അസാധു നോട്ട്: മൂന്നിലൊന്ന് ഡിജിറ്റല്‍ കറന്‍സിയാകും

ന്യൂഡല്‍ഹി: അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ക്കു പകരം തത്തുല്യ തുകയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അച്ചടിക്കില്ല. 15.44 ലക്ഷം കോടി രൂപക്കുള്ള 500, 1000 രൂപ നോട്ടാണ് അസാധുവാക്കിയത്. ഇതില്‍ ഒരുപങ്ക് ഡിജിറ്റല്‍ പണമിടപാട് രീതിയിലേക്ക് മാറ്റുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

വ്യവസായി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സര്‍ക്കാറിന്‍െറ ഭാവിനടപടി ധനമന്ത്രി വിശദീകരിച്ചത്. പണഞെരുക്കം സര്‍ക്കാറിനും ജനത്തിനും മുന്നില്‍ വലിയ പ്രതിസന്ധിയാണെങ്കിലും നോട്ട് അസാധുവാക്കിയ നടപടിയെ ധീരമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. അത്തരം തീരുമാനമെടുക്കാനും ധീരമായി പരീക്ഷിക്കാനും ഇന്ത്യക്കും സര്‍ക്കാറിനും ശേഷിയുണ്ട്.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമാവുമ്പോഴും മിക്കവാറും മുഴുവന്‍ പണമിടപാടിനും നോട്ടുതന്നെ വേണമെന്ന സ്ഥിതിയാണ്. അതു പറ്റില്ല. കൂടുതല്‍ കറന്‍സിയും നോട്ടിന്‍െറ രൂപത്തില്‍ തുടരുന്നത് സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. നികുതിവെട്ടിപ്പ്, കള്ളപ്പണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ വര്‍ധിക്കുന്നത് അതുകൊണ്ടാണ്.

പണമിടപാടിന് നോട്ട് വേണം. എന്നാല്‍, അതിന്‍െറ അളവ് മുമ്പത്തെപ്പോലെ വേണ്ട. നോട്ടിന്‍െറ എണ്ണം പരിമിതപ്പെടുത്തി ബാക്കി പണമിടപാട് ഡിജിറ്റല്‍ കറന്‍സിയില്‍ നടക്കണം. 75 കോടി വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലുള്ളത്. അതിനുപുറമെ ഇവാലറ്റും മറ്റുമുണ്ട്.
 ഇതുവഴി ഡിജിറ്റല്‍ പണമിടപാട് വര്‍ധിക്കും. കഴിഞ്ഞ അഞ്ചാഴ്ചക്കിടയില്‍ നേടിയ പുരോഗതി എടുത്തുപറയേണ്ടതാണ്. ഒരു വിഭാഗം പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കു മാത്രമാണ് എന്താണ് നടക്കുന്നതെന്ന് ഇനിയും പിടികിട്ടാത്തത്.

അസാധുനോട്ടുകളില്‍ വിപണിയിലേക്ക് തിരിച്ചത്തെിക്കുന്ന നോട്ടുകള്‍ അച്ചടിച്ച് വിതരണംചെയ്യുന്ന ജോലി തീരാന്‍ ഏറെക്കാലം വേണ്ട. ദിവസവും റിസര്‍വ് ബാങ്ക് പുതിയ നോട്ടുകള്‍ വിപണിയിലേക്ക് നല്‍കുന്നുണ്ട്. വൈകാതെ ഈ പ്രക്രിയ പൂര്‍ത്തിയാക്കും. ഇതോടെ പുതിയ രീതി വരും. ഇതുകൊണ്ട് ദീര്‍ഘകാല നേട്ടമുണ്ടാകുമെന്ന് വ്യക്തമാണ് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റലാകുന്നത് അഞ്ചു ലക്ഷം കോടിയോളം കറന്‍സി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നീക്കമനുസരിച്ച് അഞ്ചു ലക്ഷം കോടിയോളം വരുന്ന കറന്‍സി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. പിന്‍വലിച്ചതിന്‍െറ മൂന്നില്‍ രണ്ടു ഭാഗം ഫെബ്രുവരിക്കുമുമ്പ് വിപണിയിലത്തെും. ഇതോടെ പുതിയ നോട്ടിറക്കല്‍ പ്രക്രിയ അവസാനിപ്പിക്കാനാണ് നീക്കം. ബാക്കി മൂന്നിലൊന്നുഭാഗം ഡിജിറ്റല്‍ കറന്‍സിയായി മാറും.

1,716.50 കോടി വരുന്ന 500 രൂപ നോട്ടുകളും 685.80 കോടി 1,000 രൂപ നോട്ടുകളുമാണ് നവംബര്‍ എട്ടിന് പ്രചാരത്തില്‍ ഉണ്ടായിരുന്നത്.
അഞ്ചാഴ്ച പിന്നിട്ടപ്പോള്‍ 2000, 500, 100, 50 എന്നിങ്ങനെ അഞ്ചു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലത്തെി. ഡിസംബര്‍ കഴിയുന്നതോടെ പരമാവധി രണ്ടര ലക്ഷം കോടി രൂപക്കുള്ള നോട്ടുകള്‍ കൂടി അച്ചടിച്ചുതീരും. ജനുവരിയില്‍ വീണ്ടുമൊരു രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ കൂടി അച്ചടിക്കാന്‍ സാധിക്കും.

കറന്‍സിയുടെ ഡിജിറ്റല്‍ രൂപത്തില്‍ അച്ചടിച്ചെലവ് ലാഭിക്കുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഡിജിറ്റല്‍ പണമിടപാടിന് നീക്കിവെക്കുന്ന ഈ കറന്‍സിയുടെ വിനിമയത്തിന് സര്‍വിസ് ചാര്‍ജ് ഈടാക്കും.

ഡിജിറ്റല്‍ കറന്‍സിയില്‍ ചെറിയൊരു പങ്കു മാത്രമാണ് സര്‍ക്കാറിന്‍െറയും ബാങ്കുകളുടെയും നിയന്ത്രണത്തില്‍ ഉണ്ടാവുക. ബാക്കി കറന്‍സിയുടെ വിനിമയം ആഭ്യന്തര, വിദേശ സ്വകാര്യ കമ്പനികള്‍ക്ക് പോകും. വിസ, മാസ്റ്റര്‍ കാര്‍ഡ്, പേടിഎം, ജിയോ മണി തുടങ്ങിയവ ഉദാഹരണങ്ങളാണ്.
അവര്‍ വ്യാപാരികളില്‍നിന്നും ഉപഭോക്താക്കളില്‍നിന്നും ഈടാക്കുന്ന സര്‍വിസ് ചാര്‍ജില്‍ ഒരു പങ്ക് സര്‍ക്കാര്‍ ഖജനാവിലത്തെും. ബാക്കി കമ്പനികളുടെ ലാഭമായി മാറും.

 നോട്ട് മുഖേനയുള്ള പണമിടപാടില്‍ സര്‍ക്കാറും റിസര്‍വ് ബാങ്കും ഉത്തരവാദപ്പെട്ട ഇടനിലക്കാരായി നില്‍ക്കുന്നുവെങ്കില്‍ ഡിജിറ്റല്‍ പണമിടപാടില്‍ ഈ റോളിലേക്ക് സ്വകാര്യ കമ്പനികള്‍കൂടി കടന്നുവരുകയാണ്. ഡിജിറ്റല്‍ പണമിടപാടിന്‍െറ ഭദ്രത, കമ്പനികളുടെ ഉത്തരവാദിത്തം എന്നിവ ഇതിനകംതന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

Tags:    
News Summary - 1 by 3 become digital currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.