടാക്സികൾ വാങ്ങാൻ കമ്പനി കരാർ ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി സൗദിയ ഗ്രൂപ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ എൻജി. അബ്ദുല്ല അൽശഹ്റാനി പറഞ്ഞു.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങുന്ന തീർഥാടകരേയും വഹിച്ച് മക്കയിൽ മസ്ജിദുൽ ഹറാമിനോടും മറ്റു പുണ്യസ്ഥലങ്ങളോടും ചേർന്നുള്ള ഹോട്ടലുകളിലെ ഹെലിപാഡുകളിൽ ഈ എയർ ടാക്സികൾ ഇറങ്ങും വിധമാണ് ഓപറേഷൻ ക്രമീകരിക്കുക. ഒരു വിമാനത്തിൽ ആറ് യാത്രക്കാരെ വരെ വഹിക്കാനാവും. ഒറ്റ ചാർജിങ്ങിൽ പരമാവധി 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിനുണ്ടാവുക. ഇത്തരത്തിലുള്ള എയർ ടാക്സികൾ പറത്താനുള്ള അനുമതിക്കായി അതതു വകുപ്പുകളുമായി ഏകോപിപ്പിച്ച് സൗദി എയർലൈൻസ് പ്രവർത്തിച്ചുവരികയാണെന്നും അൽശഹ്റാനി പറഞ്ഞു.
ഹജ്ജ്, ഉംറ സീസണിൽ ഗതാഗത പ്രക്രിയയിൽ ഇതു ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം എയർടാക്സികൾ രാജ്യത്ത് ആദ്യമായാണ് ഉപയോഗിക്കുന്നത്. ഓർഡർ ചെയ്ത എയർടാക്സികൾ സൗദിയിലെത്തിയാൽ കമ്പനി പരീക്ഷണ ഓട്ടം നടത്തി പ്രവർത്തനം വിലയിരുത്തും. അതിനുശേഷമായിരിക്കും റെഗുലർ സർവിസ് ആരംഭിക്കുക. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത്തരം എയർടാക്സികൾ ഉപയോഗിക്കുന്നതിനു പദ്ധതിയുണ്ടെന്നും അൽശഹ്റാനി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.