ചരിത്രപരമായ ഒരു വിധിക്ക് ഏപ്രിൽ 24ന് 50 വയസ്സ്. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിനു നൽകുന്ന അധികാരത്തിന് പരിധി നിശ്ചയിച്ച ഭൂരിപക്ഷവിധി ഇന്നും പലവിധത്തിൽ പ്രസക്തമാണ്. ജനാധിപത്യം സംരക്ഷിക്കുമെന്ന് പ്രകീർത്തിക്കപ്പെട്ട ആ വിധിക്ക് എന്തുസംഭവിച്ചു? അതിനുശേഷം രാജ്യത്തിന് എന്തു സംഭവിച്ചു? -വിശകലനം.
കാസർകോട്ടെ എഡനീർ മഠത്തിലെ ദിവംഗതനായ അധിപതി കേശവാനന്ദ ഭാരതി ശ്രീപാദങ്ങളവരുടെ പേരിൽ പ്രസിദ്ധമായി അറിയപ്പെടുന്ന സുപ്രീംകോടതി വിധിക്ക് അമ്പത് വയസ്സായി. 13 ജഡ്ജിമാർ 66 ദിവസം വാദം കേട്ടതിനുശേഷം മൊത്തം 950 പേജ് ദൈർഘ്യമുള്ള 11 വിധിന്യായങ്ങൾ പ്രസ്താവിച്ചത് 1973 ഏപ്രിൽ 24ന് ആയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എം. സിക്രി അധ്യക്ഷനായ ബെഞ്ച് സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബെഞ്ചായിരുന്നു. എൻ.എ. പാൽക്കിവാല, നിരൻ ഡേ, എച്ച്.എം. സീർവായ് തുടങ്ങി തലയെടുപ്പുള്ള അഭിഭാഷക പ്രമുഖർ അണിനിരന്ന കേസിന് പൂരപ്പൊലിമയുണ്ടായി. കോടതിയിൽ നടക്കുന്നത് പത്രങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ജഡ്ജിമാർ ഒപ്പത്തിനൊപ്പം നിന്ന കേസിൽ ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ നിലപാടാണ് 7:6 എന്ന നിലയിൽ കേസ് തീർപ്പാകാൻ ഇടയാക്കിയത്. ഭരണഘടന ഭേദഗതി ചെയ്യാൻ അനുച്ഛേദം 368 പാർലമെന്റിനു നൽകുന്ന അധികാരത്തിന് പരിധി നിശ്ചയിച്ച ഭൂരിപക്ഷവിധി രൂപപ്പെടുത്തിയത് ചീഫ് ജസ്റ്റിസായിരുന്നു. അനുച്ഛേദം 368നെ നിയന്ത്രിതമാക്കുന്ന ബേസിക് സ്ട്രക്ചർ സിദ്ധാന്തം ആവിഷ്കൃതമായ വിധി ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധിയെന്ന് പ്രകീർത്തിക്കപ്പെട്ടു.
പ്രതീക്ഷിച്ചതുപോലെ ഭരണഘടനക്ക് കവചമാകാൻ കേശവാനന്ദ ഭാരതിക്കു കഴിഞ്ഞില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ഞാൻ സുവർണ ജൂബിലിയിലെ ഈ അനുസ്മരണം നടത്തുന്നത്. കേശവാനന്ദ ഭാരതിയുടെ രണ്ടാം വർഷം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ജനാധിപത്യത്തിനു രക്ഷയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട കേശവാനന്ദ ഭാരതിക്ക് ഏകാധിപത്യത്തിന്റെ വരവിനെ പ്രതിരോധിക്കാനായില്ല. ഭരണഘടനയുടെ ബേസിക് സ്ട്രക്ചർ മാത്രമല്ല സൗധമാകെ ഏകാധിപത്യത്തിന്റെ ബുൾഡോസർ ഉരുണ്ടപ്പോൾ ബാബേൽ ഗോപുരംപോലെ തകർന്നുവീണു. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ട 42ാം ഭേദഗതി മൗലികാവകാശങ്ങളെ അപ്പാടെ തുടച്ചുനീക്കി. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്ന കേസ് എന്ന അപരനാമംകൂടി കേശവാനന്ദ ഭാരതിക്കുണ്ടായിരുന്നു. പാർലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള അധികാരനിർണയത്തിൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടായെങ്കിലും ഭരണഘടനയുടെ സ്ഥായീഭാവത്തെക്കുറിച്ച് സംശയമില്ലാതിരുന്ന കേശവാനന്ദ ഭാരതി ബെഞ്ചിലെ അഞ്ച് ജഡ്ജിമാരാണ് അടിയന്തരാവസ്ഥയിലെ ഹേബിയസ് കോർപസ് കേസ് കേട്ടത്. അവരിൽ നാലുപേർ അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്ന നിലപാടെടുത്തു. അത് കേശവാനന്ദ ഭാരതിയിൽ പ്രഖ്യാപിതമായ തത്ത്വങ്ങൾക്ക് വിരുദ്ധമായിരുന്നു. ജസ്റ്റിസ് ഖന്നയുടെ ഐതിഹാസികമായ വിയോജിപ്പ് അദ്ദേഹത്തിന്റെ അവിസ്മരണീയമായ രക്തസാക്ഷിത്വത്തിനു കാരണമായി.
