കൊച്ചി: റാപ്പിഡ് സെഡാന് പകരക്കാരനായി പുതിയ വാഹനം അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. സ്ലാവിയ എന്ന് പേരിട്ടിരിക്കുന്ന കാർ ഈ മാസം അവസാനത്തോടെ നിരത്തിലെത്തുമെന്നാണ് വിവരം. സ്ലാവിയയുടെ രണ്ട് ഡിസൈന്‍ സ്‌കെച്ചുകളും സ്‌കോഡ പുറത്തുവിട്ടു. സ്കോഡയുടെ ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ മോഡലാണ് സ്ലാവിയ. 2021ന്‍റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷക് എസ്.യു.വിയാണ് ആദ്യത്തേത്. പ്രീമിയം മിഡ്സൈസ് സെഡാനാണ് സ്ലാവിയ. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപപ്പെടുത്തിയ, ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ എം.ക്യു.ബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്ലാവിയ നിർമിച്ചിരിക്കുന്നത്. പുണെയില്‍ പ്രാദേശികമായാണ് വാഹനം ഉത്പ്പാദിപ്പിക്കപ്പെടുന്നത്.
ഡിസൈൻ സ്കെച്ചുകൾ സ്ലാവിയയുടെ നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. വിശാലവും ഷഡ്ഭുജാകൃതിയിലുള്ളതുമായ ഗ്രില്ലോടുകൂടിയ കാറിന്റെ ലോ ഫ്രണ്ട് എൻഡ്, ഇരുവശത്തും എൽ ആകൃതിയിലുള്ള ഡെ ടൈം റണ്ണിങ് ലൈറ്റ്, സ്ട്രിപ്പുകളോട് കൂടിയ ഹെഡ്‌ലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ, ഫൈവ് സ്‌പോക് അലോയ് വീലുകൾ ആകർഷകമാണ്. പിൻഭാഗത്ത്, രണ്ട് ഭാഗങ്ങളായി വിഭജിച്ച് ബൂട്ടിലേക്ക് നീളുന്ന സ്കോഡയുടെ സി-ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകൾ ചിത്രത്തിൽ കാണാം. താഴെ ഭാഗത്ത് വീതിയുള്ള ക്രോം സ്ട്രിപ്പുള്ള ബമ്പർ ആകർഷകമാണ്.
എഞ്ചിൻ
കുഷകിനെപ്പോലെ രണ്ട് ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിനുകളാവും സ്ലാവിയയിലും വരിക. ആദ്യത്തേത് 115 എച്ച്പി, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ യൂനിറ്റ്, അത് ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ്-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണക്കിച്ചേർക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ഗിയർബോക്‌സിനൊപ്പം വരുന്ന 150hp, 1.5-ലിറ്റർ, നാല്-സിലിണ്ടർ TSI മോട്ടോറാണ് മറ്റൊരു എഞ്ചിൻ. ഫീച്ചറുകളുടെ കാര്യത്തിൽ, സെഗ്‌മെന്റിലെ മികച്ച സജ്ജീകരണങ്ങളുള്ള സെഡാനുകളിൽ ഒന്നായിരിക്കും സ്ലാവിയ. സ്‌കോഡ പൂർണ്ണ ഫീച്ചറുകളുടെ ലിസ്റ്റ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആറ് എയർബാഗുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ പാർക്കിങ് ക്യാമറ, ക്രൂസ് കൺട്രോൾ, മൾട്ടി കൊളിഷൻ ബ്രേക്ക് എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടും. ഗ്ലോബൽ എൻസിഎപിയും പുതിയ സ്ലാവിയയെ പരീക്ഷിച്ചുവെങ്കിലും ഫലം പ്രഖ്യാപിച്ചിട്ടില്ല.
വിലയും എതിരാളികളും
സ്ലാവിയയ്ക്ക് 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വില പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർറ്റസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന, മാരുതി സുസുകി സിയാസ് എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.