അറബിക്കുതിരയിലേറി കുതിച്ചുവരുന്ന രാജകുമാരന്മാരെ ഇപ്പോഴാരെങ്കിലും സ്വപ്നം കാണാറുണ്ടോ. ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം പുതിയ ലോകത്തെ രാജകുമാരന്മാരൊക്കെ ആകാശത്തിലൂടെ പറന്നാണ് വരുന്നത്. ഇവരില്‍ മിക്കവര്‍ക്കും സ്വകാര്യവിമാനങ്ങളുണ്ട്. ഇനിയിവര്‍ തറയിലൂടെയാണ് വരുന്നതെങ്കില്‍ എങ്ങനെയാകും സഞ്ചരിക്കുക. അതിന് ഒറ്റ ഉത്തരമേയുള്ളൂ, റോള്‍സ് റോയ്സ്. രാജ്യമുള്ളവരാകില്ല ഇവരില്‍ മിക്ക രാജകുമാരന്മാരും; മറിച്ച് വ്യവസായ സാമ്രാജ്യമുള്ളവരാകും.
ഇത്തരമൊരാള്‍ നാലുവര്‍ഷം മുമ്പ് ബ്രിട്ടനിലെ റോള്‍സ് റോയ്സ്കമ്പനിയെ സമീപിച്ചു. സ്വന്തമായൊരു കാര്‍ നിര്‍മിക്കണം എന്നതായിരുന്നു ആഗ്രഹം. പണം എത്ര വേണമെങ്കിലും മുടക്കാം. പണമുണ്ടെങ്കില്‍ എന്തും നടക്കുന്ന കാലത്ത് കമ്പനി നിര്‍ദേശം സന്തോഷത്തോടെ സ്വീകരിച്ചു. അവസാനം ആ സ്വപ്നം പൂവണിഞ്ഞു. ഈ സ്വപ്നത്തെ അവര്‍ സ്വപ്ടെയില്‍ എന്ന് വിളിച്ചു, പൂര്‍ണമായും പറഞ്ഞാല്‍ റോള്‍സ് റോയ്സ് സ്വപ്ടെയില്‍.
1930 കളില്‍ റോള്‍സ് റോയ്സ് ഉപയോഗിച്ചിരുന്ന ഡിസൈന്‍ തീമാണ് സ്വപ്ടെയിൽ. ഇതിലേക്ക് ആധുനിക ഫാൻറം കൂപ്പേയുടെ പ്രത്യേകതകള്‍കൂടി ഇണക്കിച്ചേര്‍ത്താണ് പുതിയവാഹനം നിര്‍മിച്ചത്. സ്വപ്ടെയിലിനെപ്പറ്റി ഇനി പറയാന്‍ പോകുന്നതെല്ലാം അസാധാരണമായതാണ്. ആദ്യം വിലയെപ്പറ്റി പറയാം. 10 മില്യണ്‍ പൗണ്ട് ആണ് വാഹനം നിര്‍മിക്കാനായി ഇതിെൻറ ഉടമ മുടക്കിയത്. ഈ തുക രൂപയില്‍ പറഞ്ഞാല്‍ 82.82 കോടി വരും. രൂപകല്‍പനയിൽ തുടങ്ങി നിര്‍മാണം പൂര്‍ത്തിയാകും വരെയുള്ള െചലവാണിത്.
മറ്റൊരുകാര്യം ഈ വാഹനം നമുക്ക് വാങ്ങാനാകില്ല എന്നതാണ്. എത്ര പണം മുടക്കിയാലും അത് സാധ്യമല്ല. കാരണം ഇതുപോലെ ഒരെണ്ണം മാത്രമേ നിര്‍മിക്കുന്നുള്ളൂ. റോള്‍സ്റോയ്സ് വാഹനങ്ങളില്‍ ഇന്നുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഗ്രില്ലുകളാണ് സ്വപ്ടെയിലിന്. എന്നെന്നും നിലനില്‍ക്കാന്‍ ആഡംബര യാച്ചുകളുടെ നിര്‍മാണ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന രൂപം യാച്ചുകളെ ഓര്‍മിപ്പിക്കും. കാറുകള്‍ക്കായി നിര്‍മിച്ചിട്ടുള്ള സണ്‍റൂഫുകളില്‍ ഏറ്റവും വലുതാണ് സ്വപ്ടെയിലിേൻറത്. വാഹനത്തിെൻറ മേല്‍ക്കൂര മുഴുവനും ഗ്ലാസ്കൊണ്ട് നിര്‍മിച്ച സണ്‍റൂഫ് അപഹരിച്ചിരിക്കുന്നു. ഇത് വിവിധ ഘട്ടങ്ങളായി തുറക്കാവുന്നതാണ്.
സ്വപ്ടെയിലൊരു പിന്നഴകനാണ്. മുന്നിലേതിനേക്കാള്‍ സൗന്ദര്യം പിന്‍വശത്തിനുണ്ട്. കാളക്കൊമ്പുകളുടെ രൂപത്തില്‍ അറ്റങ്ങളിലായാണ് ടെയില്‍ ലൈറ്റുകള്‍ പിടിപ്പിച്ചിരിക്കുന്നത്. രണ്ടുപേര്‍ക്ക് മാത്രമേ സഞ്ചരിക്കാനാകൂ. വിലകൂടിയ കാറുകളില്‍ കാണുന്നപോലെ സ്വിച്ചുകളുടെ പ്രളയമോ സംവിധാനങ്ങളുടെ നീണ്ട നിരയോ ഇവിടെയില്ല. റോള്‍സ് റോയ്സ് മുഖമുദ്രയായ േക്ലാക്ക് നിര്‍മിച്ചിരിക്കുന്നത് ടൈറ്റാനിയം ഉപയോഗിച്ചാണ്. ലോകോത്തര നിലവാരമുള്ള തുകലുകളും തടികളുമാണ് അകത്തളനിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എ.സി വെൻറുകളും മറ്റ് സ്വിച്ചുകളും സ്റ്റിയറിങ് വീലും ഇന്‍സ്ട്രമെൻറ് പാനലുമെല്ലാം ഉരുണ്ട രൂപമുള്ളതാണ്. ഇരുവശങ്ങളിലും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച് തുകല്‍കൊണ്ട് പൊതിഞ്ഞ സ്യൂട്ട്കേസുകള്‍ െവച്ചിരിക്കുന്നു. ആവശ്യമെങ്കില്‍മാത്രം പുറത്തേക്കെടുക്കാം.
ഉടമയുടെ ലാപ്ടോപ്പിെൻറ അതേ വലുപ്പത്തിലാണിവ നിര്‍മിച്ചിരിക്കുന്നത്. സാധാരണ റോള്‍സുകളില്‍ കാണുന്നപോലെ ഷാംപെയിന്‍ ബോട്ടിലും സൗന്ദര്യം തുളുമ്പുന്ന സ്ഫടിക ഗ്ലാസുകളും ഇവിടെയുമുണ്ട്. ഗ്ലാസുകൊണ്ട് നിര്‍മിച്ച അറക്കുള്ളില്‍ ഇവ ഇരിക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. അലുമിനിയം ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് കരുത്ത് പകരുന്നത് 6.75 ലിറ്റര്‍ വി12 എൻജിനാണ്. വാഹനഉടമയെ സംബന്ധിച്ച വിവരങ്ങള്‍ തല്‍ക്കാലം കമ്പനി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.