കേരള നിയമസഭ പാസാക്കിയ രണ്ട് ഭൂപരിഷ്കരണ നിയമങ്ങൾ ഭരണഘടനയുടെ 29ാം ഭേദഗതി പ്രകാരം ഒമ്പതാം പട്ടികയിൽ ചേർത്തതിനെ ചോദ്യംചെയ്താണ് കേശവാനന്ദ ഭാരതി അനുച്ഛേദം 32 അനുസരിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. മിച്ചഭൂമിയായി പ്രഖ്യാപിച്ച് മഠത്തിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് സ്വത്തവകാശം എന്ന മൗലികാവകാശത്തിന്റെ നിരാസമാണെന്നും മൗലികാവകാശങ്ങൾക്ക് നിരക്കാത്ത നിയമങ്ങൾ അസാധുവാണെന്നും 1969ലെ ഗോലക് നാഥ് കേസിനെ അടിസ്ഥാനമാക്കി കേശവാനന്ദ ഭാരതിക്കുവേണ്ടി വാദമുണ്ടായി. ഭരണഘടനക്ക് നിരക്കാത്ത നിയമങ്ങൾ ഭരണഘടന ഭേദഗതിചെയ്ത് ഒമ്പതാം പട്ടികയുടെ സുരക്ഷിതമായ പരിസരത്ത് സംരക്ഷിക്കുന്നത് ശരിയോ എന്ന ചോദ്യമുണ്ടായി. ഈ ചോദ്യത്തിന് കേശവാനന്ദ ഭാരതിക്ക് അനുകൂലമായ ഉത്തരമല്ല സുപ്രീംകോടതിയിൽനിന്ന് ലഭിച്ചത്. കേശവാനന്ദ ഭാരതിയുടെ നഷ്ടം രാജ്യത്തിനു ഗുണകരമായി. റിപ്പബ്ലിക്കിന്റെ ആരംഭം മുതൽ നിലനിൽക്കുന്ന ഭരണവിഭാഗങ്ങൾ തമ്മിലുള്ള ആധിപത്യത്തർക്കത്തിൽ പ്രധാനപ്പെട്ട കേസായി കേശവാനന്ദ ഭാരതി അടയാളപ്പെടുത്തപ്പെട്ടു.
ഗോലക് നാഥ് കേസ് വിധിച്ചത് 11 ജഡ്ജിമാർ ചേർന്നായതിനാൽ കേശവാനന്ദ ഭാരതി തീർപ്പാക്കാൻ 13 ജഡ്ജിമാർ വേണ്ടിയിരുന്നു. പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറി എന്ന സിദ്ധാന്തവുമായി ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലം. കേശവാനന്ദ ഭാരതിയെ മറന്ന് ജഡ്ജിമാർ എക്സിക്യൂട്ടിവിന് അനുകൂലമെന്നും പ്രതികൂലമെന്നും രണ്ടു ചേരിയായി. ചീഫ് ജസ്റ്റിസ് സിക്രിയും ഷേലത്ത്, ഹെഗ്ഡെ, േഗ്രാവർ, റേ എന്നീ ജഡ്ജിമാരും പാർലമെന്റിന്റെ പരമാധികാരം എന്ന നിലപാടിനോട് വിയോജിച്ചപ്പോൾ ഇന്ദിര ഗാന്ധിയുടെ കാലത്ത് നിയമിതരായ ജഡ്ജിമാർ പാർലമെന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. പാർലമെന്റിന്റെ പരമാധികാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജുഡീഷ്യൽ റിവ്യൂവിന് വിധേയമാകാത്ത നിയമനിർമാണാധികാരം എന്നാണ്. അതായിരുന്നു എക്സിക്യൂട്ടിവിന്റെ താൽപര്യം. കാരണം, എക്സിക്യൂട്ടിവിന്റെ ഇംഗിതമാണ് പാർലമെന്റിൽ പ്രതിഫലിക്കുന്നത്.
എക്സിക്യൂട്ടിവിന്റെ താൽപര്യത്തിനൊപ്പം നിന്നവർക്ക് പ്രതിഫലമുണ്ടായി. എക്സിക്യൂട്ടിവിന് ഹിതകരമല്ലാത്ത വിധിയാണ് കേശവാനന്ദ ഭാരതി കേസിൽ ഉണ്ടായത്. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന ദിവസമാണ് വിധിപ്രസ്താവം നടന്നത്. സീനിയോറിറ്റി ക്രമത്തിൽ ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന മൂന്നുപേരെ മറികടന്ന് എ.എൻ. റേ ചീഫ് ജസ്റ്റിസായി നിയമിതനായി. അദ്ദേഹത്തിന്റെ കാലത്ത് കേശവാനന്ദ വിധി പുനഃപരിശോധിക്കാൻ ശ്രമമുണ്ടായി. അത് പരാജയപ്പെട്ടപ്പോൾ 42ാം ഭേദഗതി വന്നു. എല്ലാം തകർക്കപ്പെട്ട അവസ്ഥയായി. പുനർനിർമിതിക്ക് ജനതാ ഭരണകാലത്ത് 44ാം ഭേദഗതിയുണ്ടായി. സ്വത്തവകാശം മൗലികാവകാശമല്ലാതായി. കേശവാനന്ദ ഭാരതിക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടിയില്ല. ഭരണഘടനയുടെ ചരിത്രത്തിൽ ശാശ്വതമായ യശസ്സ് മാത്രം അദ്ദേഹത്തിനു ലഭിച്ചു. ഭരണഘടനാ ഭേദഗതി ഉൾപ്പെടെ നിയമനിർമാണത്തിൽ പാർലമെന്റിനു മേൽ ചുമത്തപ്പെട്ട പരിമിതികൾ നിലനിൽക്കുന്നു. ജഡ്ജിമാരുടെ നിയമനത്തിനുവേണ്ടിയുള്ള ദേശീയ കമീഷന്റെ രൂപവത്കരണ നിയമവും അതിനുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയും സുപ്രീംകോടതി അസാധുവാക്കിയത് ജുഡീഷ്യറിയുടെ സ്വതന്ത്രത എന്ന ബേസിക് സ്ട്രക്ചർ തത്ത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു. ജുഡീഷ്യറിയുടെ ആധിപത്യം സുസ്ഥിരമാക്കുന്നതിനുള്ള ഉപകരണം മാത്രമായി കേശവാനന്ദ ഉപകരിക്കപ്പെട്ടു.
