ഇന്ത്യയിൽ ഡസ്റ്റർ യുഗം അവസാനിക്കുന്നു; വിടവാങ്ങുന്നത് പാവപ്പെട്ടവരുടെ പജേറോ

10 വർഷത്തെ നിരത്തുജീവിതത്തിനുശേഷം റെനോയുടെ ജനപ്രിയ എസ്.യു.വിയായ ഡസ്റ്റർ മടങ്ങുന്നു. വാഹനത്തിന്റെ ഉത്പ്പാദനം അവസാനിപ്പിച്ചതായി റെനോ ഇന്ത്യ അറിയിച്ചു. 2012 ജൂലൈയിലാണ് റെനോയുടെ ശ്രീപെരുമ്പതൂർ പ്ലാന്റിൽനിന്ന് ഡസ്റ്ററിന്റെ ആദ്യ യൂനിറ്റ് പുറത്തിറങ്ങിയത്. 10 വർഷത്തിനുശേഷം, 2022ൽ ഈ ഐതിഹാസിക വാഹനം വിടവാങ്ങുകയാണ്.


ഉത്പ്പാദനത്തിന്റെ ആദ്യ വർഷത്തിൽ 40,000 യൂനിറ്റുകൾ വിറ്റിരുന്നു. ഹ്യുണ്ടായ് ക്രെറ്റയൊക്കെ പിന്നീട് വിലസിയ മോണോകോക്ക് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട മോഡലായിരുന്നു ഡസ്റ്റർ. ചില്ലറ പരിഷ്കാരങ്ങളല്ലാതെ 10 വർഷത്തിനിടക്ക് ഒരിക്കൽപ്പോലും ഡസ്റ്ററിന് പുതിയ തലമുറ റെനോ അവതരിപ്പിച്ചിരുന്നില്ല. 1.5 പെട്രോൾ, 1.3 ടർബോ-പെട്രോൾ എഞ്ചിനുകളിലാണ് ഡസ്റ്റർ അവസാനം ലഭ്യമായിരുന്നത്.


തുടക്കം

1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ K9K ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് പവർ ഔട്ട്പുട്ടുകളോടെയാണ് ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2014 സെപ്റ്റംബറിൽ അവതരിപ്പിച്ച ഡസ്റ്റർ എഡബ്ല്യുഡി ഡീസൽ വേരിയന്റ് പോലെ, എസ്‌യുവിക്ക് ഒന്നിലധികം പ്രത്യേക പതിപ്പുകളും മെക്കാനിക്കൽ അപ്‌ഡേറ്റുകളും ലഭിച്ചിരുന്നു. യാത്രാ സുഖവും ഓഫ്-റോഡ് കഴിവുകളും ഒത്തിണങ്ങിയ വാഹനമായിരുന്നു തുടക്കംമുതൽ ഡസ്റ്റർ. പാവങ്ങളുടെ പജേറോ എന്നായിരുന്നു ഡസ്റ്റിന്റെ വിളിപ്പേര്.

റെനോ എഎംടി

ആധുനിക എതിരാളികളുമായി മത്സരിക്കാനുള്ള ശ്രമത്തിൽ, 2016 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഡസ്റ്ററിൽ എഎംടി ഗിയർബോക്‌സും അവതരിപ്പിച്ചു. പിന്നീട് ഡസ്റ്റർ എഎംടിയോടൊപ്പം പെട്രോൾ സിവിടി വേരിയന്റും ചേർന്നു. എസ്‌യുവിയുടെ പഴയ 1.6 ലിറ്റർ യൂനിറ്റ് പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് വഴിമാറിയതിനാൽ സി.വി.ടിയുമായി പെട്ടെന്ന് പൊരുത്തപ്പെടാനായി.

2020ൽ കർശനമായ BS6 മാനദണ്ഡങ്ങൾ വന്നത് ഡസ്റ്റർ പവർട്രെയിനുകൾക്കാകെ പ്രതിസന്ധി സൃഷ്ടിച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം, കാർ നിർമ്മാതാവ് ഡസ്റ്ററിന്റെ ലൈനപ്പിലേക്ക് പുതിയ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ചേർത്തു, എസ്‌യുവിക്ക് മറ്റൊരു നേരിയ അപ്‌ഡേറ്റ് നൽകുകയും ടർബോ-പെട്രോളിൽ CVT ഗിയർബോക്‌സ് വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. പുതിയ ടർബോ-പെട്രോൾ 156 എച്ച്പി ആയി എഞ്ചിൻ കരുത്ത് ഉയർത്തിഴ ഇത് ഡസ്റ്ററിനെ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ എസ്‌യുവികളിൽ ഒന്നാക്കി മാറ്റി.


നിസാൻ ടെറാനോ

ഡസ്റ്ററിന്റെ ജനപ്രീതിയും വളർന്നുവരുന്ന എസ്‌യുവി ട്രെൻഡും മുതലാക്കാൻ റെനോയുടെ സഹോദര-ബ്രാൻഡായ നിസാൻ ഇന്ത്യൻ വിപണിയിൽ ടെറാനോ എന്ന ഡസ്റ്ററിന്റെ അൽപ്പം വ്യത്യസ്ത രൂപത്തിലുള്ള പതിപ്പും അവതരിപ്പിച്ചു. 2013 മുതൽ 2020 വരെയാണ് ടെറാനോ വിറ്റത്.

ഇന്ത്യയിൽ ലോഗൻ, വെരിറ്റോ, ഡസ്റ്റർ, ലോഡ്ജി, ടെറാനോ, ക്യാപ്‌ചർ, കിക്ക്‌സ് എന്നീ ഒന്നിലധികം വാഹനങ്ങൾക്ക് അടിത്തറയിടുന്ന റെനോ ഗ്രൂപ്പിന്റെ B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഡസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ആ പ്ലാറ്റ്‌ഫോമിലെ അവസാന മോഡലാണ് കിക്ക്‌സ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.