മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിൽ പൊലീസ് പ്രതിക്കൂട്ടിലാവുന്ന വാർത്തകൾ നിറയുകയാണ്. വെള്ളപൂശുന്ന വാക്കുകൾകൊണ്ടൊന്നും മുഖം മിനുക്കാനാവാത്ത വിധം പൊലീസ് വിമർശനം നേരിടുകയാണ്. ഏറ്റവും ഒടുവിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരൻ മരിച്ച സംഭവമാണ് പൊലീസിനുനേരെ വിരൽചൂണ്ടുന്നത്. മനോഹരന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്. പതിവ് തെറ്റാതെ ഭരണകക്ഷിയെ വിമർശിച്ച് കൊണ്ട് പ്രതിപക്ഷ കക്ഷികളും ന്യായീകരണവുമായി ഭരണമുന്നണിയും രംഗത്തുണ്ടെങ്കിലും പൊതുജനം നീതി ലഭിക്കാൻ ഏത് വാതിലിൽ മുട്ടണമെന്നറിയാതെ കുഴങ്ങുകയാണ്. പൊലീസിനെ ന്യായീകരിക്കാനുള്ള ശ്രമം നടക്കുമ്പോൾ പൊലീസിലെ ക്രിമിനലുകളെ വകുപ്പ് തലത്തിൽ തന്നെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, നടപടികൾക്ക് തുടർച്ചയുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാരെ കുറ്റമുക്തരാക്കിയ ക്രമസമാധാന ചുമതലയുള്ള മുൻ എ.ഡി.ജി.പിയുടെ ഉത്തരവുകൾ പുനഃപരിശോധിക്കുന്ന സാഹചര്യം കേരളത്തിലുണ്ടായി. ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇൻസ്പെക്ടറെയും ബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടറെയും കുറ്റമുക്തരാക്കിയ വിജയ് സാക്കറെയുടെ റിപ്പോർട്ടുകൾ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ട്.അതിന്റെയടിസ്ഥാനത്തിലാണ് ഡി.ജി.പി അനിൽകാന്ത് വീണ്ടും പരിശോധിക്കുന്നത്. ക്രിമിനൽ കേസിൽ പ്രതികളായ 59 ഉദ്യോഗസ്ഥരുടെ പട്ടിക പിരിച്ചുവിടാനായി തയാറാക്കിയിരുന്നു. തുടർനടപടി പരിശോധിച്ചപ്പോഴാണ് പിരിച്ചുവിടൽ ഉൾപ്പെടെ കർശന നടപടികൾക്ക് വിധേയമാക്കേണ്ട പല ഉദ്യോഗസ്ഥരെയും കുറ്റമുക്തരാക്കിയതായി കണ്ടെത്തിയത്.
കൊലപാതകശ്രമം, ബലാത്സംഗം, സ്ത്രീകളോട് മോശമായി പെരുമാറൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികൾ മുൻ എ.ഡി.ജി.പി വിജയ് സാക്കറെ ലഘൂകരിച്ചതായാണ് കണ്ടെത്തൽ. അദ്ദേഹം ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുമാണ്. പല ഉദ്യോഗസ്ഥരും എ.ഡി.ജി.പിയുടെ ഈ നടപടിയിലൂടെ രക്ഷപെട്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വധിക്കാൻ ശ്രമിച്ച കേസും വിജിലൻസ് കേസുമടക്കം 14 കേസുകളിൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കരൻ. ഹൈകോടതി നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ 18 കേസുകളാണ് തൊടുപുഴ ഇൻസ്പെക്ടറായ ശ്രീമോനെതിരെ തെളിഞ്ഞത്. ഉത്തരമേഖല ഐ.ജി പിരിച്ചുവിട്ട ശ്രീമോനെ വിജയ് സാക്കറെ തിരിച്ചെടുത്ത് ഉത്തരവിടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിരുന്ന കൊച്ചിയിലെ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് ബാബുവിനെ മുൻ കമീഷണർ സി.എച്ച്. നാഗരാജു പിരിച്ചുവിട്ടിരുന്നു. ഗിരീഷ് നൽകിയ അപ്പീൽ പരിഗണിച്ച് ഇയാളെയും തിരിച്ചെടുത്തു. സർവിസിൽ കയറി ദിവസങ്ങൾക്കുള്ളിൽ ഗിരീഷ് ബാബു വീണ്ടും ക്രിമിനൽ കേസിൽ അറസ്റ്റിലായി. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
പുതിയ സാഹചര്യം പൊലീസ് സേന തിരിച്ചറിയുന്നുണ്ട്. അതിെൻറ ഭാഗമായാണ് പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശനനടപടി സ്വീകരിക്കാനും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരായ നടപടി വേഗത്തിലാക്കാനും പൊലീസ് ഉന്നത തല യോഗത്തിൽ തീരുമാനമെടുത്തത്. സാമൂഹിക മാധ്യമങ്ങൾ ശക്തമായ കാലഘട്ടത്തിൽ ചെറിയ സംഭവങ്ങൾ പോലും ഏറെ വിമർശനങ്ങൾക്ക് കാരണമാകുന്നതിനാൽ വളരെ കരുതലോടെ വേണം പൊതുജനങ്ങളോട് ഇടപെടാനെന്ന് ജില്ല പൊലീസ് മേധാവികൾ പൊലീസുകാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
`ഒറ്റപ്പെട്ട സംഭവങ്ങ'ളെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ദിനംപ്രതിയുണ്ടാവുകയാണ്. ഈ പ്രവണത അനുവദിക്കില്ല. കാരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പല സ്റ്റേഷനുകളിലെയും പൊലീസുകാർക്കെതിരെ ഗുണ്ട, മാഫിയ ബന്ധം പകൽപോലെ വ്യക്തമാണ്. ഈ സാഹചര്യത്തിൽ
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി ബന്ധം പുലര്‍ത്തുന്ന ഓഫിസര്‍മാര്‍ക്കെതിരായ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നല്‍കിയെങ്കിലും തുടർച്ചയുണ്ടായില്ല.
ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താൻ ജില്ലതല പരിശോധന നടത്താൻ ഡി.ജി.പി അനിൽ കാന്ത് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും നിർദേശമുണ്ട്.
തലസ്ഥാനത്ത് ഗുണ്ട-മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഡി.വൈ.എസ്.പിമാർ, മുൻ ഡിവൈ.എസ്.പി എന്നിവർക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടെ, രഹസ്യവിവരങ്ങൾ കൈമാറേണ്ട സ്പെഷൽ ബ്രാഞ്ചിലെ ഉന്നതൻ ഗുണ്ടാസംഘങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തെന്ന ആരോപണവും നിലവിലുണ്ട്.
പല ജില്ലകളിലും പൊലീസുകാരും മാഫിയ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധം റിപ്പോർട്ട് ചെയ്യുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തലുണ്ട്. അതിനെതുടർന്നാണ് ജില്ല പൊലീസ് മേധാവിമാരുടെയും സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പിമാരുടെയും യോഗം വൈകാതെ വിളിക്കാൻ തീരുമാനിച്ചത്. ഇത്തരം നടപടികൾ ഒരു ഭാഗത്ത് നടക്കുമ്പോഴും ഒന്നും സേനയിലെ കള്ളനാണയങ്ങളെ ബാധിക്കുന്നില്ലെന്നാണ് വാർത്തകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.