ഭൂപരിഷ്കരണ നിയമങ്ങൾക്ക് സുരക്ഷിതമായ താവളം ഒരുക്കാൻവേണ്ടി സൃഷ്ടിച്ച സംവിധാനമാണ് ഒമ്പതാം പട്ടിക. ശങ്കരിപ്രസാദ് സിങ്ദേവ് കേസിൽ ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയുടെ സാധുത കോടതി ശരിവെച്ചു. മൗലികാവകാശങ്ങൾ പരിമിതമാകുന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനോ നിയമം നിർമിക്കുന്നതിനോ പാർലമെന്റിന് അധികാരമില്ലെന്ന് ഗോലക് നാഥ് കേസിൽ സുപ്രീംകോടതി പറഞ്ഞു. ഭരണകക്ഷിയായ കോൺഗ്രസ് പിളർന്നതിനുശേഷമുള്ള പ്രക്ഷുബ്ധമായ കാലമായിരുന്നു അത്. ജനപിന്തുണക്കുവേണ്ടി രണ്ടു കാര്യങ്ങൾ ഇന്ദിര ഗാന്ധി ചെയ്തു. മുൻ രാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയതും 14 സ്വകാര്യ ബാങ്കുകൾ ദേശസാത്കരിച്ചതും ആയിരുന്നു അവ. സ്വത്ത് ഏറ്റെടുക്കുമ്പോഴും നിർത്തലാക്കുമ്പോഴും നഷ്ടപരിഹാരം നൽകണമെന്ന് രണ്ടു കേസിലും വിധിയുണ്ടായി. കാര്യങ്ങൾ ഉദ്ദേശിക്കുന്ന വഴിക്ക് നീങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഇന്ദിര ഗാന്ധി തയാറായി. ഗരീബി ഹഠാവോ എന്ന ദാരിദ്യ്രനിർമാർജന മുദ്രാവാക്യം ഉയർത്തി ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം തെരഞ്ഞെടുപ്പ് വിഷയമാക്കി. പ്രധാനമന്ത്രിയുടെ പാർട്ടിക്ക് 518ൽ 352 എന്ന അവിശ്വസനീയമായ വിജയമുണ്ടായി. അതോടെ പാർലമെന്റും സുപ്രീംകോടതിയും തമ്മിലുള്ള അന്തിമയുദ്ധത്തിനു കളമൊരുങ്ങി. ഇപ്രകാരം ഒരുക്കപ്പെട്ട കളത്തിലേക്കാണ് ഇതൊന്നുമറിയാതെ കൈവിട്ടുപോകുന്ന സ്വന്തം ഭൂമിയുടെ സംരക്ഷണാർഥം കേശവാനന്ദ ഭാരതി എത്തിയത്.
ഒരു കേസിന്റെ ഗതിയും വിധിയും എപ്രകാരമാണ് കൈകാര്യം ചെയ്യാൻ കഴിയുകയെന്നതിന് കേശവാനന്ദ നല്ല ഉദാഹരണമായി. പതിമൂന്നംഗ ബെഞ്ചിൽ സിക്രിയെയും ഷേലത്തിനെയും ഉൾപ്പെടുത്തിയതായിരുന്നു ആദ്യത്തെ അനാശാസ്യത. ഇരുവരും ഗോലക് നാഥ് ബെഞ്ചിൽ ഉണ്ടായിരുന്നവരാണ്. ചീഫ് ജസ്റ്റിസ് സിക്രിക്കും ജസ്റ്റിസ് ഷേലത്തിനും പുറമെ ഹെഗ്ഡെ, േഗ്രാവർ, റേ, ജഗൻമോഹൻ റെഡ്ഡി, പലേക്കർ, ഖന്ന, മാത്യു, ബേഗ്, ദ്വിവേദി, മുഖർജി, ചന്ദ്രചൂഡ് എന്നിവർ ചേർന്നതായിരുന്നു പതിമൂന്നംഗ ബെഞ്ച്. അറിയപ്പെട്ട നിലപാടുകൾക്കനുസൃതമായി 11 വിധിന്യായങ്ങൾ ഉണ്ടായി. അഭിഭാഷകനായിരിക്കേ സുപ്രീംകോടതിയിലേക്ക് എടുക്കപ്പെട്ട സിക്രിയുടെ അവസാനത്തെ കേസായിരുന്നു കേശവാനന്ദ ഭാരതി. പ്രധാനമന്ത്രിയുമായി അദ്ദേഹം അത്ര രസത്തിലുമായിരുന്നില്ല. എ.എൻ. റേ പാർലമെന്റിന്റെ അധീശത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. അനഭിമതരായിത്തീർന്ന മൂന്ന് മുതിർന്ന ജഡ്ജിമാരെ മറികടന്ന് അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇന്ദിര ഗാന്ധിയുടെ കാലത്ത് നിയമിതരായ ആറു ജഡ്ജിമാരിൽ അഞ്ചുപേരും ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള പാർലമെന്റിന്റെ അധികാരത്തിനൊപ്പം നിന്നു. പലേക്കർ, മാത്യു, ബേഗ്, ദ്വിവേദി, ചന്ദ്രചൂഡ് എന്നിവരായിരുന്നു അവർ. അവർക്കൊപ്പം കൂടാതിരുന്ന മുഖർജി, ഹെഗ്ഡെയുമായി ചേർന്ന് പ്രത്യേകം വിധിയെഴുതി. ചീഫ് ജസ്റ്റിസ് സിക്രിയുടെ നോമിനിയായിരുന്ന ഖന്ന ബേസിക് സ്ട്രക്ചർ എന്ന സിദ്ധാന്തത്തിനു രൂപംകൊടുത്തുവെന്നു മാത്രമല്ല 6:6 എന്ന നിലയിൽനിന്ന ബെഞ്ചിനെ പാർലമെന്റിന്റെ പരിമിതാധികാരം എന്ന നിലപാടിലൂടെ തന്റെ ഭാഗത്താക്കി ഭൂരിപക്ഷമാക്കുകയും ചെയ്തു.
മൗലികാവകാശക്കേസ് എന്ന് പ്രസിദ്ധമായി അറിയപ്പെട്ട കേസാണ് കേശവാനന്ദ ഭാരതി. പക്ഷേ, മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നില്ല കേശവാനന്ദ ഭാരതി കോടതിയെ സമീപിച്ചത്. തനിക്ക് ദോഷകരമായ ഒരു നിയമത്തിന് ഒമ്പതാം പട്ടികയുടെ പരിരക്ഷ നൽകി ജുഡീഷ്യൽ റിവ്യൂവിൽനിന്ന് മുക്തമാക്കുന്നതിനെതിരെ മാത്രമായിരുന്നു സ്വാമിയുടെ കേസ്. ഭൂപരിഷ്കരണം നിമിത്തം ഭൂമി നഷ്ടമാകുന്ന കുറെപ്പേർ സ്വാമിക്കൊപ്പം കൂടി. മൗലികാവകാശമായ സ്വത്തവകാശം പരിമിതമാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് അവർക്കുവേണ്ടി വാദമുണ്ടായി. നിർദേശകതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതിന് വേണ്ടിവന്നാൽ മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനും പാർലമെന്റിന് അധികാരമുണ്ടെന്ന് സർക്കാറിനുവേണ്ടി വാദമുണ്ടായി. നിയമത്തിന്റെ ഭാഷയിൽ ഉന്നയിക്കപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളാണ് കേശവാനന്ദ ഭാരതിയെ ശ്രദ്ധേയമാക്കിയത്.
രണോത്സുകതയിൽ ഏറ്റുമുട്ടുന്ന അശ്വയോദ്ധാക്കളുടെ മനസ്സായിരുന്നു ജഡ്ജിമാർക്ക്. ഗോലക് നാഥ്, ബാങ്ക് ദേശസാത്കരണം, പ്രിവി പഴ്സ് കേസുകളിൽ ഭൂരിപക്ഷത്തിന്റെ ഭാഗമായിരുന്ന സിക്രി, ഷേലത്ത്, ഹെഗ്ഡെ, േഗ്രാവർ എന്നിവർ ഒരു ഭാഗത്തും റേ, മാത്യു, പലേക്കർ, ബേഗ്, ദ്വിവേദി എന്നിവർ മറുഭാഗത്തുമായി അക്ഷൗഹിണികൾ അണിനിരന്നു. ഖന്ന, മുഖർജി, റെഡ്ഡി, ചന്ദ്രചൂഡ് എന്നിവർ ആദ്യഘട്ടത്തിൽ നിഷ്പക്ഷരായിരുന്നു. ഹരജിക്കാരനുവേണ്ടി പാൽക്കിവാലയും കേരളത്തിനുവേണ്ടി എച്ച്.എം. സീർവായിയും ഹാജരായി. ഗോലക് നാഥ്, ബാങ്ക് ദേശസാത്കരണം, പ്രിവി പഴ്സ് എന്നിങ്ങനെ വാർത്താപ്രാധാന്യമുള്ള കേസുകളിൽ പരാജയപ്പെട്ടുനിന്നിരുന്ന അറ്റോണി ജനറൽ നിരെൻ ഡേ കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായി. പാൽക്കിവാലയുടെ വാദം 31 ദിവസം നീണ്ടുനിന്നു. എതിർഭാഗത്ത് അറ്റോണി ജനറലിനേക്കാൾ പ്രാമുഖ്യം സീർവായിക്കാണ് ലഭിച്ചത്. അദ്ദേഹം 22 ദിവസവും അറ്റോണി ജനറൽ 10 ദിവസവും വാദിച്ചു. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയിലെ ഏതു കാര്യത്തിലും മാറ്റം വരുത്തുന്നതിന് പാർലമെന്റിന് അനിയന്ത്രിതമായ അധികാരമുണ്ടെന്ന നിലപാടായിരുന്നു സീർവായിയുടേത്. 1975ൽ ഭരണഘടനയുടെ മേൽ ഇന്ദിര ഗാന്ധി നടത്തിയ അത്യാചാരങ്ങളിൽ മനംനൊന്ത് തന്റെ നിലപാട് തിരുത്തുന്നതിനുള്ള ആർജവം ഭരണഘടനാ നിയമത്തിൽ കനപ്പെട്ട സംഭാവന നൽകിയ സീർവായിക്കുണ്ടായി.
വിധിദിനമായ 1973 ഏപ്രിൽ 24ന് 13 ജഡ്ജിമാരുടേതായി 11 വിധികൾ പ്രസ്താവിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് സിക്രി വിരമിക്കുന്ന ദിവസമായിരുന്നു അത്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള പാർലമെന്റിന്റെ അധികാരം ഭരണഘടനയാൽതന്നെ നിയന്ത്രിതമാണെന്ന നിലപാട് സിക്രി, ഷേലത്ത്, േഗ്രാവർ, ഹെഗ്ഡെ, മുഖർജി, റെഡ്ഡി എന്നീ ആറ് ജഡ്ജിമാർ നാല് പ്രത്യേക വിധികളിലൂടെ വ്യക്തമാക്കി. ആറ് ജഡ്ജിമാർ വെവ്വേറെയെഴുതിയ ആറ് വിധികളിലൂടെ അതിനോട് വിയോജിച്ചു. ഒറ്റപ്പെട്ടുനിന്ന ഖന്ന രണ്ടു ഭാഗത്തോടും യോജിച്ചു. ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് ക്ഷതമേൽപിക്കുന്ന ഭേദഗതി അനുവദനീയമല്ലെന്ന പിൽക്കാലത്ത് പ്രസിദ്ധമായിത്തീർന്ന നിലപാട് ഖന്ന പ്രഖ്യാപിച്ചു.
അലകും പിടിയും മാറിക്കഴിഞ്ഞാൽ മഴു പഴയതായിത്തന്നെ നിലനിൽക്കുമോയെന്ന താത്ത്വികമായ ചോദ്യമാണ് ഖന്നയുടെ നിലപാടിലുണ്ടായത്. തെസ്യൂസിന്റെ കപ്പലിലെ ഉരുപ്പടികൾ ഒന്നൊന്നായി മാറ്റി പുതിയത് പിടിപ്പിച്ചാൽ അത് പിന്നെയും തെസ്യൂസിന്റെ കപ്പലായി നിലനിൽക്കുമോ എന്ന് പ്ലൂട്ടാർക്ക് ചോദിച്ചിട്ടുണ്ട്. അനുച്ഛേദം 368 നൽകുന്ന അധികാരം ഉപയോഗിച്ച് ഭരണഘടനയിലെ വകുപ്പുകളും വ്യവസ്ഥകളും ഒന്നൊന്നായി മുഴുവൻ മാറ്റിയാൽ അവശേഷിക്കുന്നത് 1949ലെ ഭരണഘടനയായിരിക്കുമോ? ഇതിനുള്ള ഉത്തരമാണ് ബേസിക് സ്ട്രക്ചർ എന്ന സിദ്ധാന്തം. കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതെയുള്ള നശീകരണത്തിനെതിരെയുള്ള പ്രതിരോധമാണ് ബേസിക് സ്ട്രക്ചർ.
ഇത് ജസ്റ്റിസ് ഖന്നയുടെ കണ്ടുപിടിത്തമായിരുന്നില്ല. കേശവാനന്ദ ഭാരതിക്ക് എട്ടു വർഷം മുമ്പ് സജ്ജൻ സിങ് കേസിലെ ഭിന്നവിധിയിൽ ജസ്റ്റിസ് മുധോൽകർ ബേസിക് സ്ട്രക്ചർ എന്ന പദം ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിലെ ചീഫ് ജസ്റ്റിസ് എ.ആർ. കൊർണേലിയസ് 1963ൽ രേഖപ്പെടുത്തിയ തത്ത്വത്തെയാണ് മുധോൽകർ പരാമർശിച്ചത്. ഗോലക് നാഥ് കേസിൽ ഹരജിക്കാരുടെ അഭിഭാഷകനായിരുന്ന എം.കെ. നമ്പ്യാർ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. 1965ൽ ബനാറസ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ ജർമൻ നിയമപണ്ഡിതനായ ഡീട്രിച്ച് കോൺറാഡ് ഭേദഗതി ചെയ്യുന്നതിനുള്ള പാർലമെന്റിന്റെ അധികാരത്തിൽ ലീനമായിരിക്കുന്ന പരിമിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ജർമൻ ഭരണഘടനയുടെ അനുച്ഛേദം 79(3)ൽ പ്രതിപാദിക്കുന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രഫസർ കോൺറാഡിന്റെ ആവിഷ്കാരം. ഉചിതമായ സന്ദർഭത്തിൽ പരിശോധിക്കേണ്ടതായ വിഷയമാണിതെന്ന് അന്ന് ചീഫ് ജസ്റ്റിസ് സുബ്ബറാവു പറഞ്ഞിടത്തുനിന്നാണ് ജസ്റ്റിസ് ഖന്ന വിപ്ലവകരമായ തന്റെ ചിന്തക്കു തുടക്കമിട്ടത്. ഭേദഗതിക്കുള്ള അധികാരം പരിമിതപ്പെട്ടിരിക്കുന്നു എന്ന ചീഫ് ജസ്റ്റിസിന്റെ ഭാഗത്തിന് അതോടെ മുൻതൂക്കമായി.
ജർമനിയിൽനിന്ന് പാകിസ്താൻ വഴി ഇന്ത്യയിലെത്തിയ ബേസിക് സ്ട്രക്ചർ സിദ്ധാന്തം എന്ത് എന്ന കാര്യത്തിൽ കൃത്യമായ നിർവചനം ഉണ്ടായില്ലെങ്കിലും അഞ്ച് കാര്യങ്ങൾ ചീഫ് ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ മേൽക്കോയ്മ, ഭരണകൂടത്തിന്റെ ജനാധിപത്യ സ്വഭാവം, ഭരണഘടനയുടെ മതനിരപേക്ഷഭാവം, ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവക്കിടയിലെ കൃത്യമായ അധികാര വേർതിരിവ്, ഭരണഘടനയുടെ ഫെഡറൽ സ്വഭാവം എന്നിവയാണവ. ജുഡീഷ്യൽ റിവ്യൂ, ഫെഡറലിസം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പിന്നീടുണ്ടായ കേസുകളിൽ ജഡ്ജിമാർ കൂട്ടിച്ചേർത്തിട്ടുണ്ട്്.
ചീഫ് ജസ്റ്റിസിന്റെ വിരമിക്കൽ എന്ന ഡെഡ്ലൈൻ കണ്ടുകൊണ്ട് തിടുക്കത്തിൽ തീർപ്പാക്കപ്പെട്ട കേസാണ് കേശവാനന്ദ ഭാരതി. സഹജഡ്ജിമാരുടെ വിധികൾ വായിക്കുന്നതിനുള്ള അവസരം പലർക്കും കിട്ടിയില്ല. കേസിനെക്കുറിച്ചുള്ള കൂടിയാലോചനക്ക് ചീഫ് ജസ്റ്റിസ് വിളിച്ച യോഗത്തിൽ എട്ട് ജഡ്ജിമാർ മാത്രമാണ് പങ്കെടുത്തത്. സമന്വയത്തിന്റെ അഭാവത്തിൽ ജഡ്ജിമാർ വിഘടിച്ചുനിന്നു. 11 വിധിന്യായങ്ങൾ പ്രസ്താവിക്കപ്പെട്ടതിനുശേഷം അവസ്ഥയിൽ വ്യക്തത വരുത്തുന്നതിന് ഭൂരിപക്ഷ നിലപാട് ആറ് പോയന്റുകളിൽ ചുരുക്കി ചീഫ് ജസ്റ്റിസ് ഒരു കുറിപ്പ് വായിച്ചു. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഭരണഘടന നൽകുന്ന അധികാരം ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് കോട്ടം വരുന്ന തരത്തിൽ പ്രയോഗിക്കാനാവില്ലെന്ന തത്ത്വം കുറിപ്പിൽ രണ്ടാമത്തെ പോയന്റായിരുന്നു. റേ, മാത്യു, ദ്വിവേദി, ബേഗ് എന്നീ നാല് ജഡ്ജിമാർ കുറിപ്പ് അവഗണിച്ചു. ഒമ്പതുപേർ കുറിപ്പിൽ ഒപ്പിട്ടു. ഭരണഘടനാ നിയമത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസിന്റെ നാടകീയവും ദുർബലവുമായ പര്യവസാനമായിരുന്നു അത്. പരസ്പരമുള്ള സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിലാണ് ചരിത്രപ്രസിദ്ധമായിത്തീർന്ന വിധി ജഡ്ജിമാർ അവസാനിപ്പിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലുള്ള അവിശ്വാസപ്രഖ്യാപനമായിരുന്നു കേശവാനന്ദ ഭാരതി. ഭരണഘടനാപരമായ ഉത്തരവാദിത്തം പരമാധികാരസഭക്ക് ഉണ്ടാവില്ലെന്ന ആശങ്കയിൽനിന്നാണ് പാർലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള നീക്കമുണ്ടായത്. അടിയന്തരാവസ്ഥയിലെ ബൃഹത്തായ ഭരണഘടനാ ഭേദഗതി കോടതിയുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്നതിന് തെളിവായി. അടിയന്തരാവസ്ഥക്കുശേഷം അപഭ്രംശങ്ങൾ നീക്കംചെയ്യുന്ന പ്രക്രിയയിൽ കേശവാനന്ദ ഭാരതി തുണയായി. ഈ അർഥത്തിലാണ് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിച്ച കേസെന്ന് കേശവാനന്ദ ഭാരതി അറിയപ്പെട്ടത്. ആ വിധി ഉണ്ടായിരുന്നില്ലെങ്കിലും കോടതി അവിശ്വസിച്ച പാർലമെന്റിലൂടെ ജനങ്ങൾ അവരുടെ പരമാധികാരം ഉപയോഗിച്ച് അടിയന്തരാവസ്ഥയുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യുമായിരുന്നു. കോടതിയല്ല പാർലമെന്റാണ് ജനങ്ങൾക്ക് നഷ്ടപ്പെട്ടത് വീണ്ടെടുത്തത്. കേശവാനന്ദ ഭാരതിയുടെ വെളിച്ചത്തെ തല്ലിക്കെടുത്തിയ വിധിയാണ് അടിയന്തരാവസ്ഥയെ നിർലജ്ജം ന്യായീകരിച്ചുകൊണ്ട് ഹേബിയസ് കോർപസ് കേസിൽ സുപ്രീംകോടതി നൽകിയത്. മൗലികാവകാശങ്ങളുടെ അലംഘനീയത ഉയർത്തിപ്പിടിച്ച കേശവാനന്ദ ബെഞ്ചിലെ നാല് ജഡ്ജിമാർ മൗലികാവകാശങ്ങളുടെ സമ്പൂർണനിഗ്രഹത്തിനു കുടപിടിച്ച െപ്രാക്രൂസ്റ്റിയൻ ബെഞ്ചിലുണ്ടായിരുന്നു. ആ അഞ്ചംഗ ബെഞ്ചിൽ കേശവാനന്ദയോടും മനുഷ്യാവകാശങ്ങളോടും നീതി പുലർത്തിയത് എച്ച്.ആർ. ഖന്ന മാത്രമായിരുന്നു.
മൗലികാവകാശങ്ങൾ മാറ്റത്തിനു വിധേയമല്ലെന്ന ഗോലക് നാഥ് വിധി പുനഃപരിശോധിക്കുന്നതിനുവേണ്ടി രൂപവത്കൃതമായതാണ് കേശവാനന്ദ ഭാരതിയിലെ പതിമൂന്നംഗ ബെഞ്ച്. മൗലികാവകാശക്കേസ് എന്ന് കേശവാനന്ദ ഭാരതി അറിയപ്പെട്ടെങ്കിലും ചോദ്യത്തിനുള്ള ഉത്തരം ഭൂരിപക്ഷാഭിപ്രായത്തിൽനിന്ന് ലഭിച്ചില്ല. ഗോലക് നാഥ് വിധി മറികടന്ന് ബേസിക് സ്ട്രക്ചർ സിദ്ധാന്തം ആവിഷ്കരിച്ച കോടതി ബേസിക് സ്ട്രക്ചറിന്റെ ഭാഗമായി കണ്ട് തയാറാക്കിയ പട്ടികയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയില്ല എന്നതും കൗതുകമായി. ജീവിക്കുന്നതിനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കാനുള്ള ഔദ്ധത്യം ഈ ഉപേക്ഷയിൽനിന്ന് സുപ്രീംകോടതിക്ക് ലഭിച്ചു. മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന് സംവിധാനമൊരുക്കുന്ന അനുച്ഛേദം 32 ഭരണഘടനയുടെ ആത്മാവും ജീവനുമാണെന്ന് അംബേദ്കർ പറഞ്ഞതിന്റെ അർഥം കോടതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
കേശവാനന്ദ വിധിപ്രസ്താവം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഭൂരിപക്ഷത്തിനൊപ്പം നിൽക്കാതിരുന്ന എ.എൻ. റേ ചീഫ് ജസ്റ്റിസായി നിയമിതനായി. മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്നുള്ള നിയമനമായിരുന്നു അത്. മൂവരും രാജിവെച്ചു. ഭരണഘടനയെന്ന ചഷകത്തിൽ രാഷ്ട്രീയം തുള്ളിത്തുളുമ്പിയ കേസായിരുന്നു കേശവാനന്ദ ഭാരതി. അതിന്റെ അലയൊലികൾ അടിയന്തരാവസ്ഥയോളം നീണ്ടു. പാർലമെന്റിന്റെ ആധിപത്യത്തിലും ഭരണകൂടത്തിന്റെ പരമാധികാരത്തിലും വിശ്വാസം അർപ്പിക്കുകയോ വിശ്വാസം നടിക്കുകയോ ചെയ്ത ചീഫ് ജസ്റ്റിസ് റേ ഭരണഘടനയിലെ അക്ഷരങ്ങൾ മങ്ങുകയും മൗലികാവകാശങ്ങൾ അഗോചരമാകുകയും ചെയ്ത അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ ഹേബിയസ് കോർപസ് കേസിൽ ഇന്ദിര ഗാന്ധിക്ക് തൃപ്തികരമായ വിധിയെഴുതി ഭരണകൂടത്തിന് പ്രിയങ്കരനായി.
അടിയന്തരാവസ്ഥയിൽ കേശവാനന്ദ വിധി പുനഃപരിശോധിക്കാൻ റേ ശ്രമം നടത്തി. പതിമൂന്നംഗ ബെഞ്ച് അതിനായി രൂപവത്കരിക്കപ്പെട്ടു. കേശവാനന്ദക്കെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ഭൂരിപക്ഷവിധിയുടെ ശിൽപിയായ പാൽക്കിവാലതന്നെ എത്തി. 1975 നവംബർ 10ന് സുപ്രീംകോടതിയിൽ പാൽക്കിവാല നടത്തിയ പ്രസംഗം ആ കോടതിയുടെ ചരിത്രത്തിൽ അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ലാത്ത വിധം േശ്രഷ്ഠവും സമുജ്ജ്വലവുമായിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുട്ടിൽ സിസെറോയെ അനുസ്മരിപ്പിക്കുന്ന സ്വാതന്ത്ര്യ പ്രഘോഷണമായിരുന്നു പാൽക്കിവാലയുടെ പ്രഭാഷണം. അടുത്ത ദിവസം അറ്റോണി ജനറലിനെ കോടതി കേട്ടു. അതിനടുത്ത ദിവസം ബെഞ്ച് പിരിച്ചുവിട്ടതായി ചീഫ് ജസ്റ്റിസ് നാലു വാക്കിൽ പ്രഖ്യാപനം നടത്തി. കേശവാനന്ദയുടെ രൂപവും ഭാവവും സംരക്ഷിതമായി.
ഇന്ദിര ഗാന്ധി അതുകൊണ്ട് അടങ്ങിയില്ല. നാൽപത്തിരണ്ടാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതോടെ കേശവാനന്ദ ഭാരതി ഏതാണ്ട് അപ്രസക്തമായി. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അപരിമിതമായ അധികാരമായി. ഇന്ദിര ഗാന്ധിയുടെ അടിയന്തരവാഴ്ച അവസാനിച്ചതിനുശേഷമാണ് ഭരണഘടന തേച്ചുമിനുക്കിയെടുക്കുന്നതിനുള്ള ശ്രമമുണ്ടായത്. അടിയന്തരാവസ്ഥക്കുശേഷം അമേരിക്കയിൽ അംബാസഡറായി നിയമിതനായ പാൽക്കിവാല പദവിയൊഴിഞ്ഞ് കേശവാനന്ദക്കുവേണ്ടി സുപ്രീംകോടതിയിലെത്തി. ഫീസിനുവേണ്ടിയുള്ള വരവായിരുന്നില്ല അത്. 42ാം ഭേദഗതിയെ ചോദ്യംചെയ്യുന്നതിന് കോടതിയിൽ തീർപ്പാകാതെ കിടന്നിരുന്ന മിനർവ മിൽസ് കേസ് പൊടിതട്ടിയെടുത്തു. ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ്, പി.എൻ. ഭഗവതി, എ.സി. ഗുപ്ത, എൻ.എൽ. ഉന്ത്വാലിയ, പി.എസ്. കൈലാസം എന്നിവർ ചേർന്ന ബെഞ്ച് വാദം കേട്ടു. ഭരണഘടനാ ഭേദഗതിയെ സംബന്ധിച്ച് കേശവാനന്ദ ഭാരതി ഏർപ്പെടുത്തിയ നിയന്ത്രണം മിനർവ മിൽസിൽ പുനഃസ്ഥാപിതമായി. ഗില്ലറ്റിൻ ചെയ്യപ്പെട്ടുപോകുമായിരുന്ന കേശവാനന്ദ ഭാരതി രക്ഷിക്കപ്പെട്ടു എന്നു മാത്രമല്ല ജുഡീഷ്യൽ റിവ്യൂ എന്ന അധികാരത്തിലൂടെ സുപ്രീംകോടതിയുടെ പരമാധികാരം ഉറപ്പിക്കപ്പെടുകയും ചെയ്തു.
സമകാലികമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിലാണ് കേശവാനന്ദ ഭാരതിയുടെ പ്രസക്തി. കൊളീജിയം സമ്പ്രദായത്തിന്റെ വിമർശകനായി മാറിയ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഇടക്കിടെ ഉതിർക്കുന്ന വെടികൾക്ക് കരുത്ത് പകർന്നുകൊണ്ട് കേശവാനന്ദ കേസിലെ വിധിയുടെ സാധുതതന്നെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജ്യസഭയിൽ ചോദ്യംചെയ്തു. ഇന്ദിര ഗാന്ധിയുടെ വിമർശനത്തിന്റെ തുടർച്ചയായി അത് നമുക്കനുഭവപ്പെട്ടു. കേശവാനന്ദക്കപ്പുറം ഗോലക് നാഥിന്റെ സാധുതയെത്തന്നെ ചോദ്യംചെയ്യുന്നതായി ഉപരാഷ്ട്രപതിയുടെ വാക്കുകൾ. ഭരണഘടന വിഭാവനചെയ്യുന്ന രോധ–പ്രതിരോധത്തിലൂടെയുള്ള തുലനം സാധ്യമാകണമെങ്കിൽ മൂന്നു ഭരണവിഭാഗങ്ങൾക്കും മേലേ ഭരണഘടന പ്രതിഷ്ഠിതമാകണം. ഭരണഘടനയുടെ സൃഷ്ടിയാണ് പാർലമെന്റ് എന്നു കോടതി പറഞ്ഞാൽ കോടതിയുടെ അവസ്ഥയും അതുതന്നെ എന്നു പറയേണ്ടിവരും. എല്ലാറ്റിനും ആധാരമാകുന്നതും എല്ലാറ്റിനും മേലേ നിൽക്കുന്നതും ഭരണഘടനയാണ്.
ഭരണഘടന ഭേദഗതി ചെയ്ത് പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം 2015ൽ സുപ്രീംകോടതി അസാധുവാക്കിയത് കേശവാനന്ദ ചിട്ടപ്പെടുത്തിയ ബേസിക് സ്ട്രക്ചർ സിദ്ധാന്തത്തിന് അത് അനുസൃതമല്ലെന്ന കാരണത്താലായിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ബേസിക് സ്ട്രക്ചറിന്റെ ഭാഗമാണ്. അത് കോടതി കൂടക്കൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ജഡ്ജിമാർ പറയുന്നതെന്തോ അതാണ് ഭരണഘടന എന്നു പറയുമ്പോലെ ജഡ്ജിമാർ സന്ദർഭത്തിനും താൽപര്യങ്ങൾക്കും യോജിച്ച രീതിയിൽ പറയുന്നതെന്തോ അതാണ് ബേസിക് സ്ട്രക്ചർ. മൗലികാവകാശക്കേസ് എന്ന് കേശവാനന്ദക്ക് പേരുണ്ടെങ്കിലും മൗലികാവകാശങ്ങൾ ബേസിക് സ്ട്രക്ചറിന്റെ ഭാഗമായി കോടതി പ്രഖ്യാപിച്ചില്ല. 1977ലെപ്പോലെ സമ്മതിദാനത്തിന്റെ കൈക്കരുത്തിലാണ് ജനാധിപത്യത്തിലെ സ്വാതന്ത്ര്യവും അവകാശങ്ങളും പരിരക്ഷിക്കപ്പെടുന്നതെന്ന് പറയുന്നത് കേശവാനന്ദയുടെ ചരിത്രപരമായ പ്രാധാന്യത്തെ ഇകഴ്ത്തുന്നതിനു വേണ്ടിയല്ല. പ്രഖ്യാപിച്ചത് നഷ്ടമാകാതിരിക്കുന്നതിനും നഷ്ടമായത് വീണ്ടെടുക്കുന്നതിനും കേശവാനന്ദ സഹായകമായില്ലെന്നത് പ്രസക്തമായ വിമർശനമാണ്. പുര കത്തുമ്പോൾ കഴുക്കോൽ മാത്രമായി സംരക്ഷിